Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ഇടപാടിൽ നേടിത് 25 ലക്ഷം രൂപ; പതിനഞ്ച് ലക്ഷം രൂപ കൊടുത്തത് വിമാനത്താവളത്തിൽ നിന്ന് ചരക്ക് സുരക്ഷിതമായി എത്തിക്കുന്ന സരിതിന്; ബാക്കി 10 ലക്ഷം ഐടി വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കും; ഭക്ഷണ സാധനമെന്ന പേരിൽ പരിശോധന ഒഴിവാക്കിയത് കസ്റ്റംസുകാരെ ഭീക്ഷണിപ്പെടുത്തി; കാർഗോ ഉദ്യോഗസ്ഥൻ രാമമൂർത്തിയുടെ വലയിൽ കുടുങ്ങിയത് വമ്പൻ മീനുകൾ; ഐടി സെക്രട്ടറിയും സ്വപ്‌നാ സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്ത്; സ്വർണ്ണ കടത്തിൽ ആസൂത്രക ഒളിവിൽ; പിരിച്ചു വിട്ട് പിണറായി സർക്കാരും

ഒരു ഇടപാടിൽ നേടിത് 25 ലക്ഷം രൂപ; പതിനഞ്ച് ലക്ഷം രൂപ കൊടുത്തത് വിമാനത്താവളത്തിൽ നിന്ന് ചരക്ക് സുരക്ഷിതമായി എത്തിക്കുന്ന സരിതിന്; ബാക്കി 10 ലക്ഷം ഐടി വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കും; ഭക്ഷണ സാധനമെന്ന പേരിൽ പരിശോധന ഒഴിവാക്കിയത് കസ്റ്റംസുകാരെ ഭീക്ഷണിപ്പെടുത്തി; കാർഗോ ഉദ്യോഗസ്ഥൻ രാമമൂർത്തിയുടെ വലയിൽ കുടുങ്ങിയത് വമ്പൻ മീനുകൾ; ഐടി സെക്രട്ടറിയും സ്വപ്‌നാ സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്ത്; സ്വർണ്ണ കടത്തിൽ ആസൂത്രക ഒളിവിൽ; പിരിച്ചു വിട്ട് പിണറായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിന് പിന്നിൽ വമ്പൻ സംഘങ്ങളെന്ന് സൂചന. യു.എ.ഇ. കോൺസുലേറ്റിൽ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കി. കോൺസുലേറ്റ് ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു അവർ. അതിനിടെ ഐടി സെക്രട്ടറി ശിവശങ്കറും സ്വപ്‌നാ സുരേഷും ചേർന്ന് നിൽക്കുന്ന ഫോട്ടോ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പുറത്തുവിട്ടു. അ

സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. ഇതിൽ പതിനഞ്ച് ലക്ഷം രൂപ റിസ്‌ക് എടുക്കുന്ന സരിത്തിനായിരുന്നു. സരിത്താണ് വിമാനത്താവളത്തിൽ നിന്നും സ്വർണം പുറത്തെത്തിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന നിലയിൽ പരിശോധനയും ഒഴിവാക്കി. നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്‌ഐ.ടിയിലാണ് ജോലിചെയ്തിരുന്നത്. ഓപ്പറേഷണൽ മാനേജർ എന്നതാണ് പദവി. വിവാദത്തെ തുടർന്ന് ഇവരെ സർക്കാർ പിരിച്ചു വിട്ടു.

യു.എ.ഇ. കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സരിത് വ്യാജ ഐഡി കാർഡും സൂക്ഷിച്ചിരുന്നു.

പിന്നീട് സരിത് യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. നേരത്തെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും കോൺസുലേറ്റിലെ ജീവനക്കാരനായാണ് ഇയാൾ ആളുകളെ ബന്ധപ്പെട്ടിരുന്നത്. യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം. കൊച്ചി വിമാനത്താവളത്തിലേക്കും ബാഗേജുകൾ എത്തിയതായി സൂചനയുണ്ട്. വൻ മുതലാളിമാർക്ക് വേണ്ടിയാണ് കള്ളക്കടത്തെന്നാണ് സൂചന.

സ്വപ്‌നയ്ക്കായി തെരച്ചിൽ പൊലീസ് ശക്തമാക്കി. അതേസമയം മുൻ പി.ആർ.ഒ സരിത്തിന്റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് തുടർ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവർ സ്വർണം പുറത്തെത്തിച്ചത്.കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം. ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബായിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങളുടെ ചുമതല സരിത്തിനായിരുന്നു.ഈ സാഹചര്യത്തിലാണ് പി.ആർ.ഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുള്ള അധികാരം കോൺസുലേറ്റിന് മാത്രമാണ്.

അങ്ങനെയെരിക്കെ സ്വർണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം.

അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യു.എ.ഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP