Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഡ്‌നി സ്റ്റോൺ അലട്ടിയപ്പോൾ ചികിത്സിച്ച് മാറ്റാൻ എത്തിയത് തിരുവനന്തപുരം കിംസിൽ; മൂന്നു ലക്ഷത്തോളം മുടക്കി ലേസർ ചികിത്സ നടത്തിയത് രണ്ടു തവണ; ഫലം കാണാതെ വന്നപ്പോൾ മൂന്നാമതും നടത്തിയ ലേസർ ചികിത്സയ്ക്കിടെ മരണവും; ചികിത്സാ പിഴവ് തുറന്നുകാട്ടി നാട്ടുകാരുടെ പ്രക്ഷോഭവും നീതി തേടി മുഖ്യമന്ത്രിക്ക് പരാതിയും; കിംസ് ആശുപത്രിയിൽ 41 കാരനായ സമീർ മരിച്ച സംഭവത്തിൽ ഇനി ക്രൈംബ്രാഞ്ച് അന്വേഷണം

കിഡ്‌നി സ്റ്റോൺ അലട്ടിയപ്പോൾ ചികിത്സിച്ച് മാറ്റാൻ എത്തിയത് തിരുവനന്തപുരം കിംസിൽ; മൂന്നു ലക്ഷത്തോളം മുടക്കി ലേസർ ചികിത്സ നടത്തിയത് രണ്ടു തവണ; ഫലം കാണാതെ വന്നപ്പോൾ മൂന്നാമതും നടത്തിയ ലേസർ ചികിത്സയ്ക്കിടെ മരണവും; ചികിത്സാ പിഴവ് തുറന്നുകാട്ടി നാട്ടുകാരുടെ പ്രക്ഷോഭവും നീതി തേടി മുഖ്യമന്ത്രിക്ക് പരാതിയും; കിംസ് ആശുപത്രിയിൽ 41 കാരനായ സമീർ മരിച്ച സംഭവത്തിൽ ഇനി ക്രൈംബ്രാഞ്ച് അന്വേഷണം

എം മനോജ് കുമാർ

 തിരുവനന്തപുരം: കിഡ്നി സ്റ്റോണിനുള്ള ലേസർ ചികിത്സയ്ക്കിടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് രോഗി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. കിംസ് ആശുപത്രി പ്രതിക്കൂട്ടിലായ കേസിൽ ലോക്കൽ പൊലീസ് അന്വേഷണം ഇഴയുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. യുഎസ്എ കേന്ദ്രമായ ആംഡബര കപ്പലിലെ ജീവനക്കാരനായ സമീർ അബ്ദുൾവഹാബ് (41) കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. കിംസ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ പോകുമ്പോഴാണ് അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണറായ ദിവ്യാ ഗോപിനാഥിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയോന്നിന് മെഡിക്കൽ കോളെജ് പൊലീസ് ചാർജ് ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു സമീറിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണം എന്നാവശ്യപ്പെട്ടു നാട്ടുകാർ പ്രക്ഷോഭത്തിലുമായിരുന്നു. ഇതിനെ തുടർന്നാണ് ത്വരിത ഗതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.

യുഎസ്എയിലെ അപ്പോളോ ഗ്രൂപ്പിന്റെ സെലെബ്രെറ്റി എസ് ക്രൂസ് സീ ബ്രൗൺ മാരല്ല ഡിസ്‌കവറി എന്ന കപ്പലിലെ ജീവനക്കാരനായ സമീർ അബ്ദുൾവഹാബ് കിഡ്‌നി സ്റ്റോൺ റിമൂവ് ചെയ്യാനുള്ള ചികിത്സയ്ക്കിടെ കഴിഞ്ഞ ഇരുപതിനാണ് കിംസിൽ വെച്ച് മരിച്ചത്. കാർഡിയാക് അറസ്റ്റ് എന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞതെങ്കിലും ചികിത്സാ പിഴവ് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ബന്ധുക്കൾ. തിരുവനന്തപുരം കല്ലറ സ്വദേശിയായ സമീറിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ നൽകിയ പരാതിപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. മെഡിക്കൽ അനാസ്ഥ കാരണമുള്ള കേസ് ആയതിനാൽ കഴക്കൂട്ടം ഡിവൈഎസ്‌പിക്ക് കേസ് കൈമാറിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നിന് കൊച്ചിയിൽ നിന്ന് മിയാമിലേക്ക് പോകേണ്ടിയിരുന്നു സമീറിന്.. അതിനു മുൻപ് തന്നെ കിഡ്‌നി സ്റ്റോൺ ചികിത്സിച്ച് മാറ്റാനാണ് കിംസിൽ ചികിത്സ തേടിയെത്തിയത്. രണ്ടു തവണ ലേസർ ചികിത്സ നടത്തിയിട്ടും സ്റ്റോണിന്റെ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നത് സ്‌കാനിംഗിൽ വ്യക്തമായതിനെ തുടർന്നാണ് വീണ്ടും ഡോക്ടറെ ബന്ധപ്പെട്ടു ലേസർ ചികിത്സയ്ക്ക് ഒന്നുകൂടി സമീർ തയ്യാറായത്. പക്ഷെ ചികിത്സയ്ക്കായി കഴിഞ്ഞ ഇരുപതിന് കിംസിൽ പ്രവേശിച്ച സമീർ ലേസർ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കൾ അന്ന് തന്നെ രംഗത്ത് വന്നിരുന്നു. ഭാര്യ ഷീബയും പതിനൊന്നു വയസുള്ള രണ്ടു ഇരട്ടക്കുട്ടികളും അടങ്ങുന്നതാണ് സമീറിന്റെ കുടുംബം. അവിചാരിതമായി വന്ന ദുരന്തം കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് അന്ന് തന്നെ ബന്ധുക്കൾ മെഡിക്കൽ കോളേജ് കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. ലേസർ ചികിത്സ നടത്തുന്നതിന്നിടെ രോഗി മരിക്കുമോ എന്ന ചോദ്യമാണ് മരണത്തിൽ നടുങ്ങിയിരിക്കുന്ന ബന്ധുക്കൾ ഉയർത്തിയത്.

മൂന്നു ലക്ഷത്തോളം മുടക്കി രണ്ടു തവണ കിംസിൽ നിന്നും ലേസർ ചികിത്സ നടത്തിയതാണ് സമീർ. ഫെബ്രുവരി തന്നെയാണ് ലേസർ ചികിത്സ നടത്തിയത്. തുടർന്ന് ഒരു മെഡിക്കൽ സെന്ററിൽ സ്‌കാൻ ചെയ്തപ്പോൾ നാല്പത് ശതമാനം മാത്രമേ സ്റ്റോൺ പോയിട്ടുള്ളൂ അറുപത് ശതമാനം അങ്ങിനെ തന്നെ നിൽക്കുന്നതായി കണ്ടു. അതിനു ശേഷമാണ് കിംസിൽ ലേസർ ചികിത്സ നടത്തിയ ഡോക്ടർ സുബിനുമായി സമീർ ബന്ധപ്പെട്ടത്. ചെറിയ രീതിയിൽ ഡോക്ടർ സുബിനും സമീറും തമ്മിൽ സംസാരം നടന്നുവെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ സംസാരത്തെ തുടർന്ന് വീണ്ടും ഫെബ്രുവരി ഇരുപതിന് ലേസർ ചികിത്സയ്ക്കായി എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു.

ഇരുപതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വെറും ഇസിജി മാത്രമാണ് സമീറിന് എടുത്തത് എന്ന് ബന്ധുക്കൾ പറയുന്നു. അന്ന് വൈകീട്ട് ആറുമണിക്ക് തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ഒമ്പത് മണിയായപ്പോൾ ഡോക്ടർമാരും നഴ്സുമാരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടു. പരിഭ്രാന്തയായ ഭാര്യ ഷീബ ആശുപത്രിയിലെ ജീവനക്കാരോട് സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഷീബ സമീറിന്റെ സഹോദരനെ ഫോണിൽ വിളിച്ചു. സർജറിക്കിടയിൽ എന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുടെ സംഭാഷണം മുറിഞ്ഞു. ഇതോടെ സഹോദരൻ സുധീർ ആശുപത്രിയിൽ വിളിച്ചു സംസാരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിയപ്പോൾ ചികിത്സയ്ക്കിടെ കാർഡിയാക് അറസ്റ്റ് വന്നു എന്നാണ് ഡോക്ടർ സുബിൻ പറഞ്ഞത്. ഇതോടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

നേരത്തെ തന്നെ സമീറിന് ചെറുതായി വയറുവേദനയുണ്ടായിരുന്നു. അവധിക്ക് വന്നപ്പോൾ വയറുവേദനയെ തുടർന്നാണ് കിഡ്നിയിൽ സ്റ്റോൺ ഉള്ളതായി മനസിലായത്. അതിനാലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആയ ഡോക്ടർ സുബിനെ പോയി കാണുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ലേസർ ചികിത്സ നടത്തിയത്. സ്റ്റോൺ മാറാത്തതിനെ തുടർന്ന് മൂന്നാം തവണ നടത്തിയ ലേസർ ചികിത്സയ്ക്കിടെയാണ് കിംസിൽ വെച്ച് സമീർ മരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP