Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യവേ വിലസിയത് സർവ്വപ്രതാപിയായി; സല്യൂട്ട് ചെയ്തില്ല എന്ന കാരണത്താൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും ശുപാർശന നൽകി; ഐടി വകുപ്പിൽ സ്‌പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റ് ആയി ജോലിക്ക് അപേക്ഷിച്ചത് 'മികച്ച ഉദ്യോഗസ്ഥ' എന്ന യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റോടെ; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ലാതെ ബയോഡേറ്റ; ഒരു ലക്ഷം ശമ്പളത്തിന് മുകളിൽ നിയമിച്ചതും സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധത്തിന് തെളിവായി

യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യവേ വിലസിയത് സർവ്വപ്രതാപിയായി; സല്യൂട്ട് ചെയ്തില്ല എന്ന കാരണത്താൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും ശുപാർശന നൽകി; ഐടി വകുപ്പിൽ സ്‌പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റ് ആയി ജോലിക്ക് അപേക്ഷിച്ചത് 'മികച്ച ഉദ്യോഗസ്ഥ' എന്ന യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റോടെ; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ലാതെ ബയോഡേറ്റ; ഒരു ലക്ഷം ശമ്പളത്തിന് മുകളിൽ നിയമിച്ചതും സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധത്തിന് തെളിവായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ കുടുങ്ങുന്നതുവരെ സർവ അധികാരങ്ങളോടെയുമാണ് സ്വപ്ന തിരുവനന്തപുരത്ത് വിലസിയത്. മന്ത്രിമാർ അടക്കമുള്ളവരുമായുള്ള ബന്ധങ്ങളാണ് സ്വപ്‌നയ്ക്ക് തുണയായി മാറിയത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വർഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളർച്ച സ്വപ്ന നേടിയത്. തിരുവനന്തപുരത്ത് കോൺസുലേറ്റിന്റെ ഓഫിസ് തുടങ്ങിയതു മുതൽ സ്വപ്നയായിരുന്നു പ്രധാന റോളിൽ. കോൺസുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയ സ്വപ്ന മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തിൽ പോലും കോൺസുലേറ്റ് പ്രതിനിധിയേപ്പോലെ പങ്കെടുത്തിരുന്നു.

ഒരിക്കൽ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ കോൺസുലേറ്റ് ഓഫിസിൽ ഗാർഡായ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന ശുപാർശ പോലും കോൺസുലേറ്റിൽ നിന്ന് കമ്മിഷണർ ഓഫീസിലെത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പലരോടും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന ഇടപെട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് യുഎഇ എംബസിയുടെ ഗുഡ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഈ സർട്ടിഫിക്കറ്റോടെയാണ് അവർ ഐടി വകുപ്പിൽ ജോലിക്ക് അപേക്,ിച്ചത്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്നാണ് എംബസിയുടെ സർട്ടിഫിക്കറ്റ്.

2016 ഒക്ടോബർ മുതൽ 2019 ഓഗസ്റ്റ് വരെ ഇവർ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ഏറെ പ്രാധാന്യമർഹിക്കുന്നത്. അതേ സമയം സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. സർക്കാരിന്റെ സ്‌പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ൽ തൊഴിൽ പോർട്ടലുകളിൽ നൽകിയ ബയോഡേറ്റ ഫയലിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്‌സുകൾ ചെയ്തത് എവിടെയെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റിൽ നൽകിയിരിക്കുന്നത്.

അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തർ ഡോ. ബി.ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്‌പേസ് പാർക്കിലെ ശമ്പളം. എയർ ഇന്ത്യ സാറ്റ്‌സിൽ ആയിരുന്നപ്പോൾ ഇത് ഏകദേശം 25,000 രൂപയായിരുന്നു. ബിരുദമെടുക്കുന്നതിനു മുൻപ് ഇത്തിഹാദ് എയർവേയ്‌സ്, സൗത്ത് ആഫ്രിക്കൻ എയർവേയ്‌സ്, കുവൈത്ത് എയർവേയ്‌സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. 2005 മുതൽ 2016 വരെ മാത്രം 7 സ്ഥാപനങ്ങളിലാണു ജോലി നോക്കിയത്. 2012 മുതൽ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആർ കമ്പനികളിലായിരുന്നു ജോലി.

അന്വേഷണ ഏജൻസികളും ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചു. രാജ്യം തന്നെ ശ്രദ്ധിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പല സ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകൾ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്‌ളാറ്റിൽ രണ്ടാം ദിവസവും പരിശോധന നടത്തി. ശാന്തിഗിരി ആശ്രമത്തിൽ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടർന്ന് ആശ്രമത്തിലും പരിശോധിച്ചു. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

നേരത്തെ തിരുവനന്തപുുരം വിമാനത്താവളം വഴി സ്വർണ്ണ കടത്തിയ കേസിലെ പ്രതിയായ അഭിഭാഷൻകൻ മുഖേനെയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്നയുടെ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. സ്വപ്നയെ കണ്ടെത്തിയാൽ മാത്രമേ സ്വർണം കടത്തിയത് ആർക്ക് വേണ്ടിയാണ് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയൂ.

സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതർ നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാരും ഫോണിൽ വിളിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഒരാൾ ചില മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ വിമർശനമുയർന്നു. ഇതും നിയന്ത്രണത്തിനു കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP