Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്‌നാ സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെയുള്ള സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചത് അതീവ ഗൗരവതരം; സ്വപ്‌നയുടേയും സരിതിന്റേയും വിവരങ്ങൾ തേടി കേന്ദ്രം; കേരളാ പൊലീസിലെത്തും മുമ്പേ കേസ് കസ്റ്റംസിൽ നിന്നും സിബിഐയിലേക്ക്; സരിതിൽ അന്വേഷണം ഒതുക്കാനുള്ള കസ്റ്റംസ് ആലോചന മറികടന്ന് വരുന്നത് അതിശക്തമായ കേന്ദ്ര ഇടപെടൽ; സിബിഐയ്ക്ക് പുറമേ മറ്റ് അന്വേഷണ ഏജൻസികളും ഇടപെട്ടേക്കും; കേരളാ പൊലീസിന് പങ്കൊന്നുമില്ലാതെ കോൺസുലേറ്റ് കേസ് വഴിതിരിവിലേക്ക്

സ്വപ്‌നാ സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെയുള്ള സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചത് അതീവ ഗൗരവതരം; സ്വപ്‌നയുടേയും സരിതിന്റേയും വിവരങ്ങൾ തേടി കേന്ദ്രം; കേരളാ പൊലീസിലെത്തും മുമ്പേ കേസ് കസ്റ്റംസിൽ നിന്നും സിബിഐയിലേക്ക്; സരിതിൽ അന്വേഷണം ഒതുക്കാനുള്ള കസ്റ്റംസ് ആലോചന മറികടന്ന് വരുന്നത് അതിശക്തമായ കേന്ദ്ര ഇടപെടൽ; സിബിഐയ്ക്ക് പുറമേ മറ്റ് അന്വേഷണ ഏജൻസികളും ഇടപെട്ടേക്കും; കേരളാ പൊലീസിന് പങ്കൊന്നുമില്ലാതെ കോൺസുലേറ്റ് കേസ് വഴിതിരിവിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര പാഴ്‌സലിലെ സ്വർണക്കടത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സിബിഐയിലേക്ക്. എഫ് ഐ ആർ ഇട്ട് കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെങ്കിലും സിബിഐയും എൻ ഐ എയും അന്വേഷണത്തിൽ സജീവമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഡിഐർഐയും അന്വേഷണത്തിന്റെ ഭാഗമാണ്. രാജ്യത്തെ 3 മുൻനിര കുറ്റാന്വേഷണ ഏജൻസികൾ ഇതുമായി സഹകരിക്കുന്നുണ്ട്. രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ചാണ് സിബിഐ, എൻഐഎ എന്നീ ഏജൻസികൾ കസ്റ്റംസിനൊപ്പം നീങ്ങുന്നത്. കേരളാ പൊലീസിന് യാതൊരു റോളുമുണ്ടാകില്ല.

അന്വേഷണത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവ സജീവമായി ഇടപെടുന്നുണ്ട്. മുൻപ് സമാന കുറ്റാന്വേഷണം നടന്നത് 2ജി സ്‌പെക്ട്രം കുംഭകോണത്തിലാണ്. നയതന്ത്രപരിരക്ഷയുള്ള ബാഗേജിൽ യു.എ.ഇയിൽനിന്നു 30 കിലോഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കേസാണു രാജ്യാന്തരശ്രദ്ധയാകർഷിക്കുന്നത്. അറസ്റ്റിലായ യു.എ.ഇ. കോൺസുലേറ്റ് മുൻ പി.ആർ.ഒ: പി.എസ്. സരിത്തിൽ കേസൊതുക്കാനും ആരോപണവിധേയയായ ഐ.ടി. വകുപ്പ് മുൻജീവനക്കാരി സ്വപ്ന സുരേഷിനെ രക്ഷിക്കാനും ഉന്നതതലനീക്കം നടക്കുന്നതിനിടെയാണു കേന്ദ്ര ഇടപെടൽ.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) റവന്യു ഇന്റലിജൻസും (ഡിആർഐ) വരും ദിവസങ്ങളിൽ അന്വേഷണത്തിൽ സജീവമാകും. സ്വപ്‌നാ സുരേഷിന്റെ വേരുകൾ അതിശക്തമാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്. സ്വപ്‌നാ സുരേഷിന് ഐഎസ്ആർഒ സഹകരണത്തോടെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന സ്‌പേസ് പാർക്കിൽ ജോലി ലഭിച്ച സാഹചര്യം അതീവഗൗരവത്തോടെയാണ് എൻഐഎ പരിശോധിക്കുന്നത്.സ്വപ്നയുടെ വിദേശയാത്രകളും ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നു കസ്റ്റംസ് വ്യക്തമാക്കി. സ്വപ്ന കേരളം വിട്ടതായും സൂചനയുണ്ട്. ഉന്നതസഹായമില്ലാതെ ഇവർക്ക് ഒളിവിൽ കഴിയാനാവില്ലെന്നു കസ്റ്റംസ് കരുതുന്നു.

യുഎഇ കോൺസുലേറ്റിലെ ഉദ്യോഗം നഷ്ടപ്പെട്ട ഉടൻ സംസ്ഥാന ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്‌നയ്ക്ക് ജോലി കിട്ടി. ഇതിന് പിന്നിൽ സ്വർണക്കടത്തു റാക്കറ്റാണെന്ന് കണ്ടെത്തി കഴിഞ്ഞു. കുറ്റകൃത്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പങ്ക് സംബന്ധിച്ച് സിബിഐയും തെളിവു ശേഖരണം തുടങ്ങി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും. അതിനിടെ ്വർണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നൽകി. കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസും തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സജീവമായി തന്നെ കാര്യങ്ങളിൽ ഇടപെടും.

യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയ്‌റിന്റെ (കോൺസൽ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ) പേരിൽ വന്ന പാഴ്‌സലിൽ നിന്നു സ്വർണം പിടിച്ചതു കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. അതിനിടെ സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നതരുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ കണ്ടെത്തി. സ്വപ്ന ഇപ്പോഴും ഒളിവിലാണ്. അതിനിടെ അവർ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായി കസ്റ്റംസ് അധികൃതർക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്തെ കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണു വിവരം.

ഭരണപക്ഷത്തെ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ചില ഉദ്യോഗസ്ഥരുടെ നമ്പറിലേക്കു പത്തിലേറെ വിളി പോയ ദിവസവുമുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികളും കസ്റ്റംസും വിശദമായി പരിശോധിക്കും. 2019 മെയ്‌ 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് ഇപ്പോൾ പിടിയിലായ സരിത്തുമായും സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആർഐ പരിശോധിക്കും. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടന്ന വിരുന്നുകളിൽ ഇവർ ഒരുമിച്ച് പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം.

കോൺസുലേറ്റിൽ നിന്ന് പുറത്തായിട്ടും സരിത്തിനു കോൺസുലേറ്റിലെ നയതന്ത്ര ബാഗേജ് കൈപ്പറ്റാൻ കരാർ എങ്ങനെ ലഭിച്ചുവെന്നു കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഇതും അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. കേസിൽ ഉൾപ്പെട്ടവർ എത്ര ഉന്നതരായാലും പിടികൂടാൻ വിദേശകാര്യമന്ത്രാലയം കസ്റ്റംസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സംഭവത്തെ ഗൗരവത്തോടെയാണു കേന്ദ്രസർക്കാർ കാണുന്നത്. സംഭവത്തെക്കുറിച്ചു ന്യൂഡൽഹിയിലെ യു.എ.ഇ. എംബസിയും അന്വേഷണമാരംഭിച്ചു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിനു പേരുദോഷമുണ്ടാക്കിയവരെ വെറുതേവിടില്ലെന്ന് എംബസിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

കേരളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ. അംബാസഡർ അഹമ്മദ് അൽ ബന്ന ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് എംബസിയും വ്യക്തമാക്കി. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ അറിയുന്ന ആരോ നയതന്ത്ര ചാനലിൽ സ്വർണം കടത്തി. തിരുവനന്തപുരത്തെ കോൺസുലേറ്റിന് അതുമായി ബന്ധമില്ല. പ്രതിസ്ഥാനത്തുള്ളയാളെ തെറ്റിന്റെ പേരിൽ പണ്ടേ പുറത്താക്കിയതാണെന്നും എംബസി വ്യക്തമാക്കി.

സരിത്തിനെയും സ്വപ്നയേയും ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് ഓഫീസറെയും വിളിച്ചവരുടെ വിശദാംശങ്ങൾ ശേഖരിച്ചു. ഇവരെയെല്ലാം വിളിപ്പിക്കുമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ എന്തുചെയ്യണമെന്ന് അറിയാമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു. മുൻകൂർജാമ്യത്തിനായി സ്വപ്ന നിരന്തരം ഹൈക്കോടതി അഭിഭാഷകരെ ബന്ധപ്പെടുന്നുണ്ട്. മുൻകൂർജാമ്യം ലഭിച്ചില്ലെങ്കിൽ കീഴടങ്ങാനാണു നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP