Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുണ്ടകളുടെ സഹായത്തോടെ മതിൽ പണിതത് ഒരൊറ്റ രാത്രികൊണ്ട്; വഴിയടച്ചത് ചോദ്യം ചെയ്തപ്പോൾ 'ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നും' ആക്രോശം; രമ്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ സദാ തയ്യാറായി ഗൂണ്ടകൾ; തലസ്ഥാനത്ത് കുഴിവിളയിലെ ആർ.ശങ്കർ കൾച്ചറൽ സെന്ററിലേക്ക് വാഹനം കയറ്റാൻ അനുവദിക്കാതെ വഴിയടച്ചത് തൊട്ടടുത്തുള്ള സ്ഥലമുടമ; പൊലീസിൽ പരാതി നൽകിയെങ്കിലും ഇപ്പോഴും വഴിയടച്ച് മതിൽ

ഗുണ്ടകളുടെ സഹായത്തോടെ മതിൽ പണിതത് ഒരൊറ്റ രാത്രികൊണ്ട്; വഴിയടച്ചത് ചോദ്യം ചെയ്തപ്പോൾ 'ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നും' ആക്രോശം; രമ്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ഓടിച്ചു വിടാൻ സദാ തയ്യാറായി ഗൂണ്ടകൾ; തലസ്ഥാനത്ത് കുഴിവിളയിലെ ആർ.ശങ്കർ കൾച്ചറൽ സെന്ററിലേക്ക് വാഹനം കയറ്റാൻ അനുവദിക്കാതെ വഴിയടച്ചത് തൊട്ടടുത്തുള്ള സ്ഥലമുടമ; പൊലീസിൽ പരാതി നൽകിയെങ്കിലും ഇപ്പോഴും വഴിയടച്ച് മതിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ മറവിലും അതിക്രമങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും ഒരു പഞ്ഞവുമില്ലാതെ തലസ്ഥാന നഗരി. ഗുണ്ടകളുടെ സഹായത്തോടെ ഒരു സ്വകാര്യ വ്യക്തി അടച്ചു കളഞ്ഞത് ആർ.ശങ്കർ കൾച്ചറൽ സെന്റർ ആക്കാൻ തീരുമാനിച്ച വസ്തുവിലേക്കുള്ള പ്രവേശന കവാടമാണ്. ഉള്ളൂരിൽ നിന്നും ആക്കുളത്തേക്ക് പോകുന്ന റോഡിൽ ആറ്റിപ്ര വില്ലേജിൽപ്പെട്ട വസ്തുവിന്റെ വഴിയടച്ചാണ് സ്വകാര്യ വ്യക്തി മതിൽ കെട്ടിയത്. ഒരൊറ്റ രാത്രികൊണ്ടാണ് വഴിയടച്ച് മതിൽ പണിതിരിക്കുന്നത്. കൾച്ചറൽ സെന്ററിന്റെ പണി തുടങ്ങാനിരിക്കവേ ഒരു വണ്ടി പോലും വസ്തുവിലേക്ക് കയറ്റാൻ കഴിയാത്ത അവസ്ഥയിലാണ്. തറവാട്ടുവകയായ വസ്തു മൺമറഞ്ഞ മുന്മുഖ്യമന്ത്രി ആർ.ശങ്കറിന്റെ സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ച് മുന്നോട്ടു നീങ്ങിയ ഈ കുടുംബത്തിനെയാണ് അയൽക്കാരന്റെ നടപടി പ്രതിസന്ധി തീർത്തത്.

കൾച്ചറൽ സെന്റർ ജോലികളുമായി മുന്നോട്ടു നീങ്ങവേ ഈ കുടുംബം ഒരു സുപ്രഭാതത്തിൽ കാണുന്നത് തൊട്ടടുത്തെ സ്ഥലമുടമ വഴി കയ്യേറി മതിൽ കെട്ടിയിരിക്കുന്ന കാഴ്ചയാണ്. ആറു മീറ്റർ വീതിയുണ്ടായിരുന്ന വാഹനം പോകുന്ന വഴി പെട്ടെന്ന് വെറും ഒരു മീറ്ററായി ചുരുങ്ങി. ചോദ്യം ചെയ്യാൻ പോയപ്പോൾ ഭീഷണിയും. തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ വൈകി. ഒടുവിൽ ഉന്നത തല ഇടപെടൽ വന്നപ്പോൾ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗുണ്ടകളുടെ സഹായത്തോടെ വഴി തടഞ്ഞു മതിൽ കെട്ടിയ സുധീർ സുകുമാരനും കണ്ടാലറിയുന്ന ആളുകളുടെ പേരിലുമാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ അറസ്റ്റ് നടന്നില്ലെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നുണ്ട്. പക്ഷെ മതിൽ ആ രീതിയിൽ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ വസ്തുവിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുകയാണ്.

പൊലീസിൽ പരാതി നല്കിയ രമ്യയുടെയും കുടുംബത്തിന്റെ പേരിലാണ് ആറ്റിപ്ര വില്ലേജിലെ പതിനാലു സെന്റ് ഉള്ളത്. ആർ.ശങ്കറിനോട് ആരാധനയുള്ളതിനാൽ രമ്യയുടെ അച്ഛൻ രാജേന്ദ്രൻ ഈ സ്ഥലം ശങ്കർ മെമോറിയൽ കൾച്ചറൽ സെന്റർ ആക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് വർഷം മുൻപ് തന്നെ അവിടെ ഗേറ്റ് സ്ഥാപിക്കുകയും ശങ്കർ മെമോറിയൽ കൾച്ചറൽ സെന്ററിന്റെ ജോലികൾ ആരംഭിക്കുകയും ചെയ്തതാണ്. ഇതിന്നിടയിലാണ് തൊട്ടടുത്തുള്ള ഹീരയുടെ സ്ഥലം ഒരു സ്വകാര്യ വ്യക്തി ബാങ്ക് ലേലത്തിൽ വിളിച്ച് എടുക്കുന്നത്. ഇതോടു കൂടിയാണ് കൾച്ചറൽ സെന്ററിന്റെ വസ്തുവിലെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഹീരയുടെ എൺപത് സെന്റോളം സ്ഥലമാണ് ബാങ്ക് ലേലത്തിൽ സുധീർ സുകുമാരൻ സ്വന്തമാക്കുന്നത്. ഇതോടെ തൊട്ടടുത്തുള്ള കൾച്ചറൽ സെന്ററിന് ഇയാൾ പണികൊടുക്കാൻ തുടങ്ങി.

ഇത് കഴിഞ്ഞ വർഷം പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ വിരോധം നിമിത്തമാണ് ഇയാൾ മതിൽ കെട്ടിയുയർത്തിയത് എന്നാണു കുടുംബം ആരോപിക്കുന്നത്. മതിൽ കെട്ടിയതോടെ പുരയിടത്തിലേക്കുള്ള വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഈ കുടുംബം അടക്കമുള്ളവർ നൽകിയ സ്ഥലം നൽകിയതോടെയാണ് അവിടെ റോഡ് വന്നത്. ഈ റോഡ് കയ്യേറിയാണ് സ്വകാര്യ വ്യക്തി മതിൽ പണിതത്. ഗുണ്ടകൾ ഉൾപ്പെടെയുള്ളവർ മതിൽ കെട്ടാൻ സഹായവുമായി നിന്നതിനാൽ കുടുംബത്തിനു സംഭവം അറിഞ്ഞിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല. മതിൽ കെട്ടിയതോടെ വാഹനങ്ങൾ വസ്തുവിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഗുണ്ടകൾ ഉയർത്തിയ ഭീഷണി കാരണം കുടുംബവും അങ്ങോട്ട് പോയില്ല. പിന്നീട് ചെന്നപ്പോൾ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് മതിൽ കെട്ടിയത് എന്ന് ഇവർക്ക് മനസിലായി. ഇതോടെ പരാതിയും നൽകുകയായിരുന്നു. തനി ഗുണ്ടാ രീതിയിലാണ് മതിൽ കെട്ടിയയാൾ പെരുമാറിയത്. അതുകൊണ്ട് തന്നെ നിയമനടപടിയല്ലാതെ ഒരു വഴിയും ഇല്ലാത്ത അവസ്ഥ വന്നു-രമ്യ മറുനാടനോട് പറഞ്ഞു. സംഭവങ്ങളെക്കുറിച്ച് രമ്യ പറയുന്നത് ഇങ്ങനെ:

സ്ഥലം കയ്യേറ്റത്തിനു മുൻപും ശ്രമം നടന്നു; ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ഉലത്താൻ-രമ്യ

വർഷങ്ങളായി ഞങ്ങളുടെ കൈവശമുള്ള പ്രോപ്പർട്ടിയാണിത്. മുൻപ് പാടമായിരുന്നു. 14 സെന്റ് പ്രോപ്പർട്ടിയാണ് ഇവിടെയുള്ളത്. കുറച്ച് സ്ഥലം ഞങ്ങൾ റോഡിനു നൽകി. അങ്ങിനെയാണ് അവിടെ റോഡിനു വീതി കൂട്ടിയത്. ഞങ്ങൾ സ്ഥലം നൽകിയപ്പോഴാണ് അവിടെ വഴി വന്നത്. അവിടെ ഗേറ്റ് ഞങ്ങൾ മുൻപ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. വണ്ടി പോകുന്ന വഴിയാണ് ഉള്ളത്. ഇതേ സ്ഥലത്ത് തന്നെ ബിൽഡർമാരായ ഹീരയ്ക്ക് കുറച്ച് സ്ഥലമുണ്ട്. അത് ബാങ്ക് ലേലം ചെയ്തപ്പോൾ സുധീർ സുകുമാരൻ വാങ്ങി. ഗേറ്റിനു മുന്നിലായി ഇപ്പോൾ വലിയ മതില് കെട്ടി. കോൺക്രീറ്റ് മതിലാണ് കെട്ടിയത്. മുൻപ് പാടശേഖരമായിരുന്ന ഭൂമിയാണ്. അതിനാൽ വഴി ആർക്കും പ്രത്യേകം പറഞ്ഞിട്ടില്ല. ഇതാണ് ഇയാൾ മുതലെടുത്തത്.

എല്ലാവർക്കുമായ റോഡ് ആണിത്. ഞങ്ങൾ കൂടി നൽകിയ സ്ഥലത്താണ് റോഡ് വന്നത്. ആരും ചെയ്യാത്ത കാര്യമാണ് മതിൽ കെട്ടി വഴിയടച്ച് ഇയാൾ ചെയ്തത്. ഇതോടെ കൾച്ചറൽ സെന്റിലേക്ക് വാഹനങ്ങൾ കയറ്റാൻ സാധിക്കാത്ത അവസ്ഥ വന്നു. ആറു മീറ്റർ വഴിയുണ്ടായിരുന്ന അവസ്ഥയിൽ ഒരു മീറ്റർ വഴി മാത്രമായി അത് മാറി. അഞ്ചു മീറ്റർ വഴിയാണ് ഒരു മതിൽ വഴി ഇല്ലാതായത്. കഴിഞ്ഞ വർഷം ഇയാൾ ഞങ്ങളുടെ സ്ഥലത്ത് അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ അച്ഛനോട് പറഞ്ഞത് ഇയാൾ എന്തെങ്കിലും പോയി ഒലത്തെടോ എന്നാണ്. ഇതോടെ ഇയാളെ ഞങ്ങളുടെ സ്ഥലത്ത് നിന്നും പുറത്താക്കി. അച്ഛനോട് തട്ടിക്കയറിയ സംഭവത്തിലും അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിലും ഞങ്ങൾ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ ഇയാളെ സ്റ്റേഷനിൽ വരുത്തിയിരുന്നു. അതിന്റെ ദേഷ്യം ഇതിലുണ്ട്. ഇപ്പോൾ അച്ഛൻ സ്ഥലത്ത് ചെന്നപ്പോൾ കണ്ടത് മതിൽ കെട്ടിപ്പൊക്കുകയാണ്. ഗുണ്ടകൾ കൂടിയുള്ളതിനാൽ അങ്ങോട്ട് പോയില്ല. ഞങ്ങൾ പൊലീസിൽ പരാതി നൽകി. പക്ഷെ മതിൽ ഇപ്പോഴും അവിടെ ഉള്ളതിനാൽ വാഹനങ്ങൾ ഉള്ളിൽ കയറ്റാൻ കഴിയാത്ത അവസ്ഥയിലാണ്- രമ്യ പറയുന്നു.

മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ആരാധകനാണ് ഞാൻ. അതിനാലാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്ന സ്ഥലം ശങ്കർ കൾച്ചറൽ സെന്റർ ആക്കി മാറ്റാൻ തീരുമാനിച്ചത്-രമ്യയുടെ പിതാവ് രാജേന്ദ്രൻ മറുനാടനോട് പറഞ്ഞു. കേരളത്തിൽ സാമൂഹ്യവിപ്‌ളത്തിനു തുടക്കമിട്ടതിൽ ശങ്കറിന് വലിയ പങ്കുണ്ട്. ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യം നടപ്പിലാക്കിയത് ശങ്കറാണ്. ശങ്കറിന്റെ തീരുമാനമാണ് പിന്നീട് സർക്കാരുകൾ വിപുലീകരിച്ചത്. കേരളത്തിലെ എസ്എൻഡിപി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ നിര കെട്ടിപ്പടുത്തതിൽ മുഖ്യ പങ്ക് ശങ്കറിനാണ്. ആ ശങ്കർ അവഗണിക്കപ്പെടുകയാണ്. അതാണ് കുടുംബം വകയുള്ള പുരയിടം ആർ.ശങ്കറിന്റെ പേരിലുള്ള കൾച്ചറൽ സെന്റർ ആക്കി മാറ്റാൻ ഞങ്ങൾ തീരുമാനമെടുത്തത്. ഭൂ മാഫിയ പോലാണ് കൾച്ചറൽ സെന്ററിന്റെ വഴിയടച്ച വ്യക്തി പെരുമാറിയത്. ഇയാളുടെ പശ്ചാത്തലം പൊലീസ് വിശദമായി അന്വേഷിക്കേണ്ടതുണ്ട്-രാജേന്ദ്രൻ പറയുന്നു. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ലെന്നാണ് മതിൽ കെട്ടിയ സുധീറിന്റെ വാദം. ബാങ്കിൽ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മതിൽ കെട്ടിയടച്ചത് എന്നാണ് സുധീർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP