Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്നും സ്വപ്‌നം കണ്ടത് പണം ഇരട്ടിക്കുന്ന വഴികളിലൂടെയുള്ള സഞ്ചാരം; തടസ്സം നിന്നവരെയും എതിർക്കുന്നവരെയും തകർക്കാൻ കുറുക്കുവഴികൾ; എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയതിനൊപ്പം ആൾമാറാട്ടവും; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്ത് കേസിൽ കുടുങ്ങുന്നതിന് മുമ്പ് മറ്റുകേസുകളിലും അന്വേഷണം; ചെറുമീനുകളെ ഇഷ്ടപ്പെടാത്ത സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദർശകയും

എന്നും സ്വപ്‌നം കണ്ടത് പണം ഇരട്ടിക്കുന്ന വഴികളിലൂടെയുള്ള സഞ്ചാരം; തടസ്സം നിന്നവരെയും എതിർക്കുന്നവരെയും തകർക്കാൻ കുറുക്കുവഴികൾ; എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയതിനൊപ്പം ആൾമാറാട്ടവും; തിരുവനന്തപുരം വിമാനത്താവളത്തിലെ 15 കോടിയുടെ സ്വർണക്കടത്ത് കേസിൽ കുടുങ്ങുന്നതിന് മുമ്പ് മറ്റുകേസുകളിലും അന്വേഷണം; ചെറുമീനുകളെ ഇഷ്ടപ്പെടാത്ത സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദർശകയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ, ഡിപ്ലോമാററിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക എന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് വ്യാജപരാതിയും ആൾമാറാട്ടവും തട്ടിപ്പും നടത്തിയ കേസിൽ അന്വേഷണം നേരിടുന്നയാൾ. ഉന്നതതലങ്ങളിലെ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങൾ നടത്തി എടുക്കുന്ന ഇവർ ഏറെ നാളായി നടത്തി വന്ന തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവിലാണ്. വ്യാജപരാതി നൽകിയതിനും ആൾമാറാട്ടത്തിനും സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുന്നതായാണ് വിവരം. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരുന്നപ്പോൾ അവിടുത്തെ ഒരു ഉദ്യോഗസ്ഥനെതിരേ ഇവർ വ്യാജ പരാതി നൽകിയിരുന്നു.

ഈ ഉദ്യോഗസ്ഥനെതിരെ ആൾമാറാട്ടം നടത്തി മറ്റൊരു പരാതിക്കാരിയെ ഹാജരാക്കിയെന്ന ആരോപണവും ഇവർ നേരിടുന്നു. കേസിൽ സ്വപ്‌ന സുരേഷിനെ പ്രതി ചേർക്കാനിരിക്കെയാണ് സ്വർണക്കടത്ത് കേസ് പൊന്തി വന്നത്. വ്യാജ പരാതി കേസിൽ അന്വേഷണം തുടരുകയാണ്. ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിന്റെ ഭാഗമായ സ്പേസ് പാർക്കിലെ മാർക്കറ്റിങ്് ലെയ്‌സൺ ഓഫീസറായ സ്വപ്ന സുരേഷിനെ കേസിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദർശക

യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർകൂപ്പേഴ്സ് മുഖേനയാണ് നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തള്ളി. ഇവർ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജൻസി നൽകിയ പ്രഫഷണൽ റഫറൻസ് അനുസരിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്ന സുരേഷും നേരത്തെ കോൺസുലേറ്റിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.ഇരുവരുടെയും ചില വഴി വിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളുമാണ് ജോലി തെറിപ്പിച്ചതെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽ എക്‌സിക്യുട്ടിവ് സെക്രട്ടറിയായിരുന്നു സ്വപ്‌ന. ഇവർ സെക്രട്ടേറിയറ്റിൽ എപ്പോഴും എത്തിയിരുന്നതായും വിവരമുണ്ട്.

പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ സ്വപ്നയെയും സരിത്തിനെയും കോൺസുലേറ്റിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ അതിനുശേഷവും ഇവർ തട്ടിപ്പു തുടർന്നു. കോൺസുലേറ്റ് പിആർഒ എന്ന വ്യാജ ഐഡി കാർഡ് സരിത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് തുടർന്നത്. കോൺസുലേറ്റിലേക്കുള്ള ഇടപാടുകൾ സരിത്ത് വഴിയാണ് വന്നിരുന്നത്. ഡിപ്ലാമാറ്റ് ബാഗ് ആയതിനാൽ കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകില്ല. സ്വർണം അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ എത്തിയാൽ സരിത്ത് ഐഡി കാർഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഡിപ്ലോമാറ്റ് ബാഗ് വഴി സ്വർണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. ജൂൺ 30 ന് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇത്തരത്തിൽ കടത്തുന്നുണ്ടെന്നായിരുന്നു വിവരം.

ഇതേത്തുടർന്ന് ബാഗ് ക്ലിയർ ചെയ്യാതെ കസ്റ്റംസ് തടഞ്ഞുവെച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നുപരിശോധിക്കുകയായിരുന്നു. കോൺസുലേറ്റിലെ അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയതും, 30 കിലോ സ്വർണം പിടികൂടിയതും. സ്വർണ്ണക്കടത്തിൽ പിടിയിലായ സരിത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് സൂചന.മുമ്പും ഇത്തരത്തിൽ നിരവധി ഇടപാടുകൾ നടത്തിയിരുന്നു. ഒരു ഇടപാടിന് ലഭിച്ചത് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മൂന്നുതവണ ഇത്തരത്തിൽ സ്വർണം കടത്തിയെന്നും സരിത്ത് സമ്മതിച്ചു. സരിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. നാലു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഉദ്യോഗസ്ഥർക്കു നയതന്ത്രപരിരക്ഷ ഉള്ളതിനാൽ തുടർ നടപടികൾ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേരളത്തിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് ഇന്നലത്തേത്. ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 15 കോടിവിലമതിക്കുന്ന 30 കിലോ സ്വർണമാണ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP