Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനിച്ചത് ഒരുമിച്ച്; തമ്മിൽ വേർപിരിയാതെ ജീവിച്ചത് നീണ്ട 68 വർഷങ്ങൾ; പ്രദർശനങ്ങളിലും കർണിവലുകളിലും കാഴ്‌ച്ച വസ്തുക്കളായി മാറി ജീവനോപാധി കണ്ടെത്തി; ലോകത്തിൽ ഏറ്റവുമധികം കാലം ജീവിച്ച സയാമീസ് ഇരട്ടകൾ ഓർമ്മയാകുമ്പോൾ

ജനിച്ചത് ഒരുമിച്ച്; തമ്മിൽ വേർപിരിയാതെ ജീവിച്ചത് നീണ്ട 68 വർഷങ്ങൾ; പ്രദർശനങ്ങളിലും കർണിവലുകളിലും കാഴ്‌ച്ച വസ്തുക്കളായി മാറി ജീവനോപാധി കണ്ടെത്തി; ലോകത്തിൽ ഏറ്റവുമധികം കാലം ജീവിച്ച സയാമീസ് ഇരട്ടകൾ ഓർമ്മയാകുമ്പോൾ

സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ റോണി ഗേലോണും ഡോണി ഗേലോണും ഇക്കഴിഞ്ഞ ജൂലായ് 4 ഓഹിയോയിലെ ഡേറ്റണിലുള്ള അവരുടെ വസതിയിൽ വെച്ച് മരണമടഞ്ഞു. 1951 ഒക്ടോബർ 28 ന് ജനിച്ചന്നു മുതൽ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു ഇവർ. പിതാവ് വെസ്ലി ഗേലോണും മാതാവ് എയ്ലീനും തീരെ പ്രതീക്ഷിക്കാതെയായിരുന്നു ഈ ഇരട്ടകളെ ലഭിച്ചത്.പൂർണ്ണ ആരോഗ്യത്തോടെ ജനിച്ച അവർക്ക്പക്ഷെ ജനനശേഷം ആദ്യത്തെ രണ്ട് വർഷങ്ങൾ ആശുപത്രിയിൽ തന്നെ കഴിയേണ്ടി വന്നു. സുരക്ഷിതമായി അവരെ വേർപെടുത്താനുള്ള വഴികൾ ഡോക്ടർമാർ ആലോചിക്കുകയായിരുന്നു ഈ രണ്ട് വർഷക്കാലവും. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞാൽ ഇരുവരും ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്തതിനാൽ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

നെഞ്ചിന് അടിഭാഗം മുതൽ അടിവയറ് വരെ ഒട്ടിയിരുന്ന ഇവർക്ക് പക്ഷെ വ്യത്യസ്ത ഹൃദയങ്ങളും ആമാശയങ്ങളും ഉണ്ടായിരുന്നു. അതുപോലെ പ്രത്യേകം പ്രത്യേകം കൈകാലുകളും. എന്നാൽ ദഹനേന്ദ്രിയത്തിന്റെ താഴ്ഭാഗം യോജിച്ച നിലയിലായിരുന്നു. കുട്ടികൾക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ഇവരെ കാർണിവലുകളിൽ പ്രദർശനവസ്തുവാക്കാനുള്ള തീരുമാനം പിതാവെടുത്തത്. ഒമ്പത് മക്കൾ അടങ്ങുന്ന കുടുംബത്തെ പോറ്റാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു. അതിനുശേഷം കാനഡയിലും അമേരിക്കയിലും നിരവധി കാർണിവലുകളിൽ ഇവർ പങ്കെടുക്കുകയുണ്ടായി.

ഇവർ ജനിച്ചപ്പോഴേ ഇവരുടെ അമ്മ ഉപക്ഷിച്ച് പോയി എന്നാണ് വാർഡ് ഹാളിന്റെ ജീവചരിത്രത്തിൽ ഉള്ളത്. പിന്നീട് പിതാവ് വെസ്ലിയും രണ്ടാനമ്മ മേരിയുമായിരുന്നു ഇവരെ വളർത്തിയത്. ജനന ശേഷം ആദ്യം രണ്ടു വർഷം ആശുപത്രികളിൽ കഴിഞ്ഞതും പിന്നീടുള്ള മരുന്നിന്റെ ചെലവുമെല്ലാം അപ്പോഴേക്കും വെസ്ലിയെ സാമ്പത്തികമായി തകർത്തിരുന്നു. ഇതിൽ നിന്നും രക്ഷനേടുവാനാണ് റോണിയേയും ഡോണിയേയും കാർണിവലുകളിൽ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചത്. 1991-ൽ കാർണിവലുകളിൽ പങ്കെടുക്കുന്നത് നിർത്തുന്നതുവരെ അവർ അവിടെ തുടർന്നു.

അന്ന് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ഇവരായിരുന്നു എന്നാണ് ഇളയ സഹോദരൻ പറയുന്നത്. 29 വയസ്സുള്ളപ്പോഴാണ് ഈ ഇരട്ട സഹോദരന്മാർ നടക്കാൻ തുടങ്ങിയത്. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളെ നിയമിച്ച് ദൈനം ദിന ജീവിതത്തിൽ അത്യാവശ്യമായ കാര്യങ്ങളൊക്കെ ഇവരെ പഠിപ്പിച്ചു. എന്നാൽ മറ്റ് വിദ്യാർത്ഥികൾക്ക് പ്രശ്നമാകും എന്നതിനാൽ സ്‌കൂളിൽ ചേരുന്നതിൽ നിന്നും സ്‌കൂൾ അധികൃതർ അവരെ വിലക്കി.

കാർണിവലുകളീൽ ഒരു എയർകണ്ടീഷൻ ചെയ്ത ട്രെയിലറിലായിരുന്നു ഇവരെ പ്രദർശിപ്പിച്ചിരുന്നത്. ഇവർ ട്രെയിലറിനുള്ളിൽ അവരുടേതായ ജീവിതം നയിക്കുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് ചില്ല് ജാലകത്തിലൂടെ അതെല്ലാം കണ്ടുനിന്നിരുന്നത്. എന്നാൽ ഈ കാർണിവലിലെ മറ്റ് കലാകാരന്മാരുമായി നല്ല ബന്ധമായിരുന്നു ഇവർ പുലർത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി രേഖപ്പെടുത്തിയിട്ടുള്ള ലിറ്റിൽ പീറ്റ് ഇവരുടെ സുഹൃത്തായിരുന്നു.

1970 കളിൽ ഇത്തരം പ്രദർശനങ്ങൾ അമേരിക്കയിൽ നിരോധിച്ചപ്പോൾ അവർ തെക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമായി പ്രദർശനങ്ങൾ തുടർന്നു. വർഷങ്ങൾ നീണ്ട ബന്ധത്തിൽ ഇരുവരും പരസ്പരം വിട്ടുവീഴ്‌ച്ചകൾ ചെയ്യുവാൻ പഠിച്ചിരുന്നു എങ്കിലും ഇടക്ക് ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാകുമായിരുന്നു എന്ന് ഇവരുടെ സഹോദരൻ പറയുന്നു. എന്നാൽ ഉടൻ തന്നെ അത് തീരുകയും ചെയ്യും. നല്ല സുഹൃത്തുക്കളായിട്ടായിരുന്നു അവർ പരസ്പരം കണക്കാക്കിയിരുന്നത്.

അവിവാഹിതരായിരുന്ന അവരിൽ ഡോണിയായിരുന്നു മിക്കപ്പോഴും പാചകം, പാത്രം കഴുകൽ, വസ്ത്രം അലക്കൽ തുടങ്ങിയവയെല്ലാം ചെയ്തിരുന്നത്. ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ റോണീയും ചെയ്യുമായിരുന്നു. തെരഞ്ഞെടുപ്പുകളിൽ അവർ രണ്ട് വോട്ടുകൾ വീതം ചെയ്തിരുന്നു അതുപോലെ അവർക്ക് രണ്ട് സോഷ്യൽ സെക്യുരിറ്റി നമ്പരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP