Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം ശിവശങ്കരൻ ക്ലീൻ ബൗൾഡ്! ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ നീക്കിക്കൊണ്ട് ഉത്തരവിട്ടു മുഖ്യമന്ത്രി പിണറായി; പുതിയ ഐടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു; സ്വർണ്ണക്കടത്ത് വിവാദം കത്തിപ്പടരവേ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കരനെ മാറ്റിയതിന് പിന്നാലെ വീണ്ടും തെറിപ്പിക്കൽ; മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയ നിഴലിൽ ആക്കിയ വ്യക്തിയെ വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്ന സിപിഎം നിലപാട് നിർണായകമായി; വിവാദങ്ങളിൽ കുരുങ്ങിയ വിശ്വസ്തനെ കൈവിട്ട് പിണറായി

എം ശിവശങ്കരൻ ക്ലീൻ ബൗൾഡ്! ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ നീക്കിക്കൊണ്ട് ഉത്തരവിട്ടു മുഖ്യമന്ത്രി പിണറായി; പുതിയ ഐടി സെക്രട്ടറിയായി  മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു; സ്വർണ്ണക്കടത്ത് വിവാദം കത്തിപ്പടരവേ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കരനെ മാറ്റിയതിന് പിന്നാലെ വീണ്ടും തെറിപ്പിക്കൽ; മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയ നിഴലിൽ ആക്കിയ വ്യക്തിയെ വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്ന സിപിഎം നിലപാട് നിർണായകമായി; വിവാദങ്ങളിൽ കുരുങ്ങിയ വിശ്വസ്തനെ കൈവിട്ട് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ എം ശിവശങ്കരൻ ഐപിഎസ് ക്ലീൻബൗൾഡായി! മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ നിന്നും നീക്കിയതിന് പിന്നാലെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശിവശങ്കരനെ നീക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധം ഉണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്റെ സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്. നിലവിൽ ഒരു വർഷത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ. പുതിയ ഐ ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിലുണ്ട്. നേരത്തേ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിർ മുഹമ്മദ് ഐഎഎസ്സിനെ ആ പദവിയിൽ നിയമിച്ചിരുന്നു.

എം ശിവശങ്കറിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയത്തിന്റെ നിഴലിലാക്കുന്നതായതോടെയാണ്, സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ നിന്ന് എം ശിവശങ്കർ പുറത്താകുന്നത്. നേരത്തേ കേസിൽ അന്വേഷണം വേണമെന്ന് പ്രതികരിച്ചെങ്കിലും കൂടുതൽ ആരോപണങ്ങളുയർന്നതോടെ എം ശിവശങ്കർ മൗനത്തിലായി. പിന്നാലെ അവധിക്ക് അപേക്ഷയും നൽകി. സർക്കാറിനെ പ്രതിരോധത്തിലാക്കിയ സ്പ്രിങ്ക്‌ളർ, ബെവ്ക്യൂ ആപ് ആരോപണങ്ങളിലും ശിവശങ്കറിന്റെ പേര് ഉയർന്നുകേട്ടിരുന്നു.

കെ.എസ്‌ഐ.ടി.എല്ലിന് കീഴിൽ സ്‌പേസ് മാർക്കറ്റിങ് ലെയ്‌സൺ ഓഫീസറായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചിരുന്നത്. താത്കാലിക നിയമനമായിരുന്നെങ്കിലും നിയമനത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് ആരോപണമുയർന്നതോടെ ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. തിരുവനന്തപുരം കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ 30 കിലോ സ്വർണം പിടികൂടിയ കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്ന സുരേഷ് എന്നാണ് കരുതപ്പെടുന്നത്. ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ശിവശങ്കർ ഐഎഎസിന് വിനായായത് പൊലീസിലെ രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണ്ണ കടത്തിൽ വിവാദം ഉയർന്നപ്പോൾ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നു. അമ്പലമുക്കിലെ ഫ്ളാറ്റിലും ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയിൽ നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിഎം രവീന്ദ്രനും ശിവശങ്കറും ചേർന്നാണ് ഭരിച്ചിരുന്നത്. ഇതിൽ ശിവശങ്കറാണ് മാറുന്നത്. വി എസ് സെന്തിൽ ഐഎഎസാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറി ആർ മോഹനാണ്. നളിനി നെറ്റോയുടെ സഹോദരൻ കൂടിയാണ് മോഹനൻ. പിന്നെ പൊളിട്ടിക്കൽ സെക്രട്ടറി പുത്തലേത്ത് ദിനേശനും. ദിനേശൻ മാത്രമാണ് പാർട്ടി പ്രതിനിധി. പിഎ ആയിരുന്ന എംവി ജയരാജൻ കണ്ണൂർ പാർട്ടി സെക്രട്ടറിയായതോടെ സ്ഥാനം ഒഴിഞ്ഞു.

ശിവശങ്കറിനെ രക്ഷിക്കാൻ കിഫ്ബിയിലെ തലപ്പത്തുള്ള പ്രമുഖൻ ശ്രമിച്ചിരുന്നു. ഐ എ എസ് ലോബിയിൽ സമ്മർദ്ദം ചെലുത്താനും ശ്രമിച്ചു. ഇതിനിടെയാണ് സ്വപ്നാ സുരേഷിന്റെ വീട്ടിലെ നിത്യ സന്ദർശകനാണെന്ന റിപ്പോർട്ട് പൊലീസ് നൽകുന്നത്. ഇതോടെ ശിവശങ്കറിന് പുറത്ത് പോകേണ്ടി വന്നു. ദീർഘകാല അവധിയിലേക്ക് ശിവശങ്കർ പോയി കഴിഞ്ഞു. പുതിയ ഐടി സെക്രട്ടറിയേയും സർക്കാർ നിയമിക്കും. ഇതോടെ ശിവശങ്കറിന് അധികാര കേന്ദ്രങ്ങളെല്ലാം പൂർണ്ണമായും നഷ്ടമാകും. ഐടി വകുപ്പിൽ സ്വപ്നാ സുരേഷിന് ജോലി നൽകിയതാണ് ശിവശങ്കറിന് വിനയാകുന്നത്. ഈ താൽകാലിക നിയമനത്തെ ന്യായീകരിക്കാൻ ആർക്കും കഴിയില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സ്പ്രിങ്ളർ കാലം മുതൽ തന്നെ ശിവശങ്കർ വിവാദ നായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരം ശിവശങ്കറിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്താനായി മാറി. ഇതെല്ലാം എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ സ്വപ്നയുമായുള്ള അടുപ്പം മുഖ്യമന്ത്രിക്കും വിനായായി മാറും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ മാറ്റിയത്. ഐ എ എസ് അസോസിയേഷനും ശിവശങ്കറിനെ രക്ഷിക്കാനെത്തിയില്ല. ശിവശങ്കർ അവധിയിൽ പ്രവേശിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിക്കും. സ്പ്രിങ്ളറിലും ശിവശങ്കർ പ്രതിസ്ഥാനത്ത് നിന്നു. എന്നാൽ സർക്കാരിനെ അഴിമതി കേസിൽ കുടുക്കാതെ എല്ലാ ഉത്തരവാദിത്തവും ശിവശങ്കർ ഏറ്റെടുത്തു. അന്ന് നല്ല ഓഫീസർമാരെ ഇല്ലാത്തതു പറഞ്ഞ് കൊല്ലരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ സ്വപ്നാ വിവാദത്തിൽ നാട്ടുകാർ തുറന്നു പറച്ചിൽ നടത്തിയതോടെ ശിവശങ്കർ പെട്ടു പോവുകയായിരുന്നു.

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കർ നൽകിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. യു.എ.ഇ. കോൺസുലേറ്റ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി നിർബന്ധിതനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP