Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ടയിലെ എംഎസ്എഫ് നേതാവിന് രോഗംവന്നപ്പോൾ ദേശാഭിമാനി എഴുതിയത് യുഡിഎഫുകാർ കോവിഡ് പരത്തുന്നുവെന്ന്; ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സമ്പർക്ക പട്ടിക അതിനേക്കാൾ വിപുലം; ജില്ലാ സെക്രട്ടറിയും കമ്മറ്റിയംഗവും നിരീക്ഷണത്തിൽ; ലോക്ഡൗൺ ചട്ടം ലംഘിച്ച 60 വയസു കഴിഞ്ഞ നേതാക്കളെുടെ പേര് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും ആക്ഷേപം

പത്തനംതിട്ടയിലെ എംഎസ്എഫ് നേതാവിന് രോഗംവന്നപ്പോൾ ദേശാഭിമാനി എഴുതിയത് യുഡിഎഫുകാർ കോവിഡ് പരത്തുന്നുവെന്ന്; ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ സമ്പർക്ക പട്ടിക അതിനേക്കാൾ വിപുലം; ജില്ലാ സെക്രട്ടറിയും കമ്മറ്റിയംഗവും നിരീക്ഷണത്തിൽ; ലോക്ഡൗൺ ചട്ടം ലംഘിച്ച 60 വയസു കഴിഞ്ഞ നേതാക്കളെുടെ പേര് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും ആക്ഷേപം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ സിപിഎമ്മിന് കോവിഡ് കുരുക്ക്. ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവും അടക്കം നിരീക്ഷണത്തിൽപ്പോയി. പത്തനംതിട്ട ഏരിയാ കമ്മറ്റി അംഗം കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായതോടെയാണ് ജില്ലയിൽ പാർട്ടിയും മുഖപത്രമായ ദേശാഭിമാനിയും വെട്ടിലായിരിക്കുന്നത്.

കുലശേഖരപതി സ്വദേശിയായ എം.എസ്.എഫ് നേതാവിന് കോവിഡ് വന്നപ്പോൾ സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയത് യുഡിഎഫുകാർ കോവിഡ് പരത്തുന്നുവെന്നായിരുന്നു. എന്നാൽ, ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് കുലശേഖരപതിയിൽ നിന്നു തന്നെയുള്ള സിപിഎം ഏരിയാ കമ്മറ്റി അംഗത്തിനാണ്. കുമ്പഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഇയാൾ പോകാത്ത സ്ഥലങ്ങളില്ല. പാർട്ടിയുടെ അടക്കം യോഗങ്ങളിൽ പങ്കെടുത്തു.

വന്ദ്യവയോധികനായ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ അടക്കം ഇയാൾക്കൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. 60 വയസ് കഴിഞ്ഞവർ വീടിന് വെളിയിൽ ഇറങ്ങരുത് എന്ന ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചാണ് ഇവർ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. ഏരിയാ കമ്മറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ കമ്മറ്റി അംഗം സക്കീർ ഹുസൈൻ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു.

മുതിർന്ന നേതാവ് ടി.കെ.ജി നായർ, അമൃതം ഗോകുലൻ എന്നിവരെ ഹോം ക്വാറന്റൈനിലാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. യുഡിഎഫുകാരന്റെ തലയിൽ കയറാൻ പോയ സിപിഎമ്മും പാർട്ടി മുഖപത്രവും അക്ഷരാർഥത്തിൽ പെട്ടു കിടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപായി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ വിളിച്ചു ചേർന്ന പ്രാദേശിക ഭാരവാഹികളുടെ യോഗത്തിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കപ്പെട്ട ഏരിയാ നേതാവ് പങ്കെടുത്തത്. സിപിഎമ്മിന്റെ ജില്ലാ നേതാക്കൾ ആയതിനാൽ 60 വയസ് കഴിഞ്ഞവർ വെളിയിൽ ഇറങ്ങരുതെന്ന നിയമം ഇവിടെ ആർക്കും ബാധകമല്ല.

അതാണിപ്പോൾ നേതാക്കൾക്ക് കുരിശായിരിക്കുന്നത്. ഇവർക്കെതിരേ നിയമ നടപടി പൊലീസ് എടുക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കാൻ യോഗത്തിന്റെ തീയതി മാറ്റിപ്പറയുകയോ രോഗബാധിതൻ പങ്കെടുത്തില്ലെന്ന് പ്രചരിപ്പിക്കുകയോ ചെയ്യണമെന്നുള്ള രഹസ്യ നിർദ്ദേശം നൽകിയെന്നാണ് സൂചന. കുലശേഖരപതി സ്വദേശിയായ ഏരിയാ നേതാവിന് രണ്ടാഴ്ചയായി പനി ഉണ്ടായിരുന്നു. രോഗം വർധിച്ചപ്പോൾ കഴിഞ്ഞ രണ്ടിനാണ് ഇദ്ദേഹം പനി ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. ന്യൂമോണിയ ആയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെയും റൂട്ട് മാപ്പ് അതിവിപുലമാണ്. കുമ്പഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഇയാൾ കേരളാ ബാങ്ക് ആസ്ഥാന ഓഫീസ്, കുമ്പഴ ഓഫീസ്, സിപിഎം ജില്ലാ, ഏരിയാ കമ്മറ്റി ഓഫീസുകൾ തുടങ്ങി പൊതുജനസമ്പർക്കം ഏറെയുള്ള പ്രദേശങ്ങളിൽ എത്തിയിരുന്നു. രോഗം ഗുരുതരമായതിനാൽ ഇയാളിൽ നിന്നും റൂട്ട് മാപ്പ് കണ്ടെത്തുക പ്രയാസമാണ്. സിപിഎമ്മിന്റെ ഒട്ടുമിക്ക ജില്ലാ, ലോക്കൽ നേതാക്കളും ഇയാളുമായി അടുത്തിടപഴകുകയും യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ തീയതികൾ മാറ്റിപ്പറയാൻ നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്. ബാങ്കുകളിൽ ഒരു പാട് ജീവനക്കാർ ഇയാളുമായി ഇടപഴകിയിട്ടുണ്ട്. അവരെല്ലാം ഹോം ക്വാറന്റൈനിൽ പോകേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ യുഡിഎഫുകാർ കോവിഡ് പരത്തുന്നുവെന്ന് എഴുതിയ ദേശാഭിമാനി ഇപ്പോൾ എന്തു പറയുന്നുവെന്നാണ് യുഡിഎഫുകാർ ചോദിക്കുന്നത്. എം.എസ്.എഫ് നേതാവിന്റെ സമ്പർക്കപ്പട്ടികയിൽ 1000 പേരുണ്ടെങ്കിൽ, ഇത് അതിലധികമാകും എന്നാണ് സൂചന. മരണ വീട്ടിലും ഗൃഹപ്രവേശനം നടക്കുന്നയിടത്തും ഇയാൾ പോയെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP