Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കൊടുവള്ളിയിലും കസ്റ്റംസ് റെയ്ഡ്; 30 കോടിയുടെ സ്വർണം വന്നത് കോഴിക്കോട്ടേക്കെന്ന് നിഗമനം; സൂത്രധാരർ കൊടുവള്ളി സ്വദേശികളെന്നും സംശയം; പരിശോധന നടന്നത് പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിൽ; സന്ദീപ് നായർക്കും സരിത്തിനും ഇയാളുമായി ബന്ധമെന്ന് സംശയം; നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ മുസലീം ലീഗും പ്രതിരോധത്തിൽ

സരിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കൊടുവള്ളിയിലും കസ്റ്റംസ് റെയ്ഡ്; 30 കോടിയുടെ സ്വർണം വന്നത് കോഴിക്കോട്ടേക്കെന്ന് നിഗമനം; സൂത്രധാരർ കൊടുവള്ളി സ്വദേശികളെന്നും സംശയം; പരിശോധന നടന്നത് പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിൽ; സന്ദീപ് നായർക്കും സരിത്തിനും ഇയാളുമായി ബന്ധമെന്ന് സംശയം; നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ മുസലീം ലീഗും പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നയതന്ത്രബാഗേജിലുടെ 30 കോടിയുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ വസ്ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിലായിരുന്നു സംഘം പരിശോധന നടത്തിയതും ചോദ്യചെയ്തതും. സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്തിനും പൊലീസ് തിരയുന്ന സന്ദീപ് നായർക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കൊടുവള്ളിക്കടുത്ത് തലപ്പെരുമണ്ണയിലെുള്ള ബന്ധുവീട്ടിലേക്ക് വിളിപ്പിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത് എന്നാണ് ലഭ്യമായ വിവരം. കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജൂവലറി ഉടമയുടെ മരുമകനുമാണ് ഇയാൾ. കോഴിക്കോട്ടെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ നിരവധി കടമുറികളും സ്ഥാപനങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. കൊടുവള്ളിയിലെ അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില ഇടനിലക്കാരുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, വീട്ടിൽ റെയ്ഡ് നടന്നിട്ടില്ലെന്നാണ് വ്യാപാരിയുടെ വിശദീകരണം. മൊഴിയെടുത്തതും നിഷേധിച്ചിട്ടുണ്ട്.

അതിനിടെ യുഎഇ സ്വർണ്ണക്കടത്തകേസിൽ 30 കോടിയുടെ സ്വർണം എത്തിക്കേണ്ടത് കോഴിക്കോട്ടെക്ക് ആയിരുന്നെന്നും, കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. വിമാനത്താവളത്തിൽ നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വർണം കടത്തിയതിനുപിന്നിൽ അഞ്ചുപേർയാണ് സൂത്രധാരന്മാരായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരുമായ സരിത്തിനും സ്വപ്നയ്ക്കും പുറമേ മൂന്നുപേർ കൂടിയുള്ളതായ നിർണായക വിവരം കസ്റ്റംസിന് ലഭിച്ചു. ചോദ്യം ചെയ്യലിൽ സരിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎഇയിലും സമാന്തരമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയുമാണ്. കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളി സ്വദേശി. ഒരു കടത്തലിന് 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്നയ്ക്കും ലഭിക്കും. സ്വപ്നയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് കൊടുവള്ളി സ്വദേശിയെക്കുറിച്ച് തെളിവ് ലഭിച്ചതെന്നാണ് അറിയുന്നത്.

സ്വർണം വന്നത് കോഴിക്കോട്ടെ ജൂവലറികളിലേക്കോ?

ലോകത്ത് എവിടെയും സ്വർണ്ണക്കടത്ത് പിടിച്ചാലും അതിൽ ഒരു കാസർകോട്ടുകാരനും കൊടുവള്ളിക്കാരനും ഉണ്ടാകുമെന്ന് തമാശ അന്വർഥമാക്കുന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല. കോഴിക്കോട്ടെ ജൂവലറികൾക്ക് വേണ്ടിയാണ് നയയന്ത്ര സ്വർണ്ണവും എത്തിയതെന്നാണ് അനൗദ്യോഗിക വിവരം.

പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. പക്ഷേ ഇപ്പോൾ കുഴപ്പണ ബിസിനസ് എതാണ്ട് നിലച്ച മട്ടാണ്. നോട്ടുനിരോധനത്തനും ഡിജിറ്റൽ ബാങ്കിങ്ങിനും നന്ദിപറയുക. ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്‌പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്. കൊടുവള്ളിയുടെ വിൻസന്റ്‌ഗോമസ് എന്നാണ് കാരാട്ട് റസാഖ് അറിയപ്പെടുന്നതും. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കുമെന്നാണ് കൊടുവള്ളിയുടെ അനുഭവം. നയതന്ത്ര കള്ളക്കടത്തിന് പിന്നിലും കൊടുവള്ളി സംഘമാണെന്ന വാർത്ത അതുകൊണ്ടുതന്നെ നാട്ടുകാരെ അതിശയിപ്പിക്കുന്നുമില്ല.

ബാഗേജ്, അയച്ച ഫാസിൽ ആര്?

യുഎഇയിൽ പ്രൊവിഷൻ ഷോപ്പ് നടത്തുന്ന ഫാസിൽ വഴിയാണ് ബാഗേജ് അയച്ചത്. ഇയാളുടെ കൊടുവള്ളി ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളെന്നാണ് ഇതിൽ കാണിച്ചിട്ടുള്ളത്. ഈന്തപ്പഴം, പാൽപ്പൊടി, ഓട്സ്, മാഗി, കറി പാക്കറ്റ്, ബട്ടർ കുക്കീസ്, നൂഡിൽസ് എന്നിങ്ങനെ ഏഴിനങ്ങളാണ് കോൺസുലേറ്റ് ഓർഡർ നൽകിയിരുന്നത്. എന്നാൽ, ബാഗേജിൽ ഭക്ഷ്യവസ്തുക്കൾക്കൊപ്പം 14.82 കോടി വിലമതിക്കുന്ന 30244.900 ഗ്രാം സ്വർണവും നിറച്ചു. സ്വർണം കൊണ്ടുവന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺസുലേറ്റ് അധികൃതർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

നയതന്ത്ര ബാഗേജ് കൊണ്ടുപോകേണ്ടത് കോൺസുലേറ്റിന്റെ വാഹനത്തിലാണ്. എന്നാൽ, സരിത് സ്വന്തം വാഹനത്തിലാണ് ബാഗ് കൊണ്ടുപോകാൻ എത്തിയത്. അതിനിടെ സ്വർണക്കടത്ത് പിടികൂടിയതോടെ സരിത് ഫോൺ ഫോർമാറ്റ് ചെയ്ത് പ്രധാന തെളിവുകൾ നശിപ്പിച്ചതായി കണ്ടെത്തി. സ്വർണം കടത്താൻ സ്വപ്നയെ ആരാണ് സഹായിച്ചതെന്ന് കണ്ടെത്തണം. തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോൺസുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ ഇവരെ സഹായിച്ചതായി സൂചനയുണ്ട്. കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ് ഒപ്പിട്ടുവാങ്ങിയത് സരിത്താണ്. കോൺസുലേറ്റ് പിആർഒ എന്ന പേരിലായിരുന്നു ഇത്. വിദേശത്തുനിന്ന് സ്വർണം അയച്ചത് ആരാണ്, ആർക്കുവേണ്ടി, കൂട്ടാളികൾ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്ക് സരിത് വ്യക്തമായ മറുപടി നൽകിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP