Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് സമയത്തും ചൈനയെ ആക്രമിക്കാൻ സജ്ജമായി വ്യോമസേന; ആക്രമണത്തിന് തയ്യാറായി പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും; രാവെന്നോ പകലെന്നോ ഇല്ലാതെ മിഷനുകൾ സംഘടിപ്പിക്കാൻ ഇന്ത്യയുടെ വായുസേന റെഡി

ഏത് സമയത്തും ചൈനയെ ആക്രമിക്കാൻ സജ്ജമായി വ്യോമസേന; ആക്രമണത്തിന് തയ്യാറായി പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും; രാവെന്നോ പകലെന്നോ ഇല്ലാതെ മിഷനുകൾ സംഘടിപ്പിക്കാൻ ഇന്ത്യയുടെ വായുസേന റെഡി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അതിർത്തിയിൽ ചൈനീസ് പ്രകോപനങ്ങൾക്ക് വാക്കുകൾ കൊണ്ട് തന്നെ തടയിട്ടിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഏത് സമയത്തും ഒരു ആക്രമണത്തിന് ഇന്ത്യ തയ്യാറുമാണ്. വേണ്ടി വന്നാൽ ഏത് സമയത്തും ചൈനയെ ആക്രമിക്കാൻ ഇന്ത്യയുടെ വ്യോമസേനയും തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു. ലഡാക്കിൽ ഏതു കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എത് സമയത്തും ചൈനയെ ആക്രമിക്കാനുള്ള കരുത്താർജിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.

ഇതിനായി പോർ വിമാനങ്ങൾ, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾ തുടങ്ങിയവയെല്ലാം എല്ലായ്‌പ്പോഴും ആക്രമണത്തിനു തയാറാക്കി നിർത്താനാണു ശ്രമം. വ്യോമസേനയുടെ മിഗ് 29 പോർ വിമാനങ്ങൾ, സുഖോയ് 30, ആപ്പാഷെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകൾ, സിഎച്ച് 47 എഫ് ചിനൂക് ഹെലികോപ്റ്ററുകൾ എന്നിവയാണു ദൗത്യത്തിന്റെ ഭാഗമാകുക. ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ തുടർന്നാണു ലഡാക്കിൽ നിർണായക നീക്കവുമായി ഇന്ത്യൻ സേന മുന്നോട്ടു പോകുന്നത്. വ്യോമസേനയുടെ പരമാവധി കരുത്ത് ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാത്രി സമയത്ത് മഞ്ഞ് മൂടിയ ലഡാക്കിലൂടെ ഒരു ആക്രമണം നടത്തുക എന്നത് ഏതൊരു പോരാളിയെ സംബന്ധിച്ചും കഠിനമാണ്. എന്നാൽ ഇന്ത്യ ഈ പ്രശ്‌നങ്ങളെ അതി ജീവിച്ചു കഴിഞ്ഞു. രാത്രികളിൽ പർവതങ്ങളെ ലക്ഷ്യമാക്കി പറക്കുന്നതിനു വിമാനങ്ങൾക്കു നേരത്തേ പരിമിതികളുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ പ്രശ്‌നത്തെ മറികടന്നിട്ടുണ്ട്. രാത്രികാലങ്ങളിലെ പറക്കലിനും ലഡാക്കിൽ വ്യോമസേന ഇപ്പോൾ പരിശീലിക്കുന്നുണ്ട്. പർവത പ്രദേശങ്ങളിലേക്കു പറക്കുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. പക്ഷേ അനുഭവങ്ങളിലൂടെ ഇതിനെ മറികടക്കാൻ സാധിക്കുമെന്ന് സെന്റർ ഫോർ എയർ പവർ സ്റ്റഡീസ് അഡിഷനൽ ഡയറക്ടർ ജനറൽ എയർ വൈസ് മാർഷൽ മന്മോഹൻ ബഹാദൂർ പ്രതികരിച്ചു.

ഇത്തരം ആക്രമണങ്ങൾക്കുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുമെന്നും വ്യോമസേന മുൻ മേധാവി എയർ ചീഫ് മാർഷൽ ഫാലി എച്ച്. മേജർ പ്രതികരിച്ചു. പ്രഫഷനലായ ഏതൊരു സേനയും 24 മണിക്കൂറും ആക്രമണ സജ്ജരായിരിക്കണമെന്നും മന്മോഹൻ ബഹാദൂർ വ്യക്തമാക്കി. ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണു വ്യോമസേനയുടെ നിലവിലെ പ്രവർത്തനം. ഇന്ത്യചൈന സൈനിക കമാൻഡർമാർ തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ചൈനീസ് സൈന്യം ഗൽവാൻ, ഹോട്‌സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളിൽനിന്ന് 1.5 കിലോമീറ്റർ പിന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയും ധാരണകൾ പ്രകാരമുള്ള മാറ്റങ്ങൾ സൈനിക വിന്യാസത്തിൽ വരുത്തി.

അതേസമയം സേനയിലേക്ക് 38,900 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ആഴ്ച അനുമതി നൽകി. വ്യോമസേനയ്ക്ക് 33 പുതിയ പോർവിമാനങ്ങൾ ഇങ്ങനെ ലഭിക്കും. മേയിൽ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ സൈനിക നീക്കത്തിൽ വ്യോമസേനയുടെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. സൈനികർ, ടാങ്കുകൾ, ഇൻഫൻട്രി കോംപാറ്റ് വെഹിക്കിൾസ് എന്നിവയുടെ നീക്കത്തിന് സി 17 ഗ്ലോബ്മാസ്റ്റർ മൂന്ന് വിമാനമാണ് ഉപയോഗിച്ചത്. സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനവും മേഖലയിലെ നിർണായക സാന്നിധ്യമായി. പുതുതായെത്തിച്ച അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ കരുത്ത് വർധിപ്പിച്ചു. ഹെൽ ഫയർ മിസൈലുകൾ ഘടിപ്പിച്ച അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് മിനിറ്റിൽ 128 ലക്ഷ്യങ്ങളെയാണ് ആക്രമിക്കാൻ സാധിക്കുക. സൈനിക നീക്കം, ആയുധങ്ങളെത്തിക്കൽ എന്നിവയാണ് ചിനൂക്കിന്റെ പ്രധാന ദൗത്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP