Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

155 മരണങ്ങൾ റെക്കോർഡ് ചെയ്ത് ബ്രിട്ടന്റെ ഒരു ദിവസം കൂടി കടന്നുപോയി; യൂറോപ്പിൽ ഇതുവരെ കൊറോണ ജീവൻ എടുത്തത് 1,85,000 പേരുടെ; ജോലി ഉപേക്ഷിച്ചും കുട്ടികളെ നോക്കാൻ വീട്ടിൽ ഇരിക്കുന്നവരുടെ എണ്ണം പെരുകുന്നു; കൊറോണയുടെ ആഘാതം വിലയിരുത്തി ബ്രിട്ടനും യൂറോപ്പും

155 മരണങ്ങൾ റെക്കോർഡ് ചെയ്ത് ബ്രിട്ടന്റെ ഒരു ദിവസം കൂടി കടന്നുപോയി; യൂറോപ്പിൽ ഇതുവരെ കൊറോണ ജീവൻ എടുത്തത് 1,85,000 പേരുടെ; ജോലി ഉപേക്ഷിച്ചും കുട്ടികളെ നോക്കാൻ വീട്ടിൽ ഇരിക്കുന്നവരുടെ എണ്ണം പെരുകുന്നു; കൊറോണയുടെ ആഘാതം വിലയിരുത്തി ബ്രിട്ടനും യൂറോപ്പും

സ്വന്തം ലേഖകൻ

കൊറോണയെന്ന മഹാവ്യാധി കേവലമൊരു ആരോഗ്യ പ്രശ്നം മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളേയും തകർത്ത ഒരു സർവ്വനാശകാരിയാണ്. ലോകത്തിലെ പല രാജ്യങ്ങളും ഇനിയും ഈ രാക്ഷസ വൈറസിന്റെ പിടിയിൽ നിന്നും മോചിതരായിട്ടില്ല. മരണ താണ്ഡവമാടുന്ന കൊറോൺക്ക് മുന്നിൽ അനേകം ജീവനുകൾ പൊലിയുമ്പോൾ, ജീവിച്ചിരിക്കുന്നവർ അനുഭവിക്കുന്ന ദുരിതങ്ങൾ അതിലും വലുതാണ്. ലോക ചരിത്രത്തിൽ തന്നെ മനുഷ്യ ജീവിതത്തെ ഇത്രയേറെ വിപരീതമായി ബാധിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്.

ബ്രിട്ടനിലെ കൊറോണാ വിശേഷങ്ങൾ

ഇന്നലെ ബ്രിട്ടനിൽ 155 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പഠന റിപ്പോർട്ടനുസരിച്ച് പ്രതിദിനം 95 ബ്രിട്ടീഷുകാരാണ് കോവിഡ് ബാധയാൽ മരണമടയുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരിയാണിത്. ഇത് കഴിഞ്ഞ നാല് ദിവസങ്ങൾ തുടർച്ചയായി രണ്ടക്കത്തിൽ നിൽക്കുന്നു എന്നത് ആശ്വാസകരമായ കാര്യം തന്നെയാണ്. ഏപ്രിൽ മദ്ധ്യത്തിൽ പ്രതിവാര ശരാശരി 945 ആയിരുന്നു എന്നതോർക്കുക. വാരാന്ത്യത്തിലെ ഒഴിവ് ദിനങ്ങൾ കാരണം മരണം രേഖപ്പെടുത്തുന്ന പ്രക്രിയയിൽ കാലതാമസം ഉണ്ടാകുമെന്നതിനാൽ ചൊവ്വാഴ്‌ച്ചകളിൽ മരണസംഖ്യ വർദ്ധിക്കാറുണ്ട്. എന്നാലും ശരാശരി 18 ശതമാനം കുറഞ്ഞിട്ടുണ്ട്.

ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 44,391 ആയി ഉയർന്നു. യഥാർത്ഥത്തിൽ ഇത് 55,000 എങ്കിലും ആയിരിക്കും എന്നാണ് അനുമാനിക്കുന്നത്. നോർത്ത് ഈസ്റ്റ്ഒഴിച്ച് ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിദിന മരണ സംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.അതേ സമയം ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ 1,43,000 പരിശോധനകളാണ് നടത്തിയിരിക്കുന്നത്. എൻ എച്ച് എസ് ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്.ഇതിൽ 352 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗവ്യാപനം തുടങ്ങിയ അന്നുമുതൽ ബ്രിട്ടനിൽ രോഗം ബാധിച്ചവരുടെ എണ്ണം 2,85,768 ആയി ഉയർന്നു.

കൊറോണയിൽ 1.85 ലക്ഷം പേരുടെ ജീവൻ പൊലിഞ്ഞ യൂറോപ്പിന്റെ കഥ

ഏറ്റവും ഗുരുതരമായ ഒരു ഫ്ളൂ വരുന്ന വർഷം നഷ്ടപ്പെടാറുള്ള ജീവനുകളുടെ മൂന്നിരട്ടിയോളം ജീവനുകളാണ് യൂറോപ്പിൽ കൊറോണയെന്ന കുഞ്ഞൻ വൈറസ് കവർന്നത്. പകർച്ചവ്യാധി അതിന്റെ മൂർദ്ധന്യഘട്ടത്തിൽ ഉണ്ടായിരുന്ന സമയത്ത് സ്പെയിനിലായിരുന്നു എല്ലാ പ്രായത്തിലും പെട്ടവരെ ഏറ്റവുമധികം പ്രതികൂലമായി കൊറോണ ബാധിച്ചത്. തൊട്ട് പിന്നാൽ, ഒരാഴ്‌ച്ചക്കകം ഇംഗ്ലണ്ടും എത്തി.

സാമ്പത്തിക രംഗത്തെ തകർച്ചയാണ് കൊറോണ വരുത്തിവച്ച മറ്റൊരു വിന. യൂറോപ്പിലെ ഒട്ടുമിക്ക പ്രധാന രാജ്യങ്ങളും മാസങ്ങളോളം ലോക്ക്ഡൗൺ ചെയ്യപ്പെട്ടു. ഇത് വരുത്തിയ സാമ്പത്തിക ആഘാതം രണ്ടാം ലോക മഹായുദ്ധകാലത്തുണ്ടായതിനേക്കാൾ ഏറെ വലുതാണ് എന്നാണ് അനുമാനിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം പല രാജ്യങ്ങളും പലവിധത്തിലുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകളുമായി എത്തിയിട്ടുണ്ട്. എന്നിരുന്നാലും യൂറോപ്പിന്റെ സമ്പദ്ഘടന പൂർവ്വ സ്ഥിതിയിലെത്താൻ ഇനിയും വർഷങ്ങൾ തന്നെ വേണ്ടിവരും എന്നാണ് കണക്കാക്കപ്പെടുന്നത്.

അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾ, വീട്ടിലകപ്പെട്ട മാതാപിതാക്കൾ

മഹാവ്യാധിയുടെ ഭീതിയിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുമ്പോൾ അത് പ്രതികൂലമായി ബാധിക്കുന്നത് ജോലിചെയ്യുന്ന മാതാപിതാക്കളേയാണ്. ഇവരിൽ പലർക്കും തങ്ങളുടെ ജോലി സമയം വെട്ടിക്കുറച്ചുകൊണ്ട് വീടുകളിൽ തുടരേണ്ടതായി വരുന്നു. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.ശരാശരി 36 പൗണ്ടിന്റെ പ്രതിവാര നഷ്ടമാണ് ഒരു കുടുംബത്തിന് ഇതുമൂലം ഉണ്ടാകുന്നത്. ചിലർക്ക് 300 പൗണ്ട് വരെ പ്രതിവാര നഷ്ടം ഉണ്ടാകുന്നുണ്ട്.

ചില മാതാപിതാക്കൾ സ്വയമേവ പ്രവർത്തി സമയം കുറച്ചപ്പോൾ, മറ്റ് ചിലർക്ക് അതിന് സാധ്യതയില്ലാത്തതിനാൽ ഫർലോ എടുക്കേണ്ടതായി വന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 6 ശതമാനം പേർ ജോലി എന്നന്നേക്കുമായി ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം ഏകദേശം 71,80,000 കുടുംബങ്ങളിലാണ് മാതാപിതാക്കൾ ഇരുവരും ജോലിക്കാരായി ഉള്ളത്. അതായത് ഓരോ ആഴ്‌ച്ചയും ലക്ഷക്കണക്കിന് പൗണ്ടാണ് നഷ്ടം വരുന്നത് എന്നർത്ഥം.

മിക്ക കുടുംബങ്ങളിലും വരുമാനമാർഗ്ഗമുള്ള വ്യക്തി ഒരാളായി ചുരുങ്ങിയപ്പോൾ, കുട്ടികൾ സദാസമയവും വീടുകളിൽ ഉള്ളതിനാൽ ഭക്ഷണത്തിനായി കൂടുതൽ തുക ചെലവാക്കേണ്ടതായി വരുന്നു. കണക്കനുസരിച്ച് ശരാശരി 137 പൗണ്ടാണ് പ്രതിമാസം ഇക്കാര്യത്തിൽ വരുന്ന വർദ്ധനവ്.രണ്ടുപേരും ജോലിചെയ്യുന്ന വീടുകളിലാകട്ടെ ചൈൽഡ് കെയറിനായി പ്രതിമാസം 484 പൗണ്ട് വരെ അധികം ചെലവാക്കേണ്ടതായി വരുന്നുമുണ്ട്.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിനാൽ തങ്ങളുടെ തൊഴിൽ രംഗത്തെ പുരോഗതി ഇല്ലാതെയായി എന്ന് വിശ്വസിക്കുന്ന സ്ത്രീകളും ഏറെയാണ്. ഈ മോഹഭംഗത്തിൽ നിന്നും ഉടലെടുക്കുന്ന നിരാശ മനസ്സിനെ വിപരീതമായി ബാധിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബ ബന്ധങ്ങൾ തകരുന്നതിൽ വരെ ഇത് എത്തിനിന്നേക്കാം എന്നും അവർ പറയുന്നു. കൗതുകമൂറുന്ന കണ്ണുകളുമായി ഓടിനടക്കേണ്ട പ്രായത്തിൽ വീടുകൾക്കുള്ളിൽ തളയ്ക്കപ്പെടുന്ന കുട്ടികളുടെ മാനസിക വളർച്ചയെ കുറിച്ചും അവർ ആശങ്ക രേഖപ്പെടുത്തുന്നു.

ചുരുക്കി പറഞ്ഞാൽ കൊറോണ ഏല്പിച്ച ആഘാതവും അത് വരുത്തിവച്ച നഷ്ടവും ഒരുപക്ഷെ ഒരു തലമുറയേ തന്നെ വിപരീതമായി ബാധിച്ചേക്കാം. എളുപ്പം മറക്കാവുന്ന യുദ്ധക്കെടുതികൾ പോലെ നിസ്സാരമായി തള്ളിക്കളയരുത് ഈ വിപത്തിനെ എന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP