Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്; രോഗപ്രതിരോധത്തിനായി എല്ലാവരും ഒരുമിച്ചു നിക്കണമെന്ന് രമേശ് ചെന്നിത്തല

മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് പ്രതിപക്ഷ നേതാവ്; രോഗപ്രതിരോധത്തിനായി എല്ലാവരും ഒരുമിച്ചു നിക്കണമെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ശക്തമാകുകയും തലസ്ഥാനമായ തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവർത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്‌ച്ചകളെക്കുറിച്ചുള്ള വിയോജിപ്പും നിലനിൽക്കുമ്പോൾ തന്നെ ഈ ഘട്ടത്തിൽ രോഗം കൂടുതൽ വ്യാപിക്കുന്നതു തടയാനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസിരാകേന്ദ്രമാകെയും നിലകൊള്ളുന്ന തിരുവനന്തപുരം നഗരത്തിലാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്. മൂക്കിനു താഴെയുള്ള കാര്യങ്ങൾ പോലും ഭദ്രമാണെന്ന് ഉറപ്പുവരുത്താൻ സർക്കാരിനു കഴിയില്ലെന്നതു കൂടിയാണ് അതു വ്യക്തമാക്കുന്നത്. ഞായറാഴ്ച ദിവസം രാത്രി ഉള്ള കടകൾ അടച്ചുപോയതിനുശേഷം പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങൾക്കുണ്ടായിരിക്കുന്ന അസൗകര്യങ്ങൾ ചെറുതല്ല. ജീവസന്ധാരണത്തിനു കഴിയുന്ന സാധനങ്ങൾ പോലും മുൻകൂട്ടി വാങ്ങിവയ്ക്കാൻ കഴിയാത്ത സ്ഥിതി പെട്ടെന്നുള്ള അടച്ചിടൽ പ്രഖ്യാപനം ഉളവാക്കി. എങ്കിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയമായ ചേരിതിരിവും ഭിന്നതയും സൃഷ്ടിക്കേണ്ട സാഹചര്യമാണ് ഇതെന്നു പ്രതിപക്ഷം കരുതുന്നില്ല. അതേസമയം ഈ ട്രിപ്പിൾ ലോക്ഡൗണിലേക്കു നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടികളെടുക്കുകയും വേണം.

സർക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കോവിഡ് പ്രതിരോധ മാർഗരേഖകൾ ജനങ്ങൾ അതേ പടി പാലിക്കണമെന്നു പ്രതിപക്ഷനേതാവ് അഭ്യർത്ഥിച്ചു. കേരളത്തിൽ കോവിഡ് രോഗബാധ ആരംഭിച്ച സമയം മുതൽ രോഗപ്രതിരോധത്തിനായുള്ള കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ നടപടികൾക്കു പൂർണപിന്തുണ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഈ ആവശ്യം ചെവിക്കൊണ്ടില്ല. അതുകൊണ്ട് കൂടിയാണ് സമൂഹ വ്യാപനമെന്ന ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്താൻ കാരണം.

സർക്കാരിന്റെ ആരോഗ്യപ്രോട്ടോക്കോൾ പാലിച്ചു മാത്രമെ സമരങ്ങൾ സംഘടിപ്പിക്കാവൂവെന്നാണ് ഒടുവിൽ ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചത്. സാമൂഹിക-ആരോഗ്യരംഗങ്ങളിൽ ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിനുള്ള മുൻതൂക്കവും കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ ഈ രംഗത്തു നൽകിയ സംഭാവനകളും രോഗത്തെ നിയന്ത്രിച്ചു നിർത്തുന്നതിനു സഹായകരമായി. എന്നാൽ ഇന്നോളമുള്ള എല്ലാ സർക്കാരുകൾക്കും അവകാശപ്പെടാൻ കഴിയുന്ന ഈ നേട്ടം തങ്ങളുടേതു മാത്രമാക്കി അവതരിപ്പിക്കാനാണു പിണറായി സർക്കാർ മുതിർന്നത്.

ഇതിനെ തുറന്നു കാണിക്കാനും സർക്കാരിന്റെ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടി കേരളത്തെ കൂടുതൽ ജാഗ്രത്താക്കാനുമാണ് പ്രതിപക്ഷം ഇക്കാലയളവിൽ ശ്രമിച്ചത്. ഓരോ ഘട്ടങ്ങളിലും പ്രതിപക്ഷം എടുത്ത നിലപാടുകൾ കേരളീയ സമൂഹത്തെ കൂടുതൽ സുരക്ഷിതമാക്കുകയാണു ചെയ്തത്. ആ സമീപനം തുടരുന്നതിനൊപ്പം, രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധപ്രവർത്തനൾക്കു കൈത്താങ്ങാകി കേരളത്തെ രോഗമുക്തമാക്കാനുള്ള ദൗത്യം പ്രതിപക്ഷം ശക്തമായി നിർവഹിക്കുമെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനായി കേരളമാകെ ഒന്നിക്കണമെന്നു പ്രതിപക്ഷനേതാവ് ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP