Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണകള്ളക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഉൾപ്പെട്ടതോടെ കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്; അതിന് കൂട്ടുനിൽക്കുകയാണ് യുഡിഎഫെന്നും സിപിഎം; സ്വപ്‌ന എവിടെ ഉണ്ടെന്ന് പൊലീസിന് അറിയാമെന്നും സംരക്ഷിക്കുന്നത് സിപിഎമ്മെന്നും കെ.സുരേന്ദ്രൻ; മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് പുറത്തുപോകണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമെന്ന് കാനം രാജേന്ദ്രൻ

സ്വർണകള്ളക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഉൾപ്പെട്ടതോടെ കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്; അതിന് കൂട്ടുനിൽക്കുകയാണ് യുഡിഎഫെന്നും സിപിഎം; സ്വപ്‌ന എവിടെ ഉണ്ടെന്ന് പൊലീസിന് അറിയാമെന്നും സംരക്ഷിക്കുന്നത് സിപിഎമ്മെന്നും കെ.സുരേന്ദ്രൻ; മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കിൽ രാജി വച്ച് പുറത്തുപോകണമെന്ന് ചെന്നിത്തല;  മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമെന്ന് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് സ്വർണം വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബി എം എസ് നേതാവാണെന്ന് വ്യക്തമായതോടെ അതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചതെന്ന് സിപിഎം. കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്.

കേസിൽ മുഖ്യകണ്ണിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യാസാറ്റ്സിലേക്കും ശുപാർശ ചെയ്തത് കോൺഗ്രസ് എംപിയാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇത്തരം സ്വാധീനങ്ങൾ വഴി കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് നിതാന്ത ജാഗ്രയുണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണ്ണകള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ഇതു പ്രധാനമാണ്. പുകമറ സൃഷ്ടിച്ച്‌യഥാർഥ പ്രതികളെ രക്ഷിക്കാൻ ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ ്പ്രസ്താവനയിൽ പറഞ്ഞു.

കേസ് ഏത് ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാ യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.ഈ കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം അയച്ചതാര് ? ആർക്കുവേണ്ടിയാണ് ? ഇതെല്ലാമാണ് അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിയേയും എൽഡിഎഫ് സർക്കാരിനേയും അപകീർത്തിപെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും യെച്ചൂരി പറഞ്ഞു.

മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം: കാനം

കുറ്റക്കാരെ കണ്ടെത്തേണ്ടത് കേന്ദ്ര ഏജൻസിയായ കസ്റ്റംസാണ് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിമാനത്താവളങ്ങളുടെ ചുമതല കേന്ദ്രത്തിനാണ്. സ്വർണം ആരാണ് അയച്ചത് ? ആർക്കാണ് അയച്ചത് ? അരാണ് ഏറ്റുവാങ്ങിയത് ? ഇതാണ് കണ്ടെത്തേണ്ടത്. ആരാണെന്ന് കണ്ടെത്തേണ്ടത് കേന്ദ്ര ഏജൻസിയാണ്. സോളാർ കേസും സ്വർണകടത്തും രണ്ടും രണ്ടാണ്.
ഏതു തരത്തിലുള്ള അന്വേഷണവും സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് കത്തും അയച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തേയും എൽഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ട്.

LDF ലും മുഖ്യമന്ത്രിയിലും തങ്ങൾക്ക് പൂർണ വിശ്വാസമാണ്.ദുഷ്പ്രചാരണങ്ങളെ അതിജീവിക്കും.ശിവശങ്കറിനെതിരെ ആക്ഷേപം വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റിയതെന്നും കാനം പറഞ്ഞു.

സ്വപ്നയെ സംരക്ഷിക്കുന്നത് സിപിഎം; കെ.സുരേന്ദ്രൻ

അതേസമയം, കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർ എവിടെയുണ്ടെന്ന് പൊലീസിനറിയാം. ഒളിവിലിരുന്ന് ചാനലിൽ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കന്നത് സിപിഎമ്മാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും ഇപ്പോഴുള്ള വിവാദത്തിൽ പിടിച്ചു നിൽക്കാനുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്.

തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ അവർ ചെയ്തിരിക്കുന്നത്.
കസ്റ്റംസ് അന്വേഷിക്കുന്ന ഒരാൾ ഒളിവിലിരുന്ന് അന്വേഷണത്തെ വഴിതിരിച്ചുവിടുന്നു. അവരെ ഇപ്പോഴും സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണം: ചെന്നിത്തല

സർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും ആയിട്ടും ശിവശങ്കരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ ശിവശങ്കറിനെ സസ്പെന്റ് ചെയ്ത് ഇയാൾക്കെതിരെ കേസ് എടുക്കണം. ഐ.എ.എസ് റൂൾ അനുസരിച്ച് പ്രവർത്തിക്കേണ്ട രീതിയിൽ അല്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രവർത്തിച്ചത്. മുഖ്യമന്ത്രി ശിവശങ്കരനെ ഭയക്കുന്നു. അതുകൊണ്ടാണ് ശിവശങ്കരൻ നിയമപരമായി തെറ്റൊന്നു ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത്.

ഏത് അന്വേഷണവും നേരിടാമെന്നാണ് മുഖ്യമന്ത്രി നാഴികയ്ക്ക് നാൽപ്പതുവട്ടവും പറയുന്നത്. സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയല്ല വേണ്ടത്. ക്യാബിനറ്റ് തീരുമാനമെടുത്ത് സിബിഐ.യെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഡൽഹി പൊലീസ് ആക്ട് അനുസരിച്ച്, ഒരു എഫ്.ഐ.ആർ. എടുത്ത് സിബിഐ.ക്ക് കൈമാറാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. അതാണ് സർക്കാർ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ നിയമസഭാ സ്പീക്കർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പ് സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയത്. ഇക്കാര്യത്തിൽ സ്പീക്കർക്ക് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളെ രക്ഷപ്പെടുത്താൻ ചില കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അവരാരും രക്ഷപ്പെടാൻ പോകുന്നില്ല. അഴിമതിയിൽ മുങ്ങിക്കുള്ളിച്ച ഗവൺമെന്റാണിത്. ഈ ഗവൺമെന്റിനെതിരായ പോരാട്ടം തുടരും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ആ യോഗത്തിൽ വച്ച് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയുടെ പൂർണരൂപം

സ്വർണ്ണകള്ളക്കടത്ത് കേസിൽ ദുരൂഹത സൃഷ്ടിച്ച് യഥാർഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രവഴി ഉപയോഗിച്ച് സ്വർണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. അതിനു കഴിയുന്ന സമഗ്രമായ അന്വേഷണം കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്. അത് അറിഞ്ഞിട്ടും കേന്ദ്രവിദേശ കാര്യസഹമന്ത്രി നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണ്. ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണം കടത്തിയതായാണ് പറയുന്നത്. അതൊന്നും പിടികൂടാൻ കസ്റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്നാണ് മുരളീധരൻ വ്യക്തമാക്കേണ്ടത്.

കോൺഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്ടിച്ച് സ്വർണ്ണകള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുന്നതും രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ് സ്വർണം കടത്തിയത്, ആർക്കുവേണ്ടിയാണ് ഇതു ചെയ്തത്, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്, ആർക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങൾ. എന്നാൽ, ഈ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ഓരോ മിനിറ്റിലും തെളിയിക്കുകയാണ്. കള്ളക്കടത്ത് സ്വർണം വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബി എം എസ് നേതാവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ് ഇത് മനസ്സിലാക്കി ഇതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്. കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്.

ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സംസ്ഥാനസർക്കാരിനെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കാൻ കഴിയുമോയെന്ന വൃഥാശ്രമാണ് നടക്കുന്നത്. സ്വർണ്ണക്കടത്തിൽ ബന്ധമുള്ളതായി പറയുന്ന സ്വപ്ന സുരേഷ് നേരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എയർഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലും യുഎഇ കോൺസുലേറ്റിലും ജോലിചെയ്തിരുന്നു. അതിന്റെ പിൻബലത്തിൽ ഐടി വകുപ്പിന്റെ കരാർ എടുത്ത സ്ഥാപനത്തിന്റെ ഉപകരാറുകാരുടെ താൽക്കാലിക ജീവനക്കാരിയായി. ഇവർക്ക് കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് അറിഞ്ഞയുടൻ പുറത്താക്കാൻ ആവശ്യപ്പെടുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ഇവരുമായി വ്യക്തിബന്ധമുണ്ടെന്ന് ആക്ഷേപം വന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റുകയും ചെയ്തു. മറ്റൊരു സർക്കാരിൽനിന്നും പ്രതീക്ഷിക്കാത്ത ധീരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ, കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രഭരണകക്ഷിയുമായി ബന്ധമുള്ളവർ ഇടപെട്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഈ കേസിൽ മുഖ്യകണ്ണിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിനെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യാസാറ്റ്സിലേക്കും ശുപാർശ ചെയ്തത് കോൺഗ്രസ് എംപിയാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇത്തരം സ്വാധീനങ്ങൾ വഴി കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് നിതാന്ത ജാഗ്രയുണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണ്ണകള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ഇതു പ്രധാനമാണ്.

എന്നാൽ, സാധാരണഗതിയിൽ ഈ ജാഗ്രത പുലർത്തേണ്ട മാധ്യമങ്ങളിൽ ഒരു വിഭാഗമാണ് കള്ളവാർത്തകളിലൂടെ ശ്രദ്ധതിരിച്ചുവിടുന്നതിന് ശ്രമിക്കുന്നത്. അതിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അപ്പുറത്ത് ഉടമസ്ഥതയിലെ സാമ്പത്തിക താൽപര്യങ്ങളുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ സംശയത്തിന്റെ മുനയിൽ നിർത്താനായി കള്ളചിത്രമുണ്ടാക്കിയത് കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ചാനലാണ്. ബിജെപിക്കാരനായ സന്ദീപ് നായർ സിപിഐഎംകാരനാണെന്ന് വരുത്തിതീർക്കാൻ ഏഷ്യാനെറ്റും മനോരമ ചാനലും എഡിറ്റ് ചെയ്തുണ്ടാക്കിയ ദൃശ്യങ്ങൾ നൽകി. ഇതുകയ്യോടെ പിടികൂടിയിട്ടും തെറ്റുസമ്മതിച്ച് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ല.

ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്തുവന്നിട്ടും വാർത്തയിൽ ട്രേഡ്യൂണിയൻ നേതാവ് എന്നു മാത്രം ഉപയോഗിച്ച് രക്ഷിക്കാനും മനോരമ പത്രം അതീവജാഗ്രത കാട്ടി. ഇതെല്ലാം കാണിക്കുന്നത് സ്വർണ്ണകടത്ത് പ്രതികളെ രക്ഷപ്പടുത്തുന്നതിനും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഈ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നുവെന്നാണ്. ഇത് നാടിനു നേരെയുള്ള വെല്ലുവിളിയാണ്. മഹാമാരിയിൽനിന്നും മനുഷ്യനേയും നാടിനേയും രക്ഷപ്പെടുത്താനായി വിശ്രമരഹിതമായി പ്രവർത്തിച്ച് ലോകത്തിന്റെ അംഗീകാരം നേടിയ മുഖ്യമന്തി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കിട്ടിയ അഭൂതപുർവ്വമായ ജനപിന്തയും ഇക്കൂട്ടരെ വെപ്രാളപ്പെടുത്തുന്നുണ്ട്. ഇതെല്ലാം തിരിച്ചറിയാനും കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തുതോൽപ്പിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP