Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സ്വർണ്ണക്കടത്തിന് സഹായികളായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത് എംഎൽഎമാർ; ഒരു എംഎൽഎയുടെ മരുമകൻ ഹവാലകേസിൽ സൗദിയിൽ ജയിലിൽ; സ്വർണകടത്ത് കേസിലെ പ്രതിയെ കോഫാപോസ കേസിൽ നിന്ന് കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കത്തെഴുതിയിരുന്നു; കോടിയേരിയുടെ മിനി കൂപ്പർ യാത്രയും, ഫായിസ് അറബിവേഷത്തിൽ ടിപി വധക്കേസ് പ്രതികളെ സന്ദർശിച്ചതും ബന്ധത്തിന് തെളിവ്'; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം വൻ വിവാദത്തിലേക്ക്

'സ്വർണ്ണക്കടത്തിന് സഹായികളായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് ഇടത് എംഎൽഎമാർ; ഒരു എംഎൽഎയുടെ മരുമകൻ ഹവാലകേസിൽ സൗദിയിൽ ജയിലിൽ; സ്വർണകടത്ത് കേസിലെ പ്രതിയെ കോഫാപോസ കേസിൽ നിന്ന് കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കത്തെഴുതിയിരുന്നു; കോടിയേരിയുടെ മിനി കൂപ്പർ യാത്രയും, ഫായിസ് അറബിവേഷത്തിൽ ടിപി വധക്കേസ് പ്രതികളെ സന്ദർശിച്ചതും ബന്ധത്തിന് തെളിവ്'; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം വൻ വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുഎഇ നയതന്ത്രബാഗേജിന്റെ മറവിൽ 30കോടിയുടെ സ്വർണ്ണകള്ളക്കടത്തിന്റെ ഉന്നതതല ആസൂത്രണങ്ങളെക്കുറിച്ച് വൻ വിവാദം നടക്കുകയാണ്. സ്വപ്ന സുരേഷിന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇതിന്റെ ആസൂത്രകർ കോഴിക്കോട് കൊടുവള്ളി സംഘമാണെന്നും സൂചനകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വൻ ആരോപണങ്ങളുമായി യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എത്തുന്നത്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് പി കെ ഫിറോസ് കോഴിക്കോട് ജില്ലയിലെ രണ്ട് ഇടതുപക്ഷ എംഎൽഎമാർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.

'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വർണങ്ങൾ സ്വർണ ഇടപാടുകാർക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എംഎൽഎമാരാണെന്ന് സംശയിക്കുന്നു. നേരത്തെ സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്തുകാരന്റെ മിനി കൂപ്പറിൽ യാത്ര ചെയ്തതും സിപിഎം ജില്ല സെക്രട്ടറി മോഹനൻ മാസറ്ററെ ജയിലിൽ ചെന്ന് സ്വർണകടത്തുകാരൻ സന്ദർശിച്ചതും സിപിഎമ്മിന് സ്വർണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്.

ഒരു ഇടതുപക്ഷ എംഎൽഎയുടെ മരുമകൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ ആണ്. മറ്റൊരു സ്വർണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എംഎൽഎമാർ കോഫാപോസ കേസിൽ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.'- പി കെ ഫിറോസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഹവാല ഇടപാടുകാരുമായും സ്വർണക്കടത്തുകാരുമായുമുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സിപിഎമ്മിനും സിപിഎമ്മിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും തെരെഞ്ഞെടുപ്പുകളിലും പിആർ വർക്കിനും പണം ചിലവഴിക്കുന്നത് ഹവാല - സ്വർണക്കടത്ത് സംഘങ്ങളാണെന്നും ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിട്ടാലല്ലാതെ ഇക്കാര്യങ്ങൾ ഒന്നും പുറത്ത് വരില്ല. മ യു.എ.ഇ കോൺസുലേറ്റിൽ ജോലിയിൽ പ്രവേശിക്കാൻ സമർപ്പിക്കേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് സ്വപ്ന സുരേഷിന് ലഭിച്ചത് എങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.എംബസിയിലും കോൺസുലേറ്റിലും ജോലിയിൽ ഇരിക്കണമെങ്കിൽ ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനകം ഹോം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം.

ഉന്നതബന്ധമില്ലാതെ കളങ്കിതയായ സ്വപ്ന സുരേഷിന് ഇത് ലഭ്യമാകില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷിന് ലഭ്യമാകാൻ കാരണമെന്ന് ന്യായമായും സംശയിക്കുന്നു.സ്വപ്ന സുരേഷിനെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ നിയമിച്ചിട്ടില്ലായെന്ന വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്‌പെയ്‌സ് പാർക്കിന്റെ ഓപ്പറേഷൻ മാനേജർ എന്ന നിലയിലാണ് അവർ പ്രവർത്തിച്ചതെന്നത് വ്യക്തമാണ്. - പി കെ ഫിറോസ് വ്യക്തമാക്കി.

ഫിറോസ് എംഎൽഎമാരുടെ പേര് പറയുന്നില്ലെങ്കിലും ആരോപണവിധേയർ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രരായി വിജയിച്ച് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെയും കുന്ദമംഗലം എംൽഎ പിടിഎ റഹീമിനെയുമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ഇവർ രണ്ടുപേരും കോഫപോസ കേസിലെ പ്രതികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് ഹവാല കുഴൽപ്പണ ഇടപാടുകളുടെ പേരിൽ നേരത്തെ തന്നെ ആരോപണ വിധേയനാണ്. ഏറ്റവും വിചിത്രം ഇവർ രണ്ടുപേരും മുസ്ലിംലീഗിൽനിന്ന് തെറ്റി ഇടതുപക്ഷത്ത് എത്തിയവർ ആണ് എന്നതാണ്.

മുസ്ലിം ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 10 വർഷം കൊടുവള്ളി പഞ്ചായത്തംഗമായും പ്രവർത്തിച്ച കാരാട്ട് റസാഖ് ലീഗ് വിട്ടത് 2016ലെ നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെ തുടർന്ന്. 2006ൽ പി.ടി.എ.റഹീം മുസ്ലിം ലീഗുമായി പിണങ്ങി മത്സരിക്കാനിറങ്ങിയപ്പോൾ കൊടുവള്ളിയിൽ ലീഗിനെ നയിച്ചത് റസാഖ് ആയിരുന്നു. കെ. മുരളീധരനെ തോൽപിച്ച് റഹീം നിയമസഭയിലെത്തി.

2011ൽ വി എം.ഉമ്മർ കൊടുവള്ളിയിൽ ലീഗിനായി മത്സരിച്ചപ്പോഴും ചുക്കാൻ പിടിക്കാൻ കാരാട്ട് റസാഖുമുണ്ടായിരുന്നു.2016ൽ വി എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി. പകരം, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ കൊടുവള്ളിയിൽ സ്ഥാനാർത്ഥിയാക്കി. അതോടെ, ലീഗിന്റെ മണ്ഡലം ജനറൽ സെക്രട്ടറി പദവി രാജിവച്ച് കാരാട്ട് റസാഖ് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയാവുകയായിരുന്നു. മുസ്ലിം ലീഗിൽനിൽക്കുമ്പോൾ തന്നെ കാരാട്ട് റസാഖിന്റെ പേരിൽ കള്ളക്കടത്ത് ആരോപണങ്ങൾ നിരവധി ഉണ്ടായിരുന്നു. കൊടുവള്ളിയിലെ വിൻസന്റ് ഗോമസ് എന്നാണ് ഒരുകാലത്ത് ഇയാൾ അറിയപ്പെട്ടിരുന്നത്.

കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ ഒപ്പംനിന്നു ഗൾഫ് സന്ദർശനവേളയിൽ എടുത്ത പടം പുറത്തുവന്നത് ഇടതു സ്വതന്ത്രരായ കാരാട്ട് റസാഖിനെയും പി.ടി.എ.റഹീം എംഎൽഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി അബുലൈസ് മുങ്ങി നടക്കുമ്പോഴായിരുന്നു പടംപിടിത്തം. പിന്നീട്, അബുലൈസിനെ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവിലാക്കരുതെന്നു കാണിച്ച് ആഭ്യന്തര വകുപ്പിനു കത്തു നൽകിയ സംഭവത്തിലും പിടിഎ റഹീമിനൊപ്പം കാരാട്ട് റസാഖും വിവാദത്തിൽ പെട്ടു. ഇതെല്ലാം ഇപ്പോൾ നവമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ പൊതുവേ മാന്യൻ എന്ന് അറിയപ്പെടുന്ന്

അതോടൊപ്പം മുസ്ലീലീഗിന് ഇത് പറയാൻ എന്ത് ധാർമ്മികതയാണ് എന്ന് ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. കാരണം ഇവരെല്ലാം നേരത്തെ മുസ്ലീലീഗ് നേതാക്കൾ ആയിരുന്നു. അതുപോലെതന്നെ മലബാറില സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിക്കുന്നതും ചില മുസ്ലീലീഗ് നേതാക്കൾ ആണെന്നും ആരോപണം ഉണ്ട്. സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻഐഐ സംഘത്തിന് ഇതെല്ലാം ചരുളഴിക്കാൻ കഴിയുമോ എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP