Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച എപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം; കോൺസുലേറ്റിലെ സല്യൂട്ട് വിവാദത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാനുള്ള ശുപാർശയ്ക്ക് പിന്നിലും ഉന്നതർ; സ്വപ്നയെ കണ്ടെത്താനുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൊലീസിനെ സഹകരിപ്പിക്കാതെ; ചോദിച്ച സിസിടിവി ദൃശ്യങ്ങൾ പോലും നൽകാതെ കൂറ് വ്യക്തമാക്കി കേരളാ പൊലീസും; സ്വപ്‌നാ സുരേഷ് വെറുമൊരു 'ചെറിയ മീനല്ല' എന്ന് അമേരിക്കയിലെ സഹോദരനും; സ്വർണ്ണ കടത്ത് ആസൂത്രക ഒളിവിൽ തുടരുമ്പോൾ

രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച എപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം; കോൺസുലേറ്റിലെ സല്യൂട്ട് വിവാദത്തിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാനുള്ള ശുപാർശയ്ക്ക് പിന്നിലും ഉന്നതർ; സ്വപ്നയെ കണ്ടെത്താനുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൊലീസിനെ സഹകരിപ്പിക്കാതെ; ചോദിച്ച സിസിടിവി ദൃശ്യങ്ങൾ പോലും നൽകാതെ കൂറ് വ്യക്തമാക്കി കേരളാ പൊലീസും; സ്വപ്‌നാ സുരേഷ് വെറുമൊരു 'ചെറിയ മീനല്ല' എന്ന് അമേരിക്കയിലെ സഹോദരനും; സ്വർണ്ണ കടത്ത് ആസൂത്രക ഒളിവിൽ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് കേന്ദ്ര ഏജൻസികൾക്ക് നാണക്കേടാകുന്നു. അതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമ്പോൾ ഇനി ഹൈക്കോടതി ഉത്തരവ് വരും വരെ കാത്തിരിക്കേണ്ടിയും വരുമെന്ന വിലയിരുത്തലുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നാലു ദിവസമായി ഒളിവിലാണു സ്വപ്ന സുരേഷ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മുൻകൂർ ജാമ്യ ഹർജി നൽകുന്നത്. ഇതോടെ സ്വപ്‌നം കേരളം വിട്ടിട്ടില്ലെന്ന് വ്യക്തമാകുകയാണ്. ഈ കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഇനി നിർണ്ണായകമാകും. എഫ് ഐ ആറിൽ സ്വപ്നയെ ഇനിയും പ്രതിചേർത്തിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യ ഹർജിയിൽ കസ്റ്റംസും സർക്കാരും എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

സ്വപ്‌നയേയും ഇപ്പോഴത്തെ ഭർത്താവിനേയും രണ്ട് മക്കളേയും കുറിച്ച് തുമ്പൊന്നും കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇതിനിടെ സ്വപ്നയെ വകവരുത്താൻ സ്വർണ്ണ കടത്ത് കേസ് മാഫിയ ശ്രമിക്കുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരുടെ സംരക്ഷണയിലാണ് സ്വപ്‌നയുള്ളതെന്നതിൽ കസ്റ്റംസിന് വ്യക്തമായ വിവരം കിട്ടാത്തതും പ്രതിസന്ധിയാണ്. സ്വപ്‌നയുടെ വീട്ടുകാർക്ക് അവരെ കുറിച്ച് യാതൊരു അറിവുമില്ല. സ്വപ്‌നയുടെ സഹോദരൻ അടക്കമുള്ളവർ ശത്രു സ്ഥാനത്തുമാണ്. സ്വപ്നയ്ക്ക് 2 ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുള്ള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നീക്കമുണ്ട്.

കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജൻസ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം സ്വപ്നയെ തിരയുന്നത്. കസ്റ്റംസിന്റെ 2 സംഘങ്ങൾ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിൽ വിവരങ്ങൾ ചോരുന്നതു തടയാൻ കേരള പൊലീസിനെ മാറ്റിനിർത്തിയാണു കസ്റ്റംസിന്റെ അന്വേഷണം. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ രണ്ടു ദിവസമായിട്ടും കസ്റ്റംസിനു നൽകാതെ പൊലീസ്. പ്രതി സരിത് കാർഗോ കോംപ്ലക്‌സിലെത്താൻ ഉപയോഗിച്ച കോൺസുലേറ്റിന്റെ കാർ വിവിധ റൂട്ടുകളിൽ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ കോൺസുലേറ്റ് ഓഫിസിൽ ഗാർഡായ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന ശുപാർശ പോലും കോൺസുലേറ്റിൽ നിന്ന് കമ്മിഷണർ ഓഫീസിലെത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന കുതിപ്പ് തുടർന്നത്. ഇതിനെല്ലാം കേരളാ പൊലീസിലെ ഉന്നതരുടെ പിന്തുണയുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് അതീവ രഹസ്യമായി അന്വേഷണം നടത്തുന്നത്.

കാർഗോ കോംപ്ലക്‌സിലെത്തുന്നതും മടങ്ങുന്നതുമായ റൂട്ടുകളിലെ കഴിഞ്ഞ 3 മാസത്തെ ദൃശ്യങ്ങൾ നൽകണമെന്ന് തീയതികൾ സഹിതം വ്യക്തമാക്കി ചൊവ്വാഴ്ച രാവിലെ പൊലീസിന് കസ്റ്റംസ് കത്തുനൽകി. പൊലീസ് ഇതുവരെ ദൃശ്യങ്ങൾ കൈമാറുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല. കാർഗോ കോംപ്ലക്‌സിൽ നിന്നു മടങ്ങുന്ന വഴിയിൽ, കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നു സ്വർണം സ്വകാര്യ കാറിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നാണു കസ്റ്റംസ് കരുതുന്നത്. കള്ളക്കടത്തിനുപയോഗിച്ച സ്വകാര്യ കാർ, കേസിൽ നിർണായകമായ തെളിവാണ്. കാർ ഓടിച്ചത് ആരാണെന്നു കണ്ടെത്താനും കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ദൃശ്യങ്ങൾ സഹായിക്കും.

അതിനിടെ സ്വർണക്കടത്തു കേസിൽ വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി.

അതിനിടെ സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പ്രതികരിച്ചു. യുഎസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി' സഹോദരൻ പറയുന്നു. 'എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല'-ബ്രൈറ്റ് വിശദീകരിക്കുന്നു.

'എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല' ബ്രൈറ്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP