Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നിൽ അറസ്റ്റിൽ; എട്ട് പൊലീസുകാരെ വധിച്ച കൊടും കുറ്റവാളിയെ പിടികൂടുന്നത് ആറ് ദിവസത്തിന് ശേഷം; ദുബെയുടെ അടുത്ത അനുയായികളെ എൻകൗണ്ടറിലൂടെ വധിച്ച് യു.പി പൊലീസിന്റെ പ്രതികാരവും; ദുബൈ കെട്ടിപ്പൊക്കിയ സാമ്പ്രാജ്യങ്ങളും വെട്ടിനിരത്തി പൊലീസ് സംഘം; യു.പിയിലെ അധോലോക നായകന്റെ അടിവേര് തോണ്ടി പൊലീസ് സേന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നിൽ അറസ്റ്റിൽ. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പൊലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശിൽ പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്‌പി അടക്കം എട്ട് പൊലീസുകാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവിൽപോവുകയായിരുന്നു.

ഉത്തർപ്രദേശിലും പുറത്തുമായി വികാസ് ദുബെക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ കൂട്ടാളികളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലരെ ഏറ്റുമുട്ടലിൽ വധിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമർ ദുബെയും കഴിഞ്ഞ ദിവസം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച രാവിലെയാണ് ദുബെയുടെ സംഘത്തിൽപ്പെട്ട രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഇട്ടാവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രൺബീർ എന്നയാളെ പൊലീസ് വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. പൊലീസ് സംഘത്തിന് നേരേ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് രൺബീറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കാറും ഡബിൾ ബാരൽ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ഫരീദാബാദിൽ പിടിയിലായ പ്രഭാത് മിശ്ര പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. ഇയാളെ ഫരീദാബാദിൽനിന്ന് കാൺപുരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു. ഇതിനിടെ, പ്രഭാത് മിശ്ര ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ച് വീഴ്‌ത്തിയെന്നാണ് പൊലീസ് ഭാഷ്യം.

രാഷ്ട്രീയപ്രവർത്തകരുമായുള്ള സഹവാസത്തെ തുടർന്നാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചതെന്ന് വികാസ് ദുബെയുടെ മാതാവ് വ്യക്തമാക്കുന്നത്. എംഎൽഎയാവാനാണ് മുൻ മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയത്. മകൻ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇളയമകന്റെ കൂടെ ലഖ്‌നൗവിലാണ് മാതാവ് സരളാദേവി താമസിക്കുന്നത്. വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു,

ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ലാ ഭരണകൂടം ജെ.സി.ബികൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിരുന്നതകഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്‌നൗ കൃഷ്ണനനഗറിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. റെയ്ഡ് വിവരം വികാസ് ദുബെയ്ക്കും സംഘത്തിനും ചോർത്തിനൽകിയെന്ന് സംശയിക്കുന്ന പൊലീസുകാരനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിനയ് തിവാരി എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഉത്തർ പ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തത്.

വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്‌പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്.

എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയുമുണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വന്നു. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അക്രമികൾ കടന്നുകളഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP