Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ കോവിഡ് രോ​ഗികൾ ഒരുലക്ഷം കടന്നു; കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ; രോ​ഗമുക്തി നിരക്ക് വളരെ കൂടുതലെന്നും ഡൽഹി മുഖ്യമന്ത്രി

ഡൽഹിയിൽ കോവിഡ് രോ​ഗികൾ ഒരുലക്ഷം കടന്നു; കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ; രോ​ഗമുക്തി നിരക്ക് വളരെ കൂടുതലെന്നും ഡൽഹി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വ്യാപനത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും രോ​ഗമുക്തി നിരക്ക് കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ 72,000 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വാർത്താസമ്മേളനത്തിൽ കെജ്‍രിവാൾ പറഞ്ഞു.

''25,000 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 15,000 പേരെ വീടുകളിൽ തന്നെയാണ് ചികിത്സിക്കുന്നത്. മരണനിരക്ക് ഗണ്യമായി കുറഞ്ഞു. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ ആരംഭിക്കാൻ നമുക്ക് സാധിച്ചു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാക്കാൻ സാധിക്കുമെന്ന് ഇവിടെ നടന്ന പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.''- കെജ്‍രിവാൾ വിശദീകരിച്ചു. പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവുന്നവരേക്കാൾ കൂടുതലാണ് പ്ലാസ്മ ആവശ്യമുള്ളവർ. അതിനാൽ രോഗമുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാവണം, പ്ലാസ്മ ദാനം ചെയ്യുന്നത് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ശരീരത്തിലുണ്ടാക്കില്ല. ഇത് സമൂഹത്തിനുള്ള സേവനമാണെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ആശുപത്രി ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വീടുകളിലെ ചികിത്സയിലൂടെ തന്നെ ആളുകൾ രോഗമുക്തി നേടുന്നു. കഴിഞ്ഞയാഴ്ചത്തെ കണക്കുകൾ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 62,000ൽ നിന്നും 5,300 ആയി. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം 99,000 കിടക്കകൾ ആശുപത്രികളിൽ ഒഴിവായിക്കിടക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ ഡൽഹി മുൻനിരയിലാണെന്നും കെജ്‍രിവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് നിർണയത്തിനുള്ള പരിശോധനകൾ ഒരു കോടി കടന്നതായി ഐസിഎംആർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,80,596 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ പരിശോധനകളുടെ എണ്ണം 1,00,04,101 ആയി ഉയർന്നതായി ഐസിഎംആർ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി രണ്ടുലക്ഷത്തിൽപ്പരം പരിശോധനകളാണ് നടന്നത്. അഞ്ചുദിവസത്തിനിടെ പത്തുലക്ഷത്തോളം പരിശോധനകൾ നടന്നു. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനകളുടെ എണ്ണം ഉയർത്തേണ്ടത് അനിവാര്യമാണ്. ഇത് മുന്നിൽ കണ്ട് രാജ്യത്ത് ഒന്നടങ്കം 1,105 ലാബുകൾക്കാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. പിസിആർ ടെസ്റ്റിന് മാത്രം 592 ലാബുകൾക്കാണ് അനുമതി നൽകിയത്.

പ്രതിദിനം മൂന്ന് ലക്ഷത്തോളം പരിശോധനകൾ നടത്താനുള്ള ശേഷി കൈവരിച്ചിട്ടുണ്ട്. പരിശോധനകൾ വർധിപ്പിച്ച് കോവിഡ് രോഗികളെ അതിവേഗത്തിൽ കണ്ടെത്താനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതിലൂടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നു. രോഗവ്യാപനം കൂടുതലുള്ള തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് പരിശോധന വർധിപ്പിക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൂനാറ്റ്, സിബിനാറ്റ് ടെസ്റ്റുകൾ നടത്താൻ തയ്യാറുള്ള ലാബുകളെ കണ്ടെത്തി ഇവർക്ക് അംഗീകാരം വാങ്ങി നൽകുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP