Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് തെളിവായി സ്‌നേഹത്തിന്റെ ഇഫ്താർ സംഗമവും; ചെന്നിത്തലയുടെ 2018ലെ പോസ്റ്റിലെ ചിത്രത്തിൽ നിറയുന്നതും ഉന്നത ബന്ധങ്ങൾ; ഡിജിപി ബെഹ്റയുടെ തൊട്ടെടുത്ത് കയറി ഇരുന്ന് ഫോട്ടോ എടുത്തത് പൊലീസിലെ പ്രമുഖരെ വിരട്ടി കാര്യം നേടാൻ; അജ്ഞാത സീറ്റിന് അടുത്ത് എത്തിയതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചെന്നും റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ കോൺസുലേറ്റിലെ അഞ്ചു പേർ സംശയ നിഴലിൽ

സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് തെളിവായി സ്‌നേഹത്തിന്റെ ഇഫ്താർ സംഗമവും; ചെന്നിത്തലയുടെ 2018ലെ പോസ്റ്റിലെ ചിത്രത്തിൽ നിറയുന്നതും ഉന്നത ബന്ധങ്ങൾ; ഡിജിപി ബെഹ്റയുടെ തൊട്ടെടുത്ത് കയറി ഇരുന്ന് ഫോട്ടോ എടുത്തത് പൊലീസിലെ പ്രമുഖരെ വിരട്ടി കാര്യം നേടാൻ; അജ്ഞാത സീറ്റിന് അടുത്ത് എത്തിയതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചെന്നും റിപ്പോർട്ട്; സ്വർണ്ണ കടത്തിൽ കോൺസുലേറ്റിലെ അഞ്ചു പേർ സംശയ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് തെളിവായി സ്നേഹത്തിന്റെ ഇഫ്താർ സംഗമം. രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പേജിൽ വന്നുവെന്ന തരത്തിലെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രം ശരിയാണെങ്കിൽ ചെന്നിത്തലയുടെ 2018ലെ ഇഫ്താർ സംഗമത്തിൽ സ്വപ്നയും പങ്കെടുത്തു. ഈ ഇഫ്താറിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കൊപ്പം ഇരുന്ന് സ്വപ്‌ന ചിത്രമെടുക്കാനും ശ്രമിച്ചു. ഇതിനും തെളിവ് പുറത്തുവന്നു. പൊലീസിലെ ഉന്നതരെ ബെഹ്‌റയുമായുള്ള അടുപ്പം പറഞ്ഞ് തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ബെഹ്‌റ ശാസിച്ചിരുന്നു. ഇത്തരെ വിവിഐപി പാർട്ടികളിലെത്തി ഉന്നതരുടെ അടുത്തിരുന്ന് ഫോട്ടോ എടുക്കുന്നത് ഇവരുടെ ശൈലിയാണെന്നും ആരോപണമുണ്ട്.

അതിനിടെ സ്വർണ്ണ കടത്തിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥർക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാൽ തുടർ നടപടികൾ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇത്. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നതും കേരളത്തിൽ ആദ്യം. 2019 മെയ് 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. ഐടി സെക്രട്ടറിയുമായുള്ള ബന്ധങ്ങൾ ചർച്ചയാവുകയും ചെയ്തു. സ്വപ്നാ സുരേഷിനെതിരെ കൂടുതൽ തെളിവുകൾ എന്ന വിധമാണ് ചെന്നിത്തലയുടെ പേജിലെ ഫോട്ടോയും ചർച്ചയാകുന്നത്. അന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. 2018ലെ ഇഫ്താറിൽ കോൺസുലേറ്റിലുള്ളവരേയും ചെന്നിത്തല ക്ഷണിച്ചിട്ടുണ്ടാകും. അങ്ങനെ സ്വപ്ന എത്തിയെന്നാണ് സൂചന.

സ്വർണ്ണ കടത്തിൽ കോൺസുലേറ്റിലെ ചിലർക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് സാധാരണ പരിശോധിക്കാറില്ല. കസ്റ്റംസ് കമ്മിഷണർക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു മുൻപ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. അവിടെനിന്ന് അനുമതി ലഭിച്ചശേഷം കോൺസുലേറ്റിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്. ശുചിമുറി ഉപകരണങ്ങൾ അടങ്ങുന്ന പെട്ടിയിലായിരുന്നു സ്വർണം. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാകുന്നത്. ഇതോടെയാണ് കള്ളി പുറത്തായത്.

യുഎഇയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ഇയാൾ കരാർ എടുത്തിരുന്നു. മാസങ്ങൾക്ക് മുൻപ് കോൺസുലേറ്റിൽനിന്ന് പുറത്താക്കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് കരാർ നേടിയെടുക്കുകയായിരുന്നു. മുൻ ജീവനക്കാരി സ്വപ്ന സുരേഷും ഇക്കാര്യത്തിൽ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൂങ്കുളത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോടു കോൺസുലേറ്റിലെ പ്രോട്ടോകോൾ ഓഫിസറാണെന്നാണ് ഇയാൾ പറഞ്ഞത്. അന്വേഷണത്തിൽ ഇയാളെ കോൺസുലേറ്റിൽനിന്നു പുറത്താക്കിയിരുന്നതായി മനസിലായി. ഇതാണ് കേസിൽ നിർണ്ണായകമായത്. സരിതിന്റെ കുടുംബത്തിന്റെ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്തിന് കോൺസുലേറ്റിന്റെ വ്യാജ തിരിച്ചറിയൽ ഐഡികൾ നിർമ്മിച്ചതായും വ്യക്തമായി.

ഒരാഴ്ച മുൻപാണു കാർഗോയിൽ സ്വർണം എത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചത്. ഡിപ്ലോമാറ്റിക് കാർഗോ ആയതിനാൽ കരുതലോടെയായിരുന്നു നീക്കം. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ വിവരം കേന്ദ്രത്തെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചതോടെ കോൺസുലേറ്റ് അധികൃതരുടെ സാന്നിധ്യത്തിലാണ് പെട്ടി പൊട്ടിച്ചത്. ഷംനാ കാസിം ബ്ലാക് മെയിൽ കേസിൽ നിന്നാണ് നിർണണായക വിവരം കിട്ടിയതെന്ന് സൂചനയുണ്ട്. നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാറില്ല. ഇതാണു സ്വർണക്കടത്തുകാർ മുതലെടുത്തതും. കോൺസുലേറ്റിലെ ജീവനക്കാർ അവരുടെ രാജ്യത്തുനിന്നും വിവിധ സാധനങ്ങൾ നാട്ടിലെത്തിക്കാറുണ്ട്. സംശയകരമായ സാഹചര്യം ഉണ്ടായാലും ബാഗേജുകൾ പലപ്പോഴും പരിശോധിക്കാറില്ല.

ഭരണത്തിന്റെ ഇടനാഴികളിൽ വിഹരിച്ചിരുന്ന സ്വപ്ന സുരേഷ് നയിച്ചിരുന്നത് ആഡംബരജീവിതമായിരുന്നു. തലസ്ഥാനത്തെ ആഡംബര ഫ്‌ളാറ്റിൽ താമസം, സഞ്ചരിക്കാൻ മുന്തിയവാഹനം, വി.ഐ.പികളുമായി ഉറ്റബന്ധം. വിദേശത്തു പഠിച്ച്, തലസ്ഥാനത്തു ജോലിക്കെത്തിയ സ്വപ്ന ഭരണതലത്തിലെ ഉന്നതരുമായി ബന്ധം വളർത്തിയെടുത്തു. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡിലിങ് സ്ഥാപനമായ സാറ്റ്‌സിൽ സെക്രട്ടറിയായിരിക്കേ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ പീഡനപരാതി കൊടുപ്പിച്ചു. എന്നാൽ, ഉദ്യോഗസ്ഥനെതിരായ പരാതിയിൽ 17 പേരുകൾ എഴുതിയൊപ്പിട്ടതു സ്വപ്നയാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ നീക്കം പൊളിഞ്ഞു.

തുടർന്ന് വ്യാജരേഖ ചമച്ചതിനു സ്വപ്നയെ പ്രതിചേർത്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മാസങ്ങൾക്കു മുമ്പ് കോവളത്തെ ഒരു വിവാഹസൽക്കാരത്തിലുണ്ടായ സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് സ്വപ്നക്കെതിരായ പരാതി ഒതുക്കിത്തീർത്തിരുന്നു. യു.എ.ഇ. കോൺസുലേറ്റിൽനിന്നു പുറത്തായെങ്കിലും ഇവർക്ക് ഉന്നതബന്ധങ്ങൾ തുണയായി. ഇതിനിടെ, സ്വപ്ന സുരേഷ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാർക്കിന്റെ മാർക്കറ്റിങ് ലെയ്‌സൺ ഓഫീസറായി സ്വപ്ന നിയമിതയായതും വിവാദമാണ്. സ്വപ്ന താമസിച്ചിരുന്ന മുടവന്മുഗളിലെ ഫ്‌ളാറ്റിൽ ശിവശങ്കർ നിരന്തരം വന്നിരുന്നതായി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.

ഫ്ളാറ്റിൽനിന്നു രാത്രി വൈകി പോകുന്ന ശിവശങ്കറിനു ഗേറ്റ് തുറന്നുകൊടുക്കാൻ താമസിച്ചതിന്റെ പേരിൽ സ്വപ്നയുടെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചിരുന്നെന്നും പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഉന്നത ഇടപെടൽ മൂലം നടപടിയുണ്ടായില്ലെന്നും അസോസിയേഷൻ ഭാവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP