Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എല്ലാവിധ നിയമങ്ങളും ലംഘിച്ച് നിർമ്മാണം നടത്തിയ സ്ഥാപനമാണ് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ്; സർക്കാർ ഇത് വിലകൊടുത്ത് വാങ്ങുകയല്ല ഏറ്റെടുക്കുകയാണ് വേണ്ടത്; സ്ഥാപനനടത്തിപ്പിന്റെ ഉടമസ്ഥത മാറിയതു കൊണ്ട് മാത്രം നാളിതുവരെ നടത്തിയ നിയമലംഘനങ്ങൾ ഇല്ലാതാകില്ലായെന്നും കാരപ്പുഴ സംരക്ഷണ സമിതി

എല്ലാവിധ നിയമങ്ങളും ലംഘിച്ച് നിർമ്മാണം നടത്തിയ സ്ഥാപനമാണ് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ്; സർക്കാർ ഇത് വിലകൊടുത്ത് വാങ്ങുകയല്ല ഏറ്റെടുക്കുകയാണ് വേണ്ടത്; സ്ഥാപനനടത്തിപ്പിന്റെ ഉടമസ്ഥത മാറിയതു കൊണ്ട് മാത്രം നാളിതുവരെ നടത്തിയ നിയമലംഘനങ്ങൾ ഇല്ലാതാകില്ലായെന്നും കാരപ്പുഴ സംരക്ഷണ സമിതി

ജാസിം മൊയ്ദീൻ

കൽപറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജിനായി മേപ്പാടിയിൽ ആസ്റ്റർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡോക്ടർ വിംസ് മെഡിക്കൽ കോളേജ് ആശുപത്രി വിലകൊടുത്തു വാങ്ങുകയല്ല, പകരം പ്രത്യേക ഉത്തരവിലൂടെ ഏറ്റെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കാരപ്പുഴ സംരക്ഷണ സമിതി കൺവീനർ ഡോ. ഹരി പി.ജി മറുനാടൻ മലയാളിയോട് പറഞ്ഞു.

നിർമ്മാണ ഘട്ടത്തിൽ തന്നെ നിരവധിയായ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനമാണ് ഡോക്ടർ വിംസ് മെഡിക്കൽ കോളേജ്. ഭൂ-പരിസ്ഥിതി -മെഡിക്കൽ നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങളാണ് ആശുപത്രിയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ ഉണ്ടായിട്ടുള്ളത്. ഭൂപരിധിനിയമങ്ങളും തോട്ടഭൂമി സംരക്ഷണ നിയമങ്ങളുമെല്ലാം ലംഘിച്ച് കെട്ടിപ്പൊക്കിയ സ്ഥാപനമാണ് ഈ ആശുപത്രി.

മെഡിക്കൽ കൗൺസിൽ നിയമങ്ങൾ മറികടക്കാൻ അന്നത്തെ സർക്കാറിന്റെ സ്വാധീനം ഉപയോഗിച്ചതുപോലെ ഇത്തവണയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മാനേജ്‌മെന്റും ഗവൺമെന്റിലെ സ്വാർത്ഥതാത്പര്യക്കാരും ചേർന്ന് ചെയ്യുന്നത്. സ്ഥാപന നടത്തിപ്പിന്റെ ഉടമസ്ഥാവകാശം മാറിയതുകൊണ്ട് മാത്രം ഈ നിയമലംഘനങ്ങൾ ഇല്ലാതാകില്ല. ഈ ആശുപത്രി ഏറ്റെടുക്കുന്നത് വയനാട്ടിനാകെ ഗുണം ചെയ്യുന്ന പദ്ധതിയാണെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. സത്യത്തിൽ നഷ്ടത്തിലായ ആസാദ് മൂപ്പന്റെ ആശുപത്രിയെ സർക്കാർ പണം ഉപയോഗിച്ച് രക്ഷിച്ചെടുക്കുന്ന പദ്ധതിയാണിതെന്നും ഡോ.ഹരി പി.ജി മറുനാടൻ മലയാളിയോട് പറഞ്ഞു.

2010 മുതൽ വയനാട് ജില്ലയിൽ 300 കിടക്കകളോട് കൂടിയ ആശുപത്രി നടത്തിവരികയാണെന്നും അത് മെഡിക്കൽ കോളേജായി ഉയർത്താൻ യോഗ്യമാണെന്നുമുള്ള വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ സ്വകാര്യസ്വാശ്രയമെഡിക്കൽ കോളേജിനു അനുമതി വാങ്ങിയെടുക്കുമ്പോൾ ഇവിടെ ഡോ. ആസാദ് മൂപ്പനോ അദ്ദേഹത്തിന്റെ ട്രസ്റ്റിനൊ ഒരു സെന്റ് ഭൂമിപോലും ഇല്ലായിരുന്നു. തോട്ടഭൂമി എന്നനിലയിൽ വിവിധ ഭൂനിയമങ്ങളുടെ സംരക്ഷണത്തിൽ പെടുന്ന കോളേരി എസ്റ്റേറ്റിന്റെ അനധികൃത തരംമാറ്റവും കൈമാറ്റവും നടത്തി കെട്ടിടനിർമ്മാണം ആരംഭിക്കുന്നത് ഏകദേശം ഒരു വർഷത്തിനുശേഷമാണ്.

അതീവ പാരിസ്ഥിതിക ദുർബലപ്രദേശത്ത് ആരംഭിക്കുന്ന ഈ വൻകിട പദ്ധതി പരിസ്ഥിതിക്കും മറ്റും ഏൽപ്പിക്കുന്ന പരിക്കിനെ കുറിച്ചും നിയമലംഘനങ്ങളെ കുറിച്ചും ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ദ്ധസമിതി സ്ഥലം സന്ദർശിച്ച് വിശദമായിതന്നെ അധികാരികളെ അറിയിച്ചതാണ്. വയനാട്ടിലെ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത മെഡിക്കൽ ടൂറിസം മെഡിക്കൽ കോളേജിനു പകരം ഗവൺമെന്റ് മെഡിക്കൽ കോളേജും ശ്രീചിത്രയുടെ സൂപ്പർസെപ്ഷ്യാലിറ്റി സെന്ററിന്റെയും അനുമതിയും നിർമ്മാണവും വേഗത്തിലാക്കണമെന്നും പഠനത്തിന് ഏകോപനം നടത്തിയ ഡോ.വി എസ് വിജയൻ , ഡോ.എ.അച്ചുതൻ, അംഗങ്ങളായ ഡോ. സജീവൻ, ഡോ. അമൃത്, ഡോ അനിൽ സക്കറിയ സി.ആർ.നീലകണ്ഠൻ എന്നിവർ അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഴുവർഷങ്ങൾക്ക്‌ശേഷവും ഗവ മെഡിക്കൽ കോളേജ് സ്ഥലമെടുപ്പു പോലും കഴിഞ്ഞിട്ടില്ല. അതിനായി സൗജന്യം ലഭിച്ച ഭൂമിയിൽ മരം മുറി കഴിയുകയും റോഡ്‌നിർമ്മാണം ആരംഭിക്കുകയും ചെയ്തശേഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉപേക്ഷിച്ചതിന്റെ പിന്നിൽ സ്വകാര്യമെഡിക്കൽ കോളേജ് കൈമാറ്റത്തിനായി അണിയറപ്രവർത്തനം നടത്തുന്നവരുടെ കൈകളായിരുന്നുവെന്ന് കൂടുതൽ തെളിയുകയാണിപ്പോൾ .

മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ തെളിവുകളും രേഖകളും അടക്കം കരാപ്പുഴസംരക്ഷണസമിതി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിക്കുകയും തുടർന്നു ഹൈക്കോടതിയിൽ എത്തുകയും സമർപ്പിച്ച രേഖകൾ പ്രകാരം സമിതിയുടെ വാദങ്ങൾ ശരിയാണെന്നും എന്നാൽ ആരോഗ്യസെക്രട്ടറി ഗവൺമെന്റിനു നഷ്ടംവരുത്തിയില്ലയെന്നും ദുരുദ്ദേശമുണ്ടായിരുന്നില്ല എന്നുമുള്ള വിശദീകരണത്തിൽ അവസാനിപ്പിക്കുകയായിരുന്നു. അത്തരത്തിൽ ആരംഭിച്ച ഒരു സ്ഥാപനം മാനേജ്‌മെന്റ് കരുതിയപോലെ ലാഭകരമാകാതിരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് നടത്തുന്ന വിലയ്ക്കുവാങ്ങൽ ജനങ്ങളെ വിഡ്ഢിയാക്കലും പ്രത്യക്ഷമായ അഴിമതിയുമാണ്.

മാനേജ്‌മെന്റ് നടത്തിയ നിയമലംഘനങ്ങളും അഴിമതിയും ചൂണ്ടിക്കാട്ടി നിയമപരമായി തന്നെ ഏറ്റെടുക്കാവുന്ന ഒരു വൻകിടസ്ഥാപനമാണ് നിരവധികോടികൾ വില നൽകി വാങ്ങുന്നത്. നിലവിൽ കഴിഞ്ഞ രണ്ടോ മൂന്നോ ബാച്ച് അഡ്‌മിഷൻ നടക്കാതിരിക്കുകയും തുടർച്ചയായ വർഷങ്ങളിലെ വെള്ളപ്പൊക്കവും മലയിടിച്ചിലുമൊക്കെയായി പ്രതീക്ഷിച്ച പോലെ വിദേശത്ത്‌നിന്നു രോഗികളെ എത്തിച്ച് ആരോഗ്യ ടൂറിസം പ്രാവർത്തികമാകാതെയും വലിയ നിയമ-സാമ്പത്തിക കുരുക്കിലായ മാനേജ്‌മെന്റിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം മാത്രമാണിത്. നിയമലംഘനങ്ങളിലൂടെമാത്രം കെട്ടിപ്പൊക്കിയ ഡി.എം.വിംസ് എന്ന സ്വകാര്യ- സ്വാശ്രയ മെഡിക്കൽ കോളേജിന്റെ മാനേജിങ് ട്രസ്റ്റി ഡോ ആസാദ് മൂപ്പനെ ജനങ്ങൾക്ക് മുന്നിൽ വെള്ളപൂശി ദൈവമായി അവതരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് 250കോടിരൂപ ഇളവ്. സാധ്യതാ പഠന വിദഗ്ധ സമിതി സ്ഥലവും സ്ഥാപനവും സന്ദർശിച്ച് വിലയും സാധ്യതകളും മറ്റുവ്യവസ്ഥകളും തീരുമാനിക്കുന്നതിനു മുൻപ് തന്നെയുള്ള ആസാദ്മൂപ്പന്റെ പ്രസ്താവന രാഷ്ട്രീയ നിറവ്യത്യസമില്ലാതെ അദ്ദേഹത്തിനുവേണ്ടി അണിയറയിൽ നടക്കുന്ന ചരടുവലികളുടെ തെളിവാണെന്ന് സമിതി ആരോപിച്ചു.

നാളെ സന്ദർശിക്കുന്ന വിദഗ്ധസമിതി അംഗങ്ങളുടെ ഈരംഗത്തെ വൈദഗ്ധ്യവും തീരുമാനമെടുക്കാനുള്ള അധികാരത്തെ കുറിച്ചും ആശങ്ക ഉയർന്നുകഴിഞ്ഞു. ജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഈ വിഷയത്തിൽ നാളിതുവരെ നടന്ന നീക്കങ്ങളും നിലവിൽ സ്ഥാപനത്തിന്റെ അവസ്ഥയും കണ്ടെത്തലുകളും തുറന്നു പറയണമെന്ന് വിദഗ്ധസമിതി അംഗങ്ങളോട് കാരപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. സ്ഥാപനനടത്തിപ്പിന്റെ ഉടമസ്ഥത മാറിയതു കൊണ്ട് മാത്രം നാളിതുവരെ നടത്തിയ നിയമലംഘനങ്ങൾ ഇല്ലാതാകില്ലായെന്നും .അതുകൊണ്ട് തന്നെ വിലയ്ക്ക് വാങ്ങലിനുപകരം നിയമപരമായി ഏറ്റെടുക്കുകയാണ് വേണ്ടതെന്നും കാരാപ്പുഴ സംരക്ഷണ ജനകീയസമിതി ചെയർമാൻ തോമസ് അമ്പലവയൽ, കൺവീനർ ഡോ.ഹരിപി.ജി എന്നിവർ ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP