Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റീൽ പൈപ്പുകളിലും ഡോർ ലോക്കുകളിലുമായി സ്വർണം ഒളിപ്പിച്ചത് സിലിണ്ടർ രൂപത്തിൽ; മറയ്ക്കാനായി ഒപ്പം ഉണ്ടായിരുന്നത് ന്യൂഡിൽസും ബിസ്‌ക്കറ്റിന്റെ പാക്കറ്റും; യുഎഇ കോൺസുലേറ്റിലേക്കുള്ള കാർഗോ വഴി 15 കോടിയുടെ സ്വർണം കടത്താൻ സ്വപ്‌ന സുരേഷ് സ്വീകരിച്ച 'കരുതൽ' ഇങ്ങനെ; കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ; സ്വർണക്കടത്തിൽ എംബസിക്കോ ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലെ യുഎഇ അംബാസിഡർ

സ്റ്റീൽ പൈപ്പുകളിലും ഡോർ ലോക്കുകളിലുമായി സ്വർണം ഒളിപ്പിച്ചത് സിലിണ്ടർ രൂപത്തിൽ; മറയ്ക്കാനായി ഒപ്പം ഉണ്ടായിരുന്നത് ന്യൂഡിൽസും ബിസ്‌ക്കറ്റിന്റെ പാക്കറ്റും; യുഎഇ കോൺസുലേറ്റിലേക്കുള്ള കാർഗോ വഴി 15 കോടിയുടെ സ്വർണം കടത്താൻ സ്വപ്‌ന സുരേഷ് സ്വീകരിച്ച 'കരുതൽ' ഇങ്ങനെ; കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പുറത്തെടുത്തത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ; സ്വർണക്കടത്തിൽ എംബസിക്കോ ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലെ യുഎഇ അംബാസിഡർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ചത് സ്റ്റീൽ പൈപ്പുകളിലും ഡോർ ലോക്കുകളിലുമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റീൽ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് പുറത്തെടുത്തത്. 30 കിലോയുള്ള സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് കാർഗോയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണമാണ് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോൺസലർ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടി രൂപയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു. കള്ളക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. അതേസമയം, സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിച്ചു.

സ്വർണകടത്ത് കേസിൽ വമ്പൻ സ്രാവുകൾക്കും ബന്ധമെന്നാണ് സൂചനകൾ. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്‌ന സുരേഷാണ് എല്ലാറ്റിനും ചുക്കാൻ പിടിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഇവരുടെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ചർച്ചയാകുന്നത്. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ സ്വപ്‌നക്ക് തലസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ്. ഇവർ യുഎഇയിലും ഇടക്കിടെ യാത്ര ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്‌ന സുരേഷെന്ന് വ്യക്തമായതോടെ സ്വപ്‌നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്‌ന ഒളിവിൽ പോയിരുന്നു. ഇതോടെയാണ് സ്വപ്നയെ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ തീരുമാനം കൈക്കൊണ്ടത്.

അതിവേഗമുള്ള പിരിച്ചു വിടലിന് പിന്നിൽ ഉന്നതരിലേക്ക് എത്താതെ കേസ് ഒതുക്കാൻ വേണ്ടിയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. താൽക്കാലിക നിയമനം ആയിരുന്നു എന്നാണ് ഐടി വകുപ്പ് വ്യക്തമാക്കുന്നത്. ഐടി സെക്രട്ടറി ശിവശങ്കറുമായി അടുത്ത ബന്ധമാണ് യുവതിക്കുള്ളത്. അതേസമയം നിലവിൽ കസ്റ്റഡിയിലുള്ള കോൺസുലേറ്റ് മുൻ പി.ആർ.ഒ. സരിത്തിൽ നിന്നും നിർണായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്റെ മൊഴി. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നൽകി.

ആരാണ് സ്വർണക്കടത്തിന് പിന്നിൽ എന്ന് ഒളിപ്പിക്കാൻ സരിത്ത് ശ്രമിച്ചിട്ടുണ്ടെന്നത് മൊഴിയിൽ നിന്നും വ്യക്തമാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത്. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.

2019 മുതൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം ഇതുവരെ കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകി. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ല. സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തം. 10 മുതൽ 15 ലക്ഷം വരെ കമ്മിഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആർ.ഒ പോസ്റ്റിൽ നിന്ന് സരിത്തിനെ നീക്കിയിരുന്നു. സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോൺസുലേറ്റിൽ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവിൽ പോയ ഇവർക്കായി കസ്റ്റംസ് തിരച്ചിൽ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആർഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന, പാഴ്‌സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാഴ്‌സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്‌ളൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്‌സൽ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്. തിരുവനന്തപുരത്തെ സ്വർണവേട്ടയെ കുറിച്ച് അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്‌സലായി വരാറുള്ളതെന്നും വ്യക്തമാക്കി.

അതേസമയം കോൺസുലേറ്റ് സ്വർണതട്ടിപ്പിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. യുഎഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കസ്റ്റംസ് അറിയിച്ചു. നയതന്ത്ര ബാഗിൽ സ്വർണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്.

യുഎഇ എംബസിക്ക് യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസിഡർ

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. സ്വർണക്കടത്തിൽ യുഎഇ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസഡർ അറിയിച്ചു. ഇപ്പോൾ യുഎഇയിലുള്ള അംബാസഡർ അഹമ്മദ് അൽ ബന്ന അവിടെ വച്ചു മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്.

ഇത്തരം നടപടികളെ ഒരു രീതിയിലും അംഗീകരിക്കില്ലെന്നും നയതന്ത്ര സൗകര്യം ഒരു വ്യക്തി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നതായും അംബാസിഡർ വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിവരം തേടാൻ ശ്രമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ടത് യുഎഇ കോൺസുലേറ്റിൽ നിന്ന് നേരത്തെ പുറത്താക്കിയ വ്യക്തിയാണെന്നും അംബാസിഡർ അറിയിച്ചു.

അതേസമയം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിലെ അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നതരിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഇവിടുത്തെ മുൻ ഉദ്യോഗസ്ഥയും മുഖ്യമന്ത്രിയുടെ കീഴിലെ സംസ്ഥാന ഐടി വകുപ്പിലെ ലെയ്‌സൺ ഓഫീസറായ സ്വപ്ന സുരേഷിന് കള്ളക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. നയനന്ത്ര പരിരക്ഷയുള്ളതിനാൽ കോൺസുലേറ്റിലെ ചില ഉന്നതരെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP