Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നടിച്ച് ശിവശങ്കരൻ നടത്തിയത് സ്വന്തം നിലയിലുള്ള ഇടപെടലുകൾ; സ്പ്രിൻക്ലറിനെ ക്ഷണിച്ചതും ബെവ്‌കോ ആപ്പിലെ ഇടപാടും സർക്കാറിനെ പ്രതിരോധത്തിലാക്കി; വഹിച്ചിരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായ പദവികൾ ആയയതിനാൽ നിയമനങ്ങളിലും താൽപ്പര്യം കടന്നുവന്നു; ഒരു കാലത്തു മികച്ച ഉദ്യോഗസ്ഥനെന്ന് അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ഒടുവിൽ പടിയിറങ്ങുന്നത് സ്വപ്നയുടെ ഫ്‌ളാറ്റിൽ നിത്യ സന്ദർശകനെന്ന ചീത്തപ്പേരും പേറി

മുഖ്യമന്ത്രിയുടെ വിശ്വസ്തനായി നടിച്ച് ശിവശങ്കരൻ നടത്തിയത് സ്വന്തം നിലയിലുള്ള ഇടപെടലുകൾ; സ്പ്രിൻക്ലറിനെ ക്ഷണിച്ചതും ബെവ്‌കോ ആപ്പിലെ ഇടപാടും സർക്കാറിനെ പ്രതിരോധത്തിലാക്കി; വഹിച്ചിരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായ പദവികൾ ആയയതിനാൽ നിയമനങ്ങളിലും താൽപ്പര്യം കടന്നുവന്നു; ഒരു കാലത്തു മികച്ച ഉദ്യോഗസ്ഥനെന്ന് അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ഒടുവിൽ പടിയിറങ്ങുന്നത് സ്വപ്നയുടെ ഫ്‌ളാറ്റിൽ നിത്യ സന്ദർശകനെന്ന ചീത്തപ്പേരും പേറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തന്റെ വീഴ്‌ച്ചയാണ് ഇന്നലെ കേരളത്തിൽ ഉണ്ടായത്. മുഖ്യമന്ത്രിയുമായി ആലോചിക്കാതെ പോലും നിർണായക നിയമനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദേദഹം. അദ്ദേഹം വഹിച്ചരുന്നത് ഉപദേശക സ്വഭാവമുള്ളതും ഭരണപരവുമായി പദവികളായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടേത് ഉപദേശക പദവിയാണെങ്കിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുടേതു ഭരണപരമായ തീരുമാനം എടുക്കാൻ അധികാരമുള്ള പദവിയാണ്.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ഫയലുകളിൽ അഭിപ്രായം അറിയിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി അയയ്ക്കാറുണ്ട്. ഇത്തരം ഫയലുകളിൽ അദ്ദേഹം എഴുതാറില്ല. പകരം അഭിപ്രായം അടങ്ങുന്ന കുറിപ്പു തയാറാക്കി മുഖ്യമന്ത്രിക്കു മടക്കി അയയ്ക്കും. ഈ ഉപദേശം പരിഗണിച്ചു തീരുമാനം എടുക്കേണ്ടതു മുഖ്യമന്ത്രിയും ആ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. അതേസമയം, ഐടി സെക്രട്ടറിയെന്ന നിലയിൽ ഫയലിൽ എഴുതാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അധികാരം ശിവശങ്കറിനുണ്ടായിരുന്നു. മുൻപു മുഖ്യമന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാർ മാത്രമാണ് ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാരുമായും മറ്റു സംസ്ഥാനങ്ങളുമായും ആശയവിനിമയം സുഗമമാക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവി വന്നത്.

സ്പ്രിൻക്ലർ ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നപ്പോഴും സംരക്ഷിച്ചു നിർത്തിയ എം.ശിവശങ്കറിനെ ഒടുവിൽ മുഖ്യമന്ത്രി കൈവിട്ടു. തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിയ ശിവശങ്കറിനെതിരെ പലപ്പോഴും മന്ത്രിമാർ വരെ പരാതിപ്പെട്ടിട്ടും മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനായി കൂടെ നിർത്തുകയായിരുന്നു. സർവീസിലുള്ള ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരിൽ ഒരാളായാണ് ശിവശങ്കർ വിലയിരുത്തപ്പെട്ടിരുന്നത്. സ്വർണക്കടത്തു കേസിൽപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണമാണു പുറത്താക്കലിൽ കലാശിച്ചത്. സ്വപ്നയുടെ ഫ്‌ളാറ്റിൽ ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്നു റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളടക്കം ആരോപിച്ചിരുന്നു.

യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി പദവിയിൽ നിന്നു തെറിച്ച സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചതിനു പിന്നിലും ശിവശങ്കറിന്റെയും മറ്റും ഇടപെടലാണെന്ന് ആക്ഷേപമുയർന്നു. പ്രതിപക്ഷം ഇതു രാഷ്ട്രീയായുധമാക്കിയതോടെ സർക്കാരും എൽഡിഎഫും പ്രതിരോധത്തിലായി. തുടർന്നു ശിവശങ്കറിനോടു മുഖ്യമന്ത്രി വിശദീകരണം തേടി.

പ്രതികളെ രക്ഷിക്കാനോ കസ്റ്റംസ് തടഞ്ഞു വച്ച ബാഗേജ് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടോ ഫോണിൽ വിളിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശിവശങ്കർ, പ്രതിയുമായി അടുപ്പമുണ്ടെന്നും വീട്ടിൽ പോകുമായിരുന്നുവെന്നും സമ്മതിച്ചതായി അറിയുന്നു. ഐടി വകുപ്പിലെ സ്വപ്നയുടെ നിയമനം തന്റെ അറിവോടെയല്ലെന്നു തിങ്കളാഴ്ച വ്യക്തമാക്കിയ മുഖ്യമന്ത്രി, ശിവശങ്കറിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

മുഖ്യമന്ത്രിയുട സെക്രട്ടറിയായി നിയമിതനായി ശേഷം അരഡസനോളം വിവാദങ്ങളാണു ശിവശങ്കറിനെതിരെ കഴിഞ്ഞ 4 വർഷമായി ഉയർന്നത്. ഒപ്പം ഐടി സെക്രട്ടറി പദവിയും അദ്ദേഹത്തിനു ലഭിച്ചു. ഉദ്യോഗസ്ഥ മേധാവിത്തം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം വിജയരാജനെത്തുന്നത്. അതോടെ ശിവശങ്കറിനു മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി മാത്രമായി. അടുത്ത കാലത്തു പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.

മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള നീക്കം വിവാദമായിരുന്നു. ഒടുവിൽ കെപിഎംജിയെ മാറ്റിനിർത്തേണ്ടി വന്നു. പ്രളയത്തെ തുടർന്നു നഷ്ടപരിഹാരം നൽകുന്നതിന് ഐടി വകുപ്പ് മുൻകൈയെടുത്ത് മൊബൈൽ ആപ് കൊണ്ടുവന്നതും പരാതിക്കിടയാക്കി. ആപ് സൗജന്യമാണെന്നു പ്രചരിപ്പിച്ചെങ്കിലും അവസാനം 8 ലക്ഷം രൂപ നൽകേണ്ടി വന്നു.

കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുവെങ്കിലും റവന്യു മന്ത്രി ഇടപെട്ടു തടഞ്ഞു. പ്രതിപക്ഷം ഇത് ആയുധമാക്കിയതിനെ തുടർന്നു സർക്കാരിനു തലയൂരേണ്ടി വന്നു. റവന്യു വകുപ്പിലെ ഡിജിറ്റൈസേഷൻ അട്ടിമറിച്ചതു ശിവശങ്കറാണെന്നു സിപിഐക്ക് ആക്ഷേപമുണ്ട്. ദുരന്ത നിവാരണ വകുപ്പിനെ റവന്യൂവിന്റെ നിയന്ത്രണത്തിൽ നിന്നു തദ്ദേശഭരണത്തിനു കീഴിലേക്കു മാറ്റാനുള്ള ശ്രമവും സിപിഐയുടെ അനിഷ്ടത്തിന് ഇടയാക്കി. മദ്യവിൽപനയ്ക്കുള്ള ബവ്‌കോ ആപ് പൊളിഞ്ഞപ്പോഴും ആരോപണത്തിന്റെ മുന നീണ്ടതു ശിവശങ്കറിനു നേരെയാണ്. ഇ-ബസ് പദ്ധതിക്കു പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിനെ കൺസൽറ്റൻസിയാക്കിയതും അവർക്കു സെക്രട്ടേറിയറ്റിൽ ഓഫിസ് തുറക്കാൻ അനുമതി നൽകിയതും സജീവ വിവാദമായി നിൽക്കുകയാണ്.

സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ ഐടി വകുപ്പിനു കീഴിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം പല മന്ത്രിമാരും അറിയുന്നതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴാണ്. ടെക്‌നോപാർക്കിലെ ട്രിപ്പിൾ ഐടിഎംകെയെ ഡിജിറ്റൽ സർവകലാശാലയാക്കാനും തസ്തികകളനുവദിക്കാനും മുൻകൈ എടുത്തത് ഐടി സെക്രട്ടറിയായിരുന്നു. പുറമേ, കാര്യവട്ടത്തു ചെറിയ തോതിൽ പ്രവർത്തിച്ചിരുന്ന ഐസിഫോസിനെ ഗവേഷണ കേന്ദ്രമാക്കി 11 തസ്തിക അനുവദിപ്പിച്ചു.

രാഷ്ട്രീയമായി മുഖ്യമന്ത്രി പദവി അധികാര കേന്ദ്രമായി നിൽക്കുമ്പോഴും ഭരണ തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റിനു ''രണ്ടാം മുഖ്യമന്ത്രി'' എന്ന വിശേഷണമാണ് നിലനിൽക്കുന്നത് . അതായതു മറ്റെല്ലാ വകുപ്പിലെയും സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കഴിയും . ഇത്രയും ഉന്നതമായ പദവി ആയതിനാൽ മിക്കപ്പോഴും കേന്ദ്ര ഡെപ്യുട്ടേഷനിൽ കഴിയുന്നവരാണ് പ്രിൻസിപ്പൽ സെക്രട്ടറി ആയി എത്താറ്. ഉദ്യോഗസ്ഥ ലോബിയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും ഈ പതിവ് ആവർത്തിക്കാറുണ്ട്. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയി എത്തിയപ്പോൾ ഈ പോസ്റ്റിൽ കണ്ണ് ഉണ്ടായിരുന്ന പലരെയും തട്ടിമാറ്റിയാണ് പഴയ കെഎസ്ഇബി ബോർഡ് ചെയർമാൻ് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര സ്വന്തമാക്കിയത് . എന്നെങ്കിലും ലാവ്ലിൻ കേസ് വീണ്ടും ഉയർന്നാൽ പഴയ ബോർഡ് ചെയർമാന്് കൂടെ നിൽക്കുന്നതായിരുക്കും നല്ലതായിരിക്കും എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ഇപ്പോൾ അദ്ദേഹത്തിന് തന്നെ ചീത്തപ്പേരായി മാറുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് എന്നതാണ് കൗതുകം.

കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആയിരുന്നിട്ടുള്ള ആരും തന്നെ കള്ളക്കടത്തു കേസിൽ ആരോപണം നേരിട്ടിട്ടില്ല എന്നതാണ് വസ്തുത . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സുബാത്ര ബിശ്വാസ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് ഉണ്ടായപ്പോൾ പോലും അതിൽ തന്റെ പേര് ഒരിടത്തും വരാതെ സംരക്ഷിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് വി എസ അച്യുതാന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഷീല തോമസ് ഏറ്റവും പ്രഗൽഭരായ ഉദ്യോഗസ്ഥ എന്ന പേരിലാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത് . തീരുമാനങ്ങൾ എടുക്കുന്നതിലെ കണിശത അവർ എല്ലായിപ്പോഴും വി എസിനെ പോലെ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ എത്തിയപ്പോൾ അവരെ നോർക്കയിലേക്കു തട്ടുകയാണ് ആദ്യം ചെയ്ത നടപടി.

പ്രവാസികളുടെ മൃതതേഹം നാട്ടിൽ എത്തിക്കുന്ന ഫണ്ട് കൃത്യ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പാസായി വരാൻ ഉള്ള കാലതാമസം വളരെ വിഷമത്തോടെ ഷീല തോമസ് പലപ്പോഴും പ്രവാസി സംഘടനകളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഒരുതരം വൈരാഗ്യ ബുദ്ധിയോടെയാണ് ഷീല തോമസിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് പെരുമാറിയിരുന്നത് എന്നതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരാതിയായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP