Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിഐപികളുടെ വരവും പോക്കും അറിയേണ്ടത് സ്വർണക്കടത്ത് കേസിൽ നിർണായകം; തിരുവനന്തപുരം വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങൾക്കായി കസ്റ്റംസ് ഡിജിപിക്ക് കത്ത് നൽകി; സ്വപ്ന ജോലി ചെയ്തിരുന്ന ഐടി സ്ഥാപനത്തിലെ ദൃശ്യങ്ങളും തേടി; ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡിജിപിയുടെ നിർദ്ദേശം

വിഐപികളുടെ വരവും പോക്കും അറിയേണ്ടത് സ്വർണക്കടത്ത് കേസിൽ നിർണായകം; തിരുവനന്തപുരം വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങൾക്കായി കസ്റ്റംസ് ഡിജിപിക്ക് കത്ത് നൽകി; സ്വപ്ന ജോലി ചെയ്തിരുന്ന ഐടി സ്ഥാപനത്തിലെ ദൃശ്യങ്ങളും തേടി; ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഡിജിപിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ കുരുക്കഴിക്കാൻ ഒടുവിൽ കസ്റ്റംസ് പൊലീസിന്റെ സഹായംതേടി. കേസിൽ സംസ്ഥാന പൊലീസിന്റെ സഹായം ഇതുവരെ തേടാതിരുന്ന കസ്റ്റംസ് ഇതാദ്യമായി സിസി ടിവി ദൃശ്യങ്ങൾക്കായി ഡിജിപിക്ക് കത്ത് നൽകി. പൊലീസ് വഴി രഹസ്യം ചോരാതിരിക്കാനാണ് കസ്റ്റംസ് ഇതുവരെ മുൻകരുതലെടുത്ത് ഒറ്റയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോയത്.

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് കസ്റ്റംസ് ഡിജിപിക്ക് കത്തി നൽകിയത്. ദൃശ്യങ്ങൾ നൽകാൻ സിറ്റി പൊലീസ് കമീഷണർക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.സ്വപ്ന ജോലിചെയ്യുന്ന സ്ഥാപനത്തിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച വൈകിട്ടോടെ ദൃശ്യങ്ങൾ കൈമാറാനാണ് സാധ്യത

നേരത്ത, കസ്റ്റംസ് അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. ആരോപണ വിധേയരായവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസിൽനിന്ന പൊലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് അധികൃതർ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കത്ത് കൈമാറുന്നത്.

ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സർക്കാരിനും പൊലീസിനുമെതിരെ രംഗത്തെത്തിയിരുന്നു. ശിവശങ്കരനെ മാറ്റിയെങ്കിലും അദ്ദേഹത്തിനെതിരെ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കായതുകൊണ്ടാണ് സർക്കാർ അന്വേഷണത്തിന് മടിക്കുന്നത്. കസ്റ്റംസിന് സംസ്ഥാന പൊലീസ് വിഭാഗം ഒരു സഹായവും നൽകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നയെ ഇതുവരെ കണ്ടെത്താത്തത് പൊലീസിന്റെ വീഴ്ചയാണ്. സുപ്രധാനമായ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട ഒരു സഹായവും സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തിട്ടില്ല. സോളാർ കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ എവിടെ പോയെന്ന് ചോദിച്ച് തെരുവിലിറങ്ങിയവരാണ് ഇപ്പോൾ ഭരണത്തിലുള്ളത്. ക്ലിഫ് ഹൗസിലെയും ഓഫീസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷിതമാണോയെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വപ്നയുമായുള്ള ബന്ധം എന്തുകൊണ്ട് മുഖ്യമന്ത്രി നിഷേധിക്കുന്നില്ല. സർക്കാർ വാഹനങ്ങളും വിസിറ്റിങ് കാർഡുകളും ഉപയോഗിച്ചാണ് വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് നടന്നതെന്നതിന് തെളിവുകൾ ഉണ്ട്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളുടെ നടത്തിപ്പ് എങ്ങിനെ സ്വപ്ന സുരേഷിന് കിട്ടിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.

അതേസമയം, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയെ ഇവർ പലതവണ കണ്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലൊക്കേഷനും പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും പി.ടി. തോമസ് പറഞ്ഞു.സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ട്. പിണറായിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പി.ടി. തോമസ് പറഞ്ഞു.

പിണറായിയുടേത് കുറ്റവാളികളോട് മനപ്പൂർവം കണ്ണടയ്ക്കുന്ന നിലപാടാണ്. മുഖ്യമന്ത്രി ബിസിനസുകാരിയുടെ അച്ഛൻ മാത്രമായി മാറുന്നുവെന്നും തോമസ് പരിഹസിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കോവിഡ് കാലത്തെ വിദേശയാത്രകളും പരിശോധിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം ഉള്ളതായി കസ്റ്റംസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണിൽ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടർന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും സ്വപ്ന കടന്നുകളയുകയായിരുന്നു.

കേസിൽ അറസ്റ്റിലായ പി ആർ സരിത്ത് കസ്റ്റംസ് കസ്റ്റഡിയിൽ. ഏഴു ദിവസത്തേയ്ക്കാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇത് കണക്കിലെടുത്താണ് കോടതി നടപടി. സരിത്തിന്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും.

സരിത്തിന്റെ ഫോണിന്റെ കോൾ റെക്കോഡ് വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് സ്വർണക്കടത്തിൽ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP