Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാറയ്ക്കലിലെ നേതാവ് നടത്തിയത് സ്വർണം പുറത്തിറക്കാനുള്ള കൈവിട്ട കളി; തിരുവനന്തപുരത്ത് വീടുള്ള യൂണിയൻ നേതാവ് നിരീക്ഷണത്തിൽ; തിരുവനന്തപുരത്ത് നിന്ന് സ്വപ്‌നയും സന്ദീപും കടന്നത് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആംബുലൻസിലെന്നും സൂചന; ചെന്നൈയിൽ ഫോൺ സ്വിച്ച് ഓൺ ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രം; സ്വർണ്ണ കുരുക്ക് തുടങ്ങിയ ശേഷം സ്വപ്‌ന വിളിച്ചത് വിവിഐപികളെ മാത്രം; സിബിഐ എത്തിയാൽ വമ്പന്മാർ കുടുങ്ങും

ഞാറയ്ക്കലിലെ നേതാവ് നടത്തിയത് സ്വർണം പുറത്തിറക്കാനുള്ള കൈവിട്ട കളി; തിരുവനന്തപുരത്ത് വീടുള്ള യൂണിയൻ നേതാവ് നിരീക്ഷണത്തിൽ; തിരുവനന്തപുരത്ത് നിന്ന് സ്വപ്‌നയും സന്ദീപും കടന്നത് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ആംബുലൻസിലെന്നും സൂചന; ചെന്നൈയിൽ ഫോൺ സ്വിച്ച് ഓൺ ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള തന്ത്രം; സ്വർണ്ണ കുരുക്ക് തുടങ്ങിയ ശേഷം സ്വപ്‌ന വിളിച്ചത് വിവിഐപികളെ മാത്രം; സിബിഐ എത്തിയാൽ വമ്പന്മാർ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാൽ 'പണിതെറിക്കു'മെന്ന് ഭീഷണിപ്പെടുത്തിയത് നേതാവ് തന്നെ. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴിയെത്തിയ സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതുകൊച്ചി സ്വദേശിയായ ട്രേഡ് യൂണിയൻ നേതാവ് എന്ന വിവരത്തിനൊപ്പം പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഞാറയ്ക്കൽ സ്വദേശിയായ ട്രേഡ് യൂണിയൻ നേതാവാണ് വിളിച്ചതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. അന്വേഷണത്തിന് സിബിഐ എത്തിയാൽ പല പ്രമുഖരും കുടുങ്ങുമെന്നാണ് സൂചന.

സ്വപ്ന ഒളിവിൽ പോയിട്ട് അഞ്ചു ദിവസമായി. കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്നയും ഒളിവിൽ കഴിയുന്നതെന്നാണ് സൂചന. സ്വപ്‌നയുടെ ഫോൺ ചെന്നൈയിലെ രണ്ട് ടവറുകളുടെ പരിധിയിൽ ഓൺ ആയത് അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനാണെന്നും സൂചനയുണ്ട്. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാനും ഉറ്റബന്ധുവിനെ വിളിക്കാനുമാണ് ഫോൺ ഓണായത്. അന്വേഷകരെ വഴിതെറ്റിക്കാൻ ഫോൺ ആരെങ്കിലും ചെന്നൈയിലേക്ക് കൊണ്ടുപോയതാണോയെന്ന് സംശയമുണ്ട്. സ്വപ്നയുടെ ഫോൺവിളി രേഖകൾ പരിശോധിച്ച് അവരുമായി ബന്ധമുള്ള ഉന്നതരെ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. സ്വപ്ന സുരേഷും സന്ദീപ് നായരും രണ്ടു വർഷമായി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ വൻതോതിൽ സ്വർണം കടത്തുകയായിരുന്നെന്ന് കസ്റ്റംസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

യു.എ.ഇ കോൺസുലേറ്റിൽ ജോലിക്കെത്തിയതു മുതൽ കടത്ത് തുടങ്ങി. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് സ്വർണക്കടത്ത് മാറിയെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതോടെ സിബിഐയും എൻ.ഐ.എയും അന്വേഷണ നടപടികൾ തുടങ്ങി. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ഇന്നലെ രണ്ട് സിബിഐ ഇൻസ്‌പെക്ടർമാരെത്തി അന്വേഷണ വിവരം ശേഖരിച്ചു. രണ്ടു വർഷത്തിനിടെ എത്രതവണ ഡിപ്‌ളോമാറ്റിക് ബാഗുകൾ വന്നെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്.

സന്ദീപ് സ്വർണക്കടത്തുകാരനാണെന്ന് അറിയാമെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകി. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. രഹസ്യ ചർച്ചകളാണ് പലപ്പോഴും നടന്നത്. നിരവധിതവണ ദുബായ് യാത്രകൾ നടത്തിയിട്ടുണ്ട്. മൂവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ട്. സൗമ്യയെ ഇന്നലെ ആറു മണിക്കൂർ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യംചെയ്തിരുന്നു. വിട്ടയച്ച ഇവർ കേസിൽ സാക്ഷിയായേക്കും. 2014ൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മൂന്നരകിലോ സ്വർണം കടത്തിയ കേസിൽ സന്ദീപ് അറസ്റ്റിലായിരുന്നു. അഞ്ചുമാസം മുമ്പാണ് നെടുമങ്ങാട്ട് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്.

വർക്ക്‌ഷോപ്പിൽ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയാൽ അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ കോടതിയിൽ കീഴടങ്ങുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. സ്വപ്നയെ കണ്ടെത്താൽ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസിൽ ഇനി സ്വപ്ന സുരേഷിന്റെ മൊഴിയാണ് നിർണായകമാകുക. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ, ഐ.പി.എസ്. ഐ.എ.എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരുമായുള്ള ബന്ധം സ്വർണക്കടത്തിന് ഉപയോഗിച്ചോ എന്ന് കസ്റ്റംസ് പരിശോധിക്കും.

ഇക്കാര്യത്തിൽ സ്വപ്നയെ ചോദ്യംചെയ്യുന്നതോടെയേ വ്യക്തത വരൂ. അതിനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ബാഗേജ് കൈപ്പറ്റാനായി കോൺസുലേറ്റിലെ ലെറ്റർപാഡിലുള്ള കത്തുമായി എത്തിയ സരിത്തിനെ കസ്റ്റംസ് അസി. കമ്മിഷണർ എച്ച്. രാമമൂർത്തി മടക്കി അയച്ചതോടെ സ്വപ്ന അപകടം മണത്തിരുന്നു. ശനിയാഴ്ച മൂന്നുമണിയോടെ അവർ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് മുങ്ങുകയായിരുന്നു. ഇതിനിടെയാണ് തൊഴിലാളി നേതാവിന്റെ ഇടപെടൽ.

കസ്റ്റംസ് ഉദ്യോഗസ്ഥർ വഴങ്ങാതായതോടെ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ യൂണിയൻ നേതാവ് നേരിട്ട് ഇടപെടുത്തിയെന്നും വ്യക്തമായി. സ്വർണമെത്തിയ പാഴ്സൽ പൊട്ടിച്ചു പരിശോധിക്കും മുൻപു യുഎഇയിലേക്കു തിരികെ അയപ്പിക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രമം നടത്തി. ഇടപെടൽ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്സലിൽ സ്വർണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്. നേതാവിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

ഇദ്ദേഹത്തിൻ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയതായും സൂചനയുണ്ട്. കള്ളക്കടത്തിൽ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായർ പലപ്പോഴും ഇദ്ദേഹത്തിന്റെ വീടു സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP