Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്.. ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു; ശരി മാഡം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു...പിന്നീടൊന്നും എനിക്കറിയില്ല....'; സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ പറയുന്ന വറീഡായ ഡിപ്ലോമാറ്റ് ആരാണ്; ബാഗേജ് അയച്ചത് ആര്... തുറക്കാൻ സ്വപ്നയെ വിളിച്ചത് എന്തിന്; സരിത്തും സ്വപ്‌നയും ചെറിയ മീനുകൾ; യുഎഇ സ്വർണക്കടത്തുകേസുകളിലെ വലിയ മീനുകൾ എൻഐഎയുടെ വലയിലാവുമോ?

'യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്.. ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു; ശരി മാഡം എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു...പിന്നീടൊന്നും എനിക്കറിയില്ല....'; സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ പറയുന്ന വറീഡായ ഡിപ്ലോമാറ്റ്  ആരാണ്; ബാഗേജ് അയച്ചത് ആര്... തുറക്കാൻ സ്വപ്നയെ വിളിച്ചത് എന്തിന്; സരിത്തും സ്വപ്‌നയും ചെറിയ മീനുകൾ; യുഎഇ സ്വർണക്കടത്തുകേസുകളിലെ വലിയ മീനുകൾ എൻഐഎയുടെ വലയിലാവുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗേജിന്റെ മറവിൽ 30 കോടിയുടെ സ്വർണം കടത്തിയ കേസിന്റെ ഉന്നതലതല രാജ്യാന്തര ബന്ധങ്ങൾ ചർച്ചയാവുന്നു. എല്ലാവിധ നിയമങ്ങളെയും മറികടന്ന് ഇത്രയും വലിയൊരു കള്ളക്കടത്ത് നടത്തിയതിന്റെ പിന്നിലെ ആസൂത്രകരെ കണ്ടെത്തുക എന്ന വലിയ ദൗത്യം തന്നെയാണ് എൻഐയുടെയും മുന്നിലുള്ളത്. സ്വപ്ന സുരേഷിന്റെതായി 24 ന്യൂസ് പുറത്തുവിട്ട ശബ്ദരേഖ സ്വർണക്കടത്തിന് പിന്നിൽ യുഎഇ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന അനുമാനത്തിന് ബലം നൽകുകയാണ്.

'ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു...അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു...അവിടുത്തെ എ സി രാമമൂർത്തി സാറിനോട് ചോദിച്ചു...യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു...ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു...പിന്നീടൊന്നും എനിക്കറിയില്ല....' എന്നാണ് ശബ്ദരേഖയിൽ സ്വപ്ന പറയുന്നത്. സ്വപ്നയുടെ ഈ വെളിപ്പെടുത്തലാണ് സ്വർണക്കടത്തിനു പിന്നിൽ യുഎഇയിലെ ഏതോ ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് ഈ ശബ്ദരേഖയിലൂടെ സ്വപ്ന സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്തായാലും സ്വപ്നയും സരിത്തും മാത്രം വിചാരിച്ചാൽ ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയില്ല എന്ന് വ്യക്തമാണ്.

ബാഗേജ് അയക്കാൻ അനുമതി കിട്ടിയത് എങ്ങനെ?

ഈ കേസ് ഉയർന്നു വന്നതു മുതൽ എല്ലാവരും വിരൽ ചൂണ്ടിയൊരു സംശയം യുഎഇയിൽ നിന്നും തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക് ഒരു ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്പോൾ അതിന് യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി പത്രം ആവശ്യമായി വരികയില്ലേ എന്നതായിരുന്നു. കള്ള സ്വർണം അടങ്ങിയ ബാഗേജിന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിരുന്നുതാനും. നയതന്ത്രബന്ധത്തിലുള്ള രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരിടത്തു നിന്നും മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ നയതന്ത്രകാര്യ ഓഫിസിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ ഏതൊന്ന് അയക്കണമെങ്കിലും അതിന് ഔദ്യോഗിക അനുമതി വേണം. ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്പോൾ, ഏതു രാജ്യത്ത് നിന്നാണോ അത് അയക്കുന്നത് അതിനായി ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്, എങ്ങോട്ടാണോ അയക്കുന്നത്, അത് ആ രാജ്യത്ത് എത്തുമ്പോൾ സ്വീകരിക്കാൻ അവിടെയുള്ള കോൺസുലേറ്റിന്റെയോ നയതന്ത്ര പ്രതിനിധിയുടെയോ കത്ത്, ഈ രണ്ട് അനുമതികളും വേണമെന്നിരിക്കെ 30 കിലോ സ്വർണം എങ്ങനെ യുഎഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമായി സ്വപ്നയുടെ വെളിപ്പെടുത്തലിലെ 'യുഎഇ ഡിപ്ലോമാറ്റി'നെ കരുതാം.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയോടെയാണ് സ്വർണം ഒളിപ്പിച്ച ബാഗ് വിമാനം കയറിയതെന്നത് വ്യക്തമായിട്ടുമുണ്ട്. ബാഗ് അയക്കുന്നത് അനുമതി നൽകിക്കൊണ്ടുള്ള കത്താണ് ഇതിന് തെളിവ്. എന്നാൽ ഒരു ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്പോൾ അതിനുള്ളിൽ എന്താണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിവുണ്ടായിരിക്കണം. അങ്ങനെയെങ്കിൽ 30 കിലോ സ്വർണം അതിനുള്ളിലുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിരുന്നുവെന്ന് അനുമാനിക്കേണ്ടി വരും. എന്നാൽ യുഇഎ പറയുന്നത് തങ്ങൾക്ക് ഈ വിവരം അറിവുണ്ടായിരുന്നില്ലെന്നാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ യുഇഎയും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഔദ്യോഗിക അനുമതി നേടിയെടുത്തശേഷം നടന്നിരിക്കുന്ന തിരിമറിയാണ് സ്വർണം കടത്തലിൽ സംഭവിച്ചിരിക്കുന്നതെന്നാണ് യുഇഎ പറയുന്നത്. അങ്ങനെയെങ്കിൽ യുഎഇ വിദേശകാര്യ മന്ത്രാലയത്തെയും കബളിപ്പിച്ച് ഡിപ്ലോമാറ്റിക് ബാഗേജിൽ തിരുവനന്തപുരത്തേക്ക് 15 കോടിയുടെ സ്വർണ കടത്തിവിടാൻ സഹായം ചെയ്തുകൊടുത്തിരിക്കുക തീർച്ചയായും സ്വപ്ന പറഞ്ഞ യുഎഇ ഡിപ്ലോമാറ്റ് തന്നെയായിരിക്കും.

ആരാണ് ഈ യുഎഇ ഡിപ്ലോമാറ്റ് എന്നാണ് ഇനി അന്വേഷിക്കേണ്ടത്. പ്രസ്തുത വ്യക്തിയുടെ ആവശ്യപ്രകാരം സ്വപ്ന വിളിച്ചതെന്നു പറയുന്നത് കസ്റ്റംസ് അസി. കമ്മിഷൺ രാമമൂർത്തിയെയാണ്. സ്വർണക്കടത്ത് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് അസി. കമ്മിഷണർ രാമമൂർത്തിയെന്നു പറയുന്നു. ഡിപ്ലോമാറ്റ് ബാഗേജ് വേഗം വിട്ടുകിട്ടാൻ വേണ്ടി പലരും തങ്ങളെ വിളിച്ചിരുന്നുവെന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിന്റെ വാക്കുകളും ഇതിനോട് ചേർത്തുവച്ചു വായിക്കണം. ഒരു ഡിപ്ലോമാറ്റ് ബാഗേജിനു വേണ്ടി എന്തിനിത്രയധികം അമിത താത്പര്യം കാണിക്കുന്നുവെന്ന സംശയമാണ് സ്വർണക്കടത്ത് കണ്ടെത്താൻ കസ്റ്റംസിന് സഹായകമായതെന്നും സുമിത് കുമാർ പറയുന്നുണ്ട്.

ബാഗേജ്, അയച്ച ഫാസിൽ ആര്?

യുഎഇയിൽ പ്രൊവിഷൻ ഷോപ്പ് നടത്തുന്ന ഫാസിൽ വഴിയാണ് ബാഗേജ് അയച്ചത്. കോൺസുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളെന്നാണ് ഇതിൽ കാണിച്ചിട്ടുള്ളത്. ഈന്തപ്പഴം, പാൽപ്പൊടി, ഓട്സ്, മാഗി, കറി പാക്കറ്റ്, ബട്ടർ കുക്കീസ്, നൂഡിൽസ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോൺസുലേറ്റ് ഓർഡർ നൽകിയിരുന്നത്. എന്നാൽ, ബാഗേജിൽ ഭക്ഷ്യവസ്തുക്കൾക്കൊപ്പം 14.82 കോടി വിലമതിക്കുന്ന 30244.900 ഗ്രാം സ്വർണവും നിറച്ചു. സ്വർണം കൊണ്ടുവന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺസുലേറ്റ് അധികൃതർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

നയതന്ത്ര ബാഗേജ് കൊണ്ടുപോകേണ്ടത് കോൺസുലേറ്റിന്റെ വാഹനത്തിലാണ്. എന്നാൽ, സരിത് സ്വന്തം വാഹനത്തിലാണ് ബാഗ് കൊണ്ടുപോകാൻ എത്തിയത്. അതിനിടെ സ്വർണക്കടത്ത് പിടികൂടിയതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്ത് പ്രധാന തെളിവുകൾ നശിപ്പിച്ചതായി കണ്ടെത്തി. സ്വർണം കടത്താൻ സ്വപ്നയെ ആരാണ് സഹായിച്ചതെന്ന് കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോൺസുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ ഇവരെ സഹായിച്ചതായി സൂചനയുണ്ട്. കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് ഒപ്പിട്ടുവാങ്ങിയത് സരിത്താണ്. കോൺസുലേറ്റ് പിആർഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്തുനിന്ന് സ്വർണം അയച്ചത് ആരാണ്, ആർക്കുവേണ്ടി, കൂട്ടാളികൾ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്ക് സരിത് വ്യക്തമായ മറുപടി നൽകിയില്ല. കേസ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയംകൂടിയായതിനാൽ പിഴവില്ലാത്ത അന്വേഷിക്കേണ്ടതുണ്ടെന്നതിലാണ് എൻഐഎക്ക് വിട്ടത്.

ബാഗേജ് തുറക്കാൻ സ്വപ്നയെ വിളിച്ചത് എന്തിന്?

തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണമാണെന്ന വിവരം അറിയില്ലെന്നും സ്വപ്ന പറയുമ്പോൾ, അവിടെ മറ്റൊരു സംശയമുയരുന്നുണ്ട്. സ്വപ്ന നിലവിൽ യുഎഇ കോൺസുലേറ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ജീവനക്കാരിയല്ല. കോൺസുലേറ്റിലെ മുൻ സെക്രട്ടറിയാണെന്നു സ്വപ്ന തന്നെ ഈ ശബ്ദരേഖയിൽ സമ്മതിക്കുന്നുണ്ട്. സ്വർണക്കടത്തു കേസിൽ കുറ്റാരോപിതയാകുന്നതുവരെ സംസ്ഥാന സർക്കാരിനു കീഴിൽ വരുന്ന സ്‌പേസ് പാർക്കിലെ ഓപ്പറേഷൻസ് മാനേജറായിരുന്നു. കോൺസുലേറ്റുമായി ഇപ്പോൾ ബന്ധമില്ലാത്ത ഒരാളെ, ഡിപ്ലോമാറ്റിക് ബാഗേജിന് ക്ലിയറൻസ് കിട്ടിയില്ല, ഇടപെട്ട് ശരിയാക്കൂ എന്നു ഒരു ഡിപ്ലോമാറ്റ് വിളിച്ചു പറയാൻ എന്തായിരിക്കും കാരണം എന്നത് ഗൗരവമേറിയ ചോദ്യമാണ്.

സ്വർണം അടങ്ങിയ ബാഗേജ് വന്നത് തിരുവനന്തപുരത്തെ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലാണെന്നു പറയുന്നു. ഒന്നുകിൽ ആ ഉദ്യോഗസ്ഥന്റെ അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയോ വേണം ബാഗേജ് സ്വീകരിക്കാൻ. ബാഗേജിന് കസ്റ്റംസ് ക്ലിയറൻസ് കിട്ടാൻ കാലതാമസം വരികയാണെങ്കിൽ സ്വാഭാവികമായും ഇവിടെയുള്ള കോൺസുലേറ്റ് പ്രതിനിധിയെയാണ് യുഎഇ കോൺസുലേറ്റിൽ നിന്നും ബന്ധപ്പെടേണ്ടതും അവരാണ് ബന്ധപ്പെട്ട അധികൃതരെ വിളിച്ച് കാര്യമന്വേഷിക്കേണ്ടതും. കസ്റ്റംസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ട്രേഡ് യൂണിയൻ നേതാവിന് വരെ ഡിപ്ലോമാറ്റ് ബാഗേജ് വിമാനത്താവളത്തിൽ പിടിച്ചുവച്ചിരിക്കുന്നുവെന്ന കാര്യം അറിയാൻ കഴിഞ്ഞിട്ടും കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് ഈ വിവരം കിട്ടാതെ പോയത് എന്തുകൊണ്ടാണ്? എന്തിനായിരിക്കും തങ്ങളുടെ പ്രതിനിധികളെ വിളിക്കാതെ ഒരു മുൻ ജീവനക്കാരിയുടെ സഹായം തേടാൻ യുഎഇ ഡിപ്ലോമാറ്റ് ശ്രമിച്ചത്? സ്‌പേസ് പാർക്കിലെ ജീവനക്കാരിയായിരുന്നുകൊണ്ട് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് എന്തിന് ഇപ്പോഴും പ്രവർ്ക്കുന്നുവെന്നതിന് സ്വപ്ന നൽകുന്ന ഉത്തരം ശ്രദ്ധിക്കണം; 'ഞാൻ ജനിച്ചു വളർന്ന യുഎഇ യോടുള്ള സ്‌നേഹം കൊണ്ടാണ്, യുഎഇയെ ഞാൻ ചതിക്കില്ല' .

സ്വപ്നയെ പോലെ തന്നെ കോൺസുലേറ്റിലെ മുൻ പിആർഒ ആയ സരിത് കുമാറാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വീകരിക്കാൻ എത്തിയതെന്നതുമോർക്കണം. അതും കോൺസുലേറ്റിന്റെ വ്യാജ ഐഡി കാർഡുമായി. യുഎഇ ഔദ്യോഗികമായി പറഞ്ഞതുപോലെ ബാഗേജ് അയക്കാനുള്ള അനുമതി നൽകി കഴിഞ്ഞു നടന്നിരിക്കുന്ന കള്ളത്തരമാണിതെങ്കിൽ, അത് സംഭവിച്ചിരിക്കുന്നത് തീർച്ചയായും വിമാനത്തിൽ ബാഗേജ് കയറുന്നതിനും മുമ്പായിരിക്കും. ഇത്രകണ്ട് ഔദ്യോഗികമായൊരു കാര്യത്തിൽ പുറത്തു നിന്നൊരാൾക്ക് ഇടയ്ക്ക് കയറാൻ എന്തായാലും കഴിയില്ല. പ്രത്യേകിച്ച് നിയമങ്ങൾ ഏറെ കർശനമായ യുഎഇയിൽ. അതുപോലെ ഈ ബാഗേജ് കേരളത്തിൽ എത്തിയശേഷവും ചില ഇടപെടലുകൾ കഴിഞ്ഞതിനു മാത്രമായിരിക്കും കോൺസുലേറ്റിലേക്ക് എത്തുന്നതും.

അത് ഡിപ്ലോമാറ്റിക്ക് ബാഗേജ് അല്ലെന്ന് വി മുരളീധരൻ

ഇതിനിടയിൽ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരിക്കുന്നത് വന്നത് ഡിപ്ലോമാറ്റിഗ് ബാഗേജ് അല്ലെന്നാണ്. അന്താരാഷ്ട്രധാരണകൾ പ്രകാരമുള്ള സംരക്ഷണമില്ലാത്ത ഒന്ന്. അങ്ങനെയെങ്കിൽ ആ ബാഗേജ് തുറന്നു പരിശോധിക്കാൻ എന്തിനാണ് കസ്റ്റംസ് കോൺസുലേറ്റിന്റെ അനുമതി കാത്തതെന്ന ചോദ്യത്തിനും മന്ത്രി മറുപടി പറയുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു രാജ്യമെന്ന നിലയിലാണ് യുഎഇ കോൺസുലേറ്റിലേക്ക് വന്ന പാർസൽ എന്ന രീതിയിൽ വന്ന കള്ളക്കടത്ത് അവരുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തതെന്നാണ് മന്ത്രി പറയുന്നത്. മന്ത്രി പറയുന്നത് അവിശ്വസിക്കേണ്ടതില്ല. പക്ഷേ, മന്ത്രി പറഞ്ഞ വസ്തുതകൾ മറ്റു ചില കണ്ടെത്തലുകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

അന്താരാഷ്ട്ര കരാർ അനുസരിച്ച് ഡിപ്ലോമാറ്റിക് ബാഗുകളുടെ പുറത്ത് അതിന്റെ സ്വഭാവം വ്യക്തമാക്കുന്ന മുദ്രകൾ ഉണ്ടായിരിക്കണം. നയതന്ത്ര ആവശ്യത്തിന് മാത്രമായുള്ള രേഖകളും അതുപൊലെ ഔദ്യോഗിക രേഖകളും മാത്രമെ ഇങ്ങനെ അയക്കാവുവെന്ന കാര്യവും ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ യുഎഇയിൽ നിന്നും ഔദ്യോഗിക രേഖകളും നയതന്ത്ര ആവശ്യത്തിനുള്ള രേഖകളും മാത്രമെ ഇതുവരെ വന്നിട്ടുള്ളോ? വി മുരളീധരൻ പറഞ്ഞതുവച്ചാണെങ്കിൽ യുഎഇ കോൺസുലേറ്റിൽ വരുന്ന എല്ലാ പാർസലുകൾക്കും നയതന്ത്രപരിരക്ഷ കിട്ടിക്കാണും. അതിനുള്ളിലെന്താണെന്ന് ഇതുവരെ ആരും അന്വേഷിച്ചിട്ടുമുണ്ടാവില്ല.

സ്വർണക്കടത്തിനു പിന്നിലുള്ളവർക്കും ഇതെല്ലാം അറിയാവുന്നതാണ്. വിമാനത്താവളത്തിൽ യാതൊരു ചെക്കിങ് ഇല്ലാതെ തന്നെ യുഎഇയിൽ നിന്നും വരുന്ന ബാഗേജുകളും പാർസലുകളും സുഖമായി കൈയിൽ വരുമെന്നുള്ളതുകൊണ്ട് തന്നെയാകും സരിത്ത് ഇത്തവണയും ആത്മവിശ്വാസത്തോടെ വിമാനത്താവളത്തിലേക്ക് പോയത്. പക്ഷേ, അതിനിടയിൽ ഈ റാക്കറ്റിന് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികൾ ഇത്തവണ നേരിട്ടെന്നു മാത്രം. യുഎഇ ഡിപ്ലോമാറ്റ് വറീഡ് ആകുന്നതും സ്വപ്നയ്ക്കും വിളി വരുന്നതും സ്വപ്ന കസ്റ്റംസ് കമ്മിഷണറെ വിളിക്കുന്നതുമെല്ലാം അതോടെയാണ്. പക്ഷേ, കാര്യങ്ങൾ അവരുടെ കൈപ്പിടിയിൽ നിന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുത്താൽ സ്വർണക്കടത്ത് റാക്കറ്റിനു പിന്നിൽ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുണ്ട്. രണ്ട് രാജ്യങ്ങളെ കബളിപ്പിച്ചാണ് ഇവരിത്ര നാളും കള്ളക്കടത്ത് നടത്തിയിരുന്നതും. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന അന്വേഷണം സ്വപ്ന സുരേഷിലോ സരിത്തിലോ സന്ദീപിലോ എത്തി അവസാനിക്കേണ്ടതല്ല എന്നാണ് ഈ വിഷയം പഠിച്ചവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP