Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്ന് സരിതയും അവിഹിതങ്ങളും അവരുടെ അലമാരിയിലെ സാരിയുടെ എണ്ണവും ; ഇന്ന് സ്വപ്നയുടെ ആരും പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിൽ കൗതുകം; പെണ്ണ് കുറ്റവാളിയാകുമ്പോൾ ശാരീരിക സൗന്ദര്യം കൂടുതലായും ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ട്? ഫ്രീലാൻസ് എഴുത്തുകാരി ജീന അൽഫോൻസ ജോണിന്റെ കുറിപ്പ്

അന്ന് സരിതയും അവിഹിതങ്ങളും അവരുടെ അലമാരിയിലെ സാരിയുടെ എണ്ണവും ; ഇന്ന് സ്വപ്നയുടെ ആരും പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിൽ കൗതുകം; പെണ്ണ് കുറ്റവാളിയാകുമ്പോൾ ശാരീരിക സൗന്ദര്യം കൂടുതലായും ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ട്? ഫ്രീലാൻസ് എഴുത്തുകാരി ജീന അൽഫോൻസ ജോണിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കുറച്ചുകാലം കൂടത്തായിയിലെ ജോളിയായിരുന്നു മാധ്യമങ്ങളുടെ ഇഷ്ടവിഷയം. ക്രൈമിന്റെ നിഗൂഢ സ്വഭാവം കൊണ്ടുതന്നെ വിഷയം ആകാംക്ഷ ജനിപ്പിക്കുന്നതായി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങളെ പിടിച്ചുകുലുക്കിയ സരിത എസ്. നായരുടെ വിശേഷങ്ങൾ വിളമ്പുന്നതിലായിരുന്നു കൗതുകം. ഇപ്പോൾ, സ്വപ്‌ന സുരേഷിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും വരുന്നു. സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ മാത്രം ശാരീരിക സൗന്ദര്യം കൂടുതലായി ചർച്ച ചെയ്യപ്പെടുന്ന ട്രെൻഡിനെ കുറിച്ച് എഴുതുകയാണ് ഫ്രീലാൻസ് എഴുത്തുകാരിയ ജീന അൽഫോൻസ ജോൺ ഫേസ്‌ബുക്കിൽ.

ജീനയുടെ കുറിപ്പ് ഇങ്ങനെ:

പെണ്ണ് കുറ്റകൃത്യം ചെയ്യുമ്പോൾ അവളുടെ ശാരീരിക സൗന്ദര്യം കൂടുതലായും ചർച്ച ചെയ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അന്നത് സരിത ആണെങ്കിൽ ഇന്ന് സ്വപ്ന. ഇന്നലത്തെ, രാത്രിയിലെ ചൂടുള്ള അന്തിചർച്ചകളിൽ പല ബഹുമാനാർഹരായ വ്യക്തികൾ പോലും, 'സ്വപ്ന സുന്ദരിയായ സ്വപ്ന' 'മാദക സൗന്ദര്യം ' എന്നൊക്കെ പറയുന്നത് കേട്ട് പുച്ഛം തോന്നിപ്പോയി.

ഏകദേശം 7 വർഷങ്ങൾക്ക് മുൻപ് സോളാർ കേസിന്റെ സമയത്തും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. സരിതയും അവിഹിതങ്ങളും എന്ന നിലയിൽ മാത്രമാണ് അന്ന് ആ കേസ് മുഴുവനായും സഞ്ചരിച്ചത്. സരിതയുടെ അലമാരിയിലെ സാരിയുടെ എണ്ണവും, എങ്ങനെ നന്നായി സാരി ഉടുക്കാം എന്നതൊക്കെയായിരുന്നു അന്ന് പല യൂട്യൂബ് ചാനലുകളിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും trending ചർച്ച വിഷയം. എന്തുമാത്രം പേജുകളാണ് സരിതയ്ക്ക് വേണ്ടി നവ മാധ്യമങ്ങളിൽ ഉയർന്ന് വന്നത്.. പലതിനും പതിനായിരക്കണക്കിന് ഫോളോവെഴ്‌സ്. സരിത ഫാൻസ് അസോസിയേഷൻ പോലും സ്ഥാപിക്കപ്പെട്ട് ചൂടുള്ള വാർത്തകൾ കൈമാറി.. അതുകൊണ്ടൊക്കെ തന്നെ, കേസ് സ്വാഹാ... പെൻഡ്രൈവ് തപ്പി മാത്രം എന്തുമാത്രം നികുതി തുകയാണ് സംസ്ഥാനം ചെലവിട്ടത്... എന്നിട്ടും, പുറത്തു വന്നത് പല കേട്ടാലറയ്ക്കുന്ന ഫോൺവിളികളും കഥകളും മാത്രം.. കേസ് എന്തായി? ഇന്നും നമ്മൾ ഇരുട്ടിൽ തപ്പുന്നു, സരിതയ്ക്ക് പിന്നാലെ പായുന്നു.

സ്വപ്നയുടെ കേസും ഇന്ന് വിഭിന്നമല്ല. അവിഹിത കഥകൾ പലതും പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. പലർക്കും സ്വപ്ന മദ്യപിക്കും, പല പുരുഷന്മാരായ ഉദ്യോഗസ്ഥർ അവരുടെ വീട്ടിൽ വന്ന് പോകും എന്നതൊക്കെയാണ് വലിയ കണ്ടുപിടുത്തങ്ങൾ.. എന്തൊരു കഷ്ടമാണ് മനുഷ്യന്മാരെ.. അവിഹിതത്തിലും 'ഒരു ഹിതം ' ഉണ്ടെന്ന് എന്നാണിനി നിങ്ങൾ മനസിലാക്കുക?? സ്വപ്നയുടെ മാദക സൗന്ദര്യം, അഴകളവുകൾ എന്നൊക്കെയുള്ള പേരിൽ അവരുടെ പല ഫോട്ടോസും എടുത്ത് പെരുമാറാൻ ആരാണ് നിങ്ങൾക്ക് അനുവാദം നൽകിയത്?

എന്റെ അറിവ് ശരിയാണെങ്കിൽ സ്വപ്നയുടെ ഒപ്പം Sarith എന്ന പുരുഷനാണ് ആദ്യം പിടിയിലായത്.. സത്യത്തിൽ അയാളുടെ പേരുപോലും എവിടെയും ആരും പരാമർശിച്ചുകണ്ടില്ല.. എല്ലാവർക്കും സ്വപ്നയുടെ ആരും പറയാത്ത കഥകളും, നെഞ്ചളവുമൊക്കെ കണ്ടത്തുന്നതിലാണ് കൗതുകം.

രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ പോലും സ്വാധീനിക്കുന്ന, നമ്മുടെ നേതാക്കളും - പല ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒരു സിസ്റ്റം മുഴുവനായും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു കേസ് ആണിത്. തെളിയിക്കപ്പെടേണ്ടത് യാഥാർഥ്യങ്ങളാണ്. കുറ്റവാളികൾ ആരായിരുന്നാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. സത്യം വിജയിക്കണം. വളച്ചൊടിക്കപ്പെടാതെ നീതി നടപ്പാക്കണം. ഇത്തരം കേസുകൾ രാഷ്ട്രീയ വത്കരിക്കപ്പെടുന്നതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും ജനങ്ങൾ കബളിപ്പിക്കപ്പെടാതെയിരിക്കട്ടെ.

ഇത്രയും ധീരമായ വെളിപ്പെടുത്തൽ നടത്തിയ, നടപടി സ്വീകരിച്ച നമ്മുടെ custom ഉദ്യോഗസ്ഥരോട് മുഴുവൻ ബഹുമാനവും.. ഇവരെപോലുള്ളവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP