Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണിയില്ലാതെ സമരവുമായി തേരാപ്പാരാ നടക്കുന്നത് നിരവധി പാർട്ടി പ്രവർത്തകർ; സിപിഎം ഭരണമുള്ള ബാങ്കിൽ ഇല്ലാത്ത ഒഴിവുണ്ടാക്കി നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകളെ; സ്വപ്ന വിവാദത്തിന് പിന്നാലെ പത്തനംതിട്ട ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും വിവാദ നിയമനം

പണിയില്ലാതെ സമരവുമായി തേരാപ്പാരാ നടക്കുന്നത് നിരവധി പാർട്ടി പ്രവർത്തകർ; സിപിഎം ഭരണമുള്ള ബാങ്കിൽ ഇല്ലാത്ത ഒഴിവുണ്ടാക്കി നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ മകളെ; സ്വപ്ന വിവാദത്തിന് പിന്നാലെ പത്തനംതിട്ട ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലും വിവാദ നിയമനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വപ്ന സുരേഷിന്റെ അനധികൃത നിയമനത്തിൽ വിവാദത്തിലായി സർക്കാരും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിൽ നിൽക്കേ മറ്റൊരു നിയമന വിവാദം കൂടി ഉയരുന്നു. വിവാദം ഉയർത്തുന്നത് സിപിഎമ്മുകാർ തന്നെ. ഇവിടെയും പ്രതിക്കൂട്ടിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്തനംതിട്ട ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഒഴിവു വന്ന തസ്തികയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡപ്യൂട്ടേഷനിലുള്ളയാളുടെ മകൾക്ക് ജോലി നൽകാൻ നീക്കം.

11 ന് എഴുത്തു പരീക്ഷ നടത്തി അന്നു തന്നെ അഭിമുഖവും പൂർത്തിയാക്കി നിയമനം നൽകാനാണ് നീക്കം. പിറ്റേന്ന് ഞായർ ആയതിനാൽ കോടതി അവധിയാണ്. ആരെങ്കിലും തടസവാദം ഉന്നയിച്ച് ഹർജി കൊടുക്കുന്നത് തടയുന്നതിന് വേണ്ടിക്കൂടിയാണ് ഈ ദിവസം തന്നെ നിയമന ഉത്തരവ് നൽകുന്നത്. സിപിഎം പത്തനംതിട്ട ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള ബാങ്ക് ജില്ലാ കമ്മറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

ലോക്കൽ കമ്മറ്റിയിൽ നിരവധി യുവജനങ്ങൾ യാതൊരു തൊഴിലുമില്ലാതെ ചുറ്റിത്തിരിയുമ്പോഴാണ് നല്ല രീതിയിൽ സാമ്പത്തികമുള്ള കുടുംബത്തിലെ യുവതിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്. കൈപ്പട്ടൂർ സ്വദേശിയായ ഇവർ കോന്നി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ളവരാണ്. ഇതിനെതിരേ പത്തനംതിട്ട ലോക്കൽ കമ്മറ്റിയിൽ വിവാദം കൊടുമ്പിരി കൊള്ളുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായി കഴിഞ്ഞു. അനധികൃതമായി നിയമനങ്ങൾ നടത്തി സഹകരണ മേഖലയെ തകർക്കാനുള്ള നീക്കവുമായി പത്തനംതിട്ടയിലെ സർക്കാർ ജീവനക്കാരുടെ സഹകരണ സംഘം പ്രവർത്തിക്കുന്നു എന്നാണ് ആരോപണം. പ്രളയത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ നഷ്ടത്തിലാണ് ബാങ്ക്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ പാർട്ടി ഇടപെടലിനെ തുടർന്നാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ ഈ നിയമനം പ്രഹസനമായി മാറുകയാണ്.

ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ചെറുപ്പക്കാർ വരെ അപേക്ഷകരായുള്ളപ്പോൾ അര ലക്ഷത്തിന് മുകളിൽ മാസം ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരുടെ ഭാര്യമാരെയും മക്കളെയും തിരുകി കയറ്റാനുള്ള ശ്രമമാണ് നടന്നു വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടേഷനിൽ പോയ ഒരു ഉദ്യോഗസ്ഥന്റെ മകളും പോളിടെക്നിക്ക് കോളജിലെ ഒരു ഉദ്യോഗസ്ഥന്റ ഭാര്യയുമാണ് അപേക്ഷകരിൽ പ്രധാനികൾ. ഇവരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളയാളുടെ നറുക്ക് വീണു കഴിഞ്ഞു.

രണ്ട് വർഷത്തിനിടയിൽ രണ്ടു സർക്കാർ ജീവനക്കാരുടെ ഭാര്യമാരെയാണ് തിരുകി കയറ്റിയത്. തൊഴിലില്ലാതെ ചെറുപ്പക്കാർ അലഞ്ഞു തിരിയുമ്പോൾ തൊഴിലുള്ളവർക്കു തന്നെ വീണ്ടും കൊടുകുന്നതിനെതിരെ സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെ വഞ്ചിക്കുന്ന നിലപാടിൽ യുവജന സംഘടനകളും പ്രതിഷേധം ഉയർത്തുന്നു. ചെറുപ്പക്കാർ എല്ലാം കോവിഡ് പ്രതിരോധ പ്രവർത്തനത്തിലാണ്.

ഇതിനിടയിൽ ആരും അറിയാതെ പരീക്ഷ നടത്തി നിയമനം നടത്താനുള്ള തീരുമാനത്തിലാണ് ബോർഡ്. കോൺഗ്രസിന് സ്വാധീനമുള്ള മേഖലയിൽ പാർട്ടിക്ക് വേണ്ടത്ര വളർച്ചയില്ലാത്തതിന് പ്രധാന കാരണം പ്രവർത്തകരെയോ അണികളയൊ സംരക്ഷിക്കുന്ന നിലപാടുകൾ ഇല്ലാത്തത് ആണെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP