Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തണ്ണിത്തോട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമണത്തിൽ സിപിഎം നേതാക്കളെ കേസിൽ കുടുക്കിയത് താനാണെന്ന് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്റെ വെളിപ്പെടുത്തൽ; തന്നെ ദ്രോഹിച്ചവരെ കുടുക്കിയെന്ന തരത്തിലുള്ള ജയകൃഷ്ണന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; സിപിഎമ്മിലെ വിഭാഗീയത ചർച്ചയാകുമ്പോൾ

തണ്ണിത്തോട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടാക്രമണത്തിൽ സിപിഎം നേതാക്കളെ കേസിൽ കുടുക്കിയത് താനാണെന്ന് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്റെ വെളിപ്പെടുത്തൽ; തന്നെ ദ്രോഹിച്ചവരെ കുടുക്കിയെന്ന തരത്തിലുള്ള ജയകൃഷ്ണന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; സിപിഎമ്മിലെ വിഭാഗീയത ചർച്ചയാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ ശക്തമായി ഇരിക്കുന്ന സമയത്താണ് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അടക്കം വെട്ടിലാക്കി തണ്ണിത്തോട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീട് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ആക്രമിച്ചുവെന്നുള്ള സംഭവം പുറത്തു വരുന്നത്. സർക്കാരിന് തന്നെ നാണക്കേടായ സംഭവം മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തിൽ പരാമർശിക്കുകയും ആറു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, ഇപ്പോഴിതാ സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ബ്രാഞ്ചിൽ അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ ജയകൃഷ്ണൻ തണ്ണിത്തോട് നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ വീണ്ടും വെട്ടിലാക്കുന്നു. വീടാക്രമണ കേസിൽ എല്ലാവനെയും താൻ കുടുക്കിയതാണെന്ന് മുട്ടൻ തെറിയുടെ അകമ്പടിയോടെ ജയകൃഷ്ണൻ പറയുന്ന ശബ്ദരേഖ പുറത്തു വന്നിരിക്കുകയാണ്. തനിക്ക് ജില്ലയിലല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അങ്ങ് സംസ്ഥാന തലത്തിലാണ് പിടിയെന്നും അതൊന്നും ഇവിടുള്ളവന്മാർക്ക് ഒന്നും അറിയില്ലെന്നുമാണ് ജയകൃഷ്ണൻ വീരവാദം മുഴക്കുന്നത്.

ഏപ്രിൽ ഏഴിന് രാത്രി എട്ടുമണിയോടെയാണ് തണ്ണിത്തോട് മേക്കണ്ണത്തുള്ള പെൺകുട്ടിയുടെ വീട് ആറംഗ സംഘം ആക്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ കറങ്ങി നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വിവരം സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ മുഖ്യമന്ത്രി അടക്കം ജാഗരൂകരായി. പ്രതികളെ ഒന്നടങ്കം തൂത്തുവാരി അറസ്റ്റ് ചെയ്യുകയും ചെയ്തു.

തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46), സനൽ, നവീൻ, ജിൻസൺ എന്നിവർക്കെതിരെയാണ് വീടാക്രമിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നത്. രാജേഷ്, അജേഷ്, അശോകൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ഈ വിവരം അറിഞ്ഞ സനൽ, നവീൻ, ജിൻസൺ എന്നിവർ സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുത്തു മടങ്ങി.

പ്രതികളുടെ കൂട്ടത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി പ്രവീണിന്റെ സഹോദരനും ഉൾപ്പെട്ടിരുന്നു. പ്രവീൺ പാർട്ടി അംഗം മനോജുമായി ഫോണിൽ സംസാരിക്കുന്നതിനിടെ എത്തിയ ജയകൃഷ്ണൻ നടത്തുന്ന സംസാരമാണ് ഇപ്പോൾ ശബ്ദരേഖയായി പുറത്തു വന്നിരിക്കുന്നത്. പ്രവീണിന്റെ ഫോണിൽ മനോജുമായുള്ള കാൾ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ജയകൃഷ്ണൻ എത്തിയത്. മനോജ് കാൾ കട്ട് ചെയ്യാതെ ഫോൺ പോക്കറ്റിൽ ഇട്ടു.

അങ്ങനെയാണ് ജയകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ ലോക്കൽ സെക്രട്ടറിയുടെ ഫോണിൽ എത്തിയത്. ലോക്കൽ സെക്രട്ടറിയെയാണ് ജയകൃഷ്ണൻ ലക്ഷ്യമിട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിനും പട്ടികജാതി നേതാവിനെ മർദിച്ചതിനും തണ്ണിത്തോട്ടിലെ പാർട്ടി ഒഴിവാക്കിയതാണ് ജയകൃഷ്ണനെ. അതിന് ശേഷം ഇയാളെ തിരിച്ചെടുക്കാൻ പാർട്ടിയിലെ പ്രമുഖർ അടക്കം സമ്മർദം ചെലുത്തിയെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയില്ല. കോന്നി ഉപതെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജനീഷ്‌കുമാറിനെതിരേ ചാവേറായി ജയകൃഷ്ണനെ ഒരു വിഭാഗം രംഗത്തിറക്കി. അതിന്റെ ഉപകാരസ്മരണയായിട്ടാണ് ജയകൃഷ്ണനെ ജില്ലാ കമ്മറ്റി ബ്രാഞ്ചിൽ തിരിച്ചെടുത്തത്.

ഇതിനെതിരേ തണ്ണിത്തോട്ടിലെ പാർട്ടി നേതാക്കൾ രംഗത്തു വന്നിരുന്നു. അതൊന്നും കണക്കാക്കാതെയാണ് ഇയാളെ തിരിച്ചെടുത്തത്. ഈ സംഭാഷണത്തിനെതിരെ പാർട്ടി ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയിട്ട് അത് ഇതു വരെ ചർച്ച ചെയ്തിട്ടില്ല. ഇനി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനിരിക്കുകയാണ് പാർട്ടിയിലെ ഒരു വിഭാഗം. ജില്ലയിലെ പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഇഷ്ടക്കാരൻ ആയതിനാൽ ആണ് നടപടി ഇല്ലാത്തത് എന്നാണ് പറയുന്നത്. സംസ്ഥാന സർക്കാരിനും ഇടതു പക്ഷത്തിനും നാണകെട്ട് ഉണ്ടാക്കിയ ഒരു വിഷയം സി.പിഎമ്മിലെ വിഭാഗീയതയുടെ ഫലമാണ് എന്ന് തെളിയിക്കുന്നതാണ് ജയകൃഷ്ണന്റെ ശബ്ദരേഖ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മാളികപ്പുറത്തമ്മയെ അവഹേളിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്ന ജയകൃഷ്ണൻ തെറിവിളി ശക്തമായതോടെ അത് പിൻവലിച്ചു. ഇപ്പോൾ ഡിവൈഎസ്‌പിയായ എംആർ മധുബാബുവിനെതിരേ ജയകൃഷ്ണൻ കേസ് നടത്തുന്നുണ്ട്. മധുബാബു കോന്നി സിഐ ആയിരിക്കുമ്പോൾ ജയകൃഷ്ണനെ ലോക്കപ്പലിട്ട് അതിക്രൂരമായി മർദിച്ചിരുന്നു. ഇതിന്റെ പേരിലുള്ള കേസിൽ മധുബാബു വെട്ടിലായിരിക്കുകയുമാണ്. ഈ വിവരവും ജയകൃഷ്ണന്റെ ശബ്ദരേഖയിലുണ്ട്.

പാർട്ടിയുടെ ബാലസംഘം പോലുള്ള പോഷക സംഘടനകളുടെ കോ-ഓർഡിനേറ്റർ പദവിയും ജയകൃഷ്ണന് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന റോയൽറ്റിയാണ് വരുമാന മാർഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP