Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസുകാരെ തീറ്റിപ്പോറ്റിയിരുന്നത് താൻ തന്നെ; റെയ്ഡിനെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചതും പൊലീസുകാർ; പദ്ധതിയിട്ടിരുന്നത് മൃതദേഹങ്ങൾ കത്തിച്ച് സകല തെളിവുകളും നശിപ്പിക്കാനെന്നും വികാസ് ദുബെ; ചോര മരവിക്കുന്ന ക്രൂരകൃത്യങ്ങൾ അക്കമിട്ട് ഏറ്റുപറഞ്ഞ് കൊടുംകുറ്റവാളി

പൊലീസുകാരെ തീറ്റിപ്പോറ്റിയിരുന്നത് താൻ തന്നെ; റെയ്ഡിനെത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചതും പൊലീസുകാർ; പദ്ധതിയിട്ടിരുന്നത് മൃതദേഹങ്ങൾ കത്തിച്ച് സകല തെളിവുകളും നശിപ്പിക്കാനെന്നും വികാസ് ദുബെ; ചോര മരവിക്കുന്ന ക്രൂരകൃത്യങ്ങൾ അക്കമിട്ട് ഏറ്റുപറഞ്ഞ് കൊടുംകുറ്റവാളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റെയ്ഡിന് പൊലീസ് എത്തുന്ന വിവരം നേരത്തേ തന്നെ പൊലീസിലെ ചിലർ അറിയിച്ചിരുന്നെങ്കിലും കണക്കു കൂട്ടിയ സമയത്തിന് മുന്നേ സംഘം എത്തിയത് എല്ലാം അവതാളത്തിലാക്കിയെന്ന് കൊടുംകുറ്റവാളി വികാസ് ദുബെ. കൊലപ്പെടുത്തിയ പൊലീസുകാരുടെ മൃതശരീരങ്ങൾ കത്തിച്ച് എല്ലാ തെളിവുകളും നശിപ്പിക്കാനായിരുന്നു വികാസ് ദുബെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതികളെല്ലാം തകിടം മറിഞ്ഞതോടെ മൃതശരീരങ്ങൾ കിണറ്റിലെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു എന്നും വികാസ് ദുബെ അന്വേഷണ സംഘത്തോട് സമ്മതിച്ചു. പൊലീസ് സേനയിൽ തനിക്ക് വേണ്ടി പണിയെടുക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്ന സൂചന തന്നെയാണ് വികാസ് ദുബെ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തിന് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ എട്ട് പൊലീസുകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് വരുന്ന വിവരം പൊലീസിലെ ചിലരാണ് ചോർത്തി നൽകിയതെന്ന് ദുബെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഏറ്റുമുട്ടലിന് തയ്യാറായാണ് പൊലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. രാവിലെ റെയ്‌ഡ് നടക്കുമെന്നായിരുന്നു തങ്ങൾക്ക് കിട്ടിയ വിവരമെങ്കിലും എല്ലാം തകിടംമറിച്ച് പൊലീസ് രാത്രിയിൽതന്നെ വന്നു. തങ്ങൾ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. സംഘം എത്തുന്നതിന് മുമ്പ് തന്നെ കൂട്ടാളികളോടെല്ലാം വിവിധ ഭാഗങ്ങളിൽ പോയി നിലയുറപ്പിക്കാൻ താൻ തന്നെയാണ് പറഞ്ഞത്. രാജു എന്നയാളാണ് ജെസിബി റോഡിന് കുറുകെ നിർത്തിയിട്ടത്. ജെസിബിയുടെ ഉടമ തന്റെ അമ്മാവനാണെങ്കിലും അദ്ദേഹമല്ല ജെസിബി ഉപയോഗിച്ച് വഴി തടസപ്പെടുത്തിയതെന്നും ദുബെ പൊലീസിനോട് പറഞ്ഞു. പൊലീസ് വെടിവെപ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവർക്ക് നേരേ ആദ്യം വെടിയുതിർത്തത്. കൊല്ലപ്പെട്ട പൊലീസുകാരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടിൽനിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് ചൗബേപുർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് എല്ലാസഹായവും നൽകി. അവരെ തീറ്റിപ്പോറ്റിയത് താനാണെന്നും ദുബെ വെളിപ്പെടുത്തി. ചൗബേപുർ പൊലീസ് സ്റ്റേഷനിൽ മാത്രമല്ല മറ്റു പല സ്റ്റേഷനുകളിലും തനിക്ക് സ്വാധീനമുണ്ടെന്നും ദുബെ സമ്മതിച്ചു. ഡിഎസ്‌പി ദേവേന്ദ്ര മിശ്രയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ദുബെയുടെ മൊഴി. ദേവേന്ദ്രമിശ്ര തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ തനിക്കെതിരാണെന്ന് എസ്.എച്ച്.ഒ. വിനയ് തിവാരി നേരത്തെ പറഞ്ഞിരുന്നു. ദേവേന്ദ്രമിശ്രയോട് ശരിക്കും ദേഷ്യമുണ്ടായിരുന്നു. എന്നാൽ അയാളെ കൊന്നത് താനല്ല. തന്റെ സംഘത്തിൽപ്പെട്ട ഒരാൾ അമ്മാവന്റെ വീടിന് മുന്നിൽവെച്ച് തന്റെ കണ്മുന്നിലിട്ടാണ് ദേവേന്ദ്രമിശ്രയെ കൊലപ്പെടുത്തിയതെന്നും ദുബെ മൊഴി നൽകി. കാൺപുരിൽനിന്ന് രക്ഷപ്പെട്ട ശേഷം മധ്യപ്രദേശിൽ മദ്യനിർമ്മാണ കമ്പനിയിലെ മാനേജറായ സുഹൃത്തിനോട് സഹായം തേടിയിരുന്നു. അങ്ങനെയാണ് ഉജ്ജയിനിൽ എത്തിയതെന്നും വികാസ് ദുബെ വെളിപ്പെടുത്തി. ദുബെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ സുഹൃത്തായ ആനന്ദ് തിവാരിയെ പിന്നീട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് വികാസ് ദുബെയെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്ത്നിന്ന് പൊലീസ് പിടികൂടിയത്. അതേസമയം, വികാസ് ദുബെയുടേത് കീഴടങ്ങലാണെന്നും ആരോപണങ്ങളുയർന്നു. ഇക്കാര്യത്തെച്ചൊല്ലി രാഷ്ട്രീയവിവാദവും ഉടലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടാം തീയതി വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ രണ്ടാം തീയതി അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിൽ വച്ചാണ് ഈ ഏറ്റുമുട്ടൽ നടന്നത്. ആ കൂട്ടക്കൊലക്ക് ശേഷം വികാസ് ദുബൈയെത്തേടി കാൺപൂർ പൊലീസിന്റെ നിരവധി സംഘങ്ങൾ ഉത്തരേന്ത്യ മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു.തുടർന്ന് ഒളിവിലായ ദുബെയെ ഇന്ന് രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ച് കാൺപൂർ പൊലീസിന്റെ അന്വേഷണ സംഘംനിലെ ഒരു ക്ഷേത്ര പരിസരത്തു വെച്ച് അന്വേഷിച്ചെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ വർഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന വികാസ് ദുബെ ഗ്രാമത്തിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഗ്രാമവാസികളിൽ ഒരാളിൽ നിന്ന് ചോർന്നുകിട്ടിയ ശേഷമാണ് 50 പേരടങ്ങുന്ന പൊലീസ് സംഘം ദുബെയെ അറസ്റ്റുചെയ്യാനായി ഗ്രാമത്തിലേക്കെത്തിയത്. കമാൻഡിങ് ഓഫീസർ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്. സംഘം സഞ്ചരിച്ച വഴിയിൽ ഗ്രാമത്തിനടുത്തുള്ള പല റോഡുകളിലും തടസ്സങ്ങളുണ്ടായിരുന്നതിനാൽ ഇങ്ങനെയൊരു സംഘം അറസ്റ്റിനായി ചെല്ലുന്നുണ്ട് എന്ന വിവരം ഈ ക്രിമിനലിന് നേരത്തെ ചോർന്നുകിട്ടിയിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്. കെട്ടിടങ്ങൾക്കു മുകളിൽ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വരികയാണ് അന്നുണ്ടായത്. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അന്ന് അക്രമികൾ കടന്നുകളഞ്ഞത്. ഇത് പൊലീസിന് വൻ നാണക്കേടുമാണ് ഉണ്ടാക്കിയത്.

കൊല്ലപ്പെട്ട പൊലീസുകാരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇൻസ്പെക്ടർമാരായ അനൂപ് സിങ്, ശിവരാജ്പുർ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചിൽ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോൺസ്റ്റബിൾ ആയ ജിത്രേന്ദ്ര പാലിനെ വെടിവച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകൾ കാണുന്നു.ചോര വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്‌പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകൾ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവൻ വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ആദ്യം മൂന്നോ നാലോ പൊലീസുകാർക്ക് മാത്രമാണ് വെടിയേറ്റത്. ബാക്കിയുള്ളവർ ദുബൈയുടെ വീടിനടുത്തുള്ള വീടുകളുടെ പുറത്തുള്ള ടോയ്‌ലറ്റുകളിലും മറ്റും ചെന്ന് ഒളിച്ചിരുന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കി എങ്കിലും, അപ്പോഴേക്കും മട്ടുപ്പാവിൽ നിന്ന് താഴെയിറങ്ങി വന്ന ദുബൈയുടെ അനുചരർ ഇവരെ ഒളിച്ചിരുന്നിടങ്ങളിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. ചിലരുടെ തല വാളുകൊണ്ട് വെട്ടുകയായിരുന്നത്രേ.

അതിനു ശേഷം ബംഗ്ലാവിൽ നിന്നിറങ്ങി വന്ന ദുബെ തന്റെ ബുള്ളറ്റിൽ കയറി അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു ശേഷം കൂടുതൽ സന്നാഹവുമായി എത്തിയ പൊലീസ് സംഘം വീട്ടിൽ അവശേഷിച്ചിരുന്ന ദുബെയുടെ രണ്ടു ബന്ധുക്കളെ എൻകൗണ്ടറിലൂടെ കൊന്നു എങ്കിലും ദുബെ അപ്പോഴേക്കും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

അന്വേഷണത്തിനിടെ അയാളുടെ വലംകൈയായി അറിയപ്പെടുന്ന അമർ ദുബെയെ ഹാമിർപുരിൽവെച്ച് ബുധനാഴ്ച രാവിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നെന്ന് അന്ന് ഡിജിപി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദുബെയെ പിടികൂടാൻ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു. അന്വേഷണം ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ലോഡ്ജിൽ ദുബെ ഉണ്ടെന്ന വിവരം കിട്ടി പൊലീസ് അവിടെ ചെന്നപ്പോഴേക്കും ദുബെ തലനാരിഴക്ക് രക്ഷപ്പെട്ടു പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP