Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു വർഷത്തിനിടെ ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി കടത്തിയത് 100 കോടിയിലേറെ രൂപയുടെ സ്വർണം; സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു; സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയുടെ നടപടി വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന കസ്റ്റംസിന്റെ നിലപാടിനെ തുടർന്ന്; കേസിലെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇപ്പോഴും കാണാമറയത്ത്

ഒരു വർഷത്തിനിടെ ഡിപ്ലോമാറ്റിക് ബാ​ഗേജ് വഴി കടത്തിയത് 100 കോടിയിലേറെ രൂപയുടെ സ്വർണം; സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു; സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയുടെ നടപടി വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന കസ്റ്റംസിന്റെ നിലപാടിനെ തുടർന്ന്; കേസിലെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഇപ്പോഴും കാണാമറയത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ പി ആർ സരിത്തിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റഡ‍ിയിൽ വിട്ടത്. ഏഴു ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്ന് സരിത്തിനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കിയ സരിത്തിനെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധനയും നടത്തിയിരുന്നു.

സരിത്തുൾപ്പെട്ട എട്ട് ഇടപാടുകളെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണം കടത്തിയ വകയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ കമ്മിഷൻ ലഭിച്ചതായും സരിത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സരിത്തിന്റെ കയ്യിൽ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വർണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കി.സരിത്തിന്റെ ഫോണിന്റെ കോൾ റെക്കോഡ് വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽനിന്ന് സ്വർണക്കടത്തിൽ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു.  സരിത്തിന്റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. 

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടി രൂപയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ചത് സ്റ്റീൽ പൈപ്പുകളിലും ഡോർ ലോക്കുകളിലുമായാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റീൽ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പുറത്തെടുത്തത്. 30 കിലോയുള്ള സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് കാർഗോയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണമാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത്

അതേസമയം, കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ തുടരുകയാണ്. സ്വർണക്കടത്തുകേസിൽ താൻ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗിന്റെ കാര്യത്തിൽ ഇടപെട്ടതെന്നാണ് സ്വപ്നയുടെ വിശദീകരണം.

മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താൻ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും സ്വപ്നയുടെ ഹ‍ർജിയിൽ പറയുന്നു. കള്ളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. ഈ ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഒളിവിൽക്കഴിയുന്ന സന്ദീപിനായി കൊച്ചിയിൽ കസ്റ്റംസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളും മുൻകൂർ ജാമ്യാപേക്ഷയുമായി എത്താനാണ് സാധ്യത. കള്ളക്കടത്തിൽ വിദേശ പണമിടപാട് നടന്നിട്ടുണ്ട് എന്ന വിവരത്തെത്തുടർന്നാണ് ഫെമാ നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യപ്രതികളെ കസ്റ്റംസ് പിടികൂടിയ ശേഷമാകും എൻഫോഴ്സ്മെൻറ് നടപടികൾ തുടങ്ങുക.

സ്വപ്ന സുരേഷാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഇവരുടെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ചർച്ചയാകുന്നത്. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ സ്വപ്നക്ക് തലസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ്. ഇവർ യുഎഇയിലും ഇടക്കിടെ യാത്ര ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷെന്ന് വ്യക്തമായതോടെ സ്വപ്നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിൽ പോയിരുന്നു. ഇതോടെയാണ് സ്വപ്നയെ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്.

അതിവേഗമുള്ള പിരിച്ചു വിടലിന് പിന്നിൽ ഉന്നതരിലേക്ക് എത്താതെ കേസ് ഒതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. താൽക്കാലിക നിയമനം ആയിരുന്നു എന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. കോൺസുലേറ്റ് മുൻ പി.ആർ.ഒ. സരിത്തിൽ നിന്നും നിർണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നൽകി.

ആരാണ് സ്വർണക്കടത്തിന് പിന്നിൽ എന്ന് ഒളിപ്പിക്കാൻ സരിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മൊഴിയിൽ നിന്നും വ്യക്തമാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത്. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.

2019 മുതൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം ഇതുവരെ കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകി. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ല. സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തം. 10 മുതൽ 15 ലക്ഷം വരെ കമ്മിഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആർ.ഒ പോസ്റ്റിൽ നിന്ന് സരിത്തിനെ നീക്കിയിരുന്നു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോൺസുലേറ്റിൽ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവിൽ പോയ ഇവർക്കായി കസ്റ്റംസ് തിരച്ചിൽ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആർഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP