Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് രോഗികളെ ചികിത്സിക്കുമ്പോഴും ക്വാറന്റീൻ ഇല്ലാതെ തുടർച്ചയായി ജോലി; കുഞ്ഞുങ്ങളെ കാണാൻ പോലും സാധിക്കുന്നില്ല; അവധിയെടുക്കാതെ ജോലി ചെയ്തു തളർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; പ്രതിസന്ധി കനത്തത് അഞ്ച് ഡോക്ടർമാരെ മറ്റാശുപത്രികളിലേക്കു മാറ്റിയതോടെ

കോവിഡ് രോഗികളെ ചികിത്സിക്കുമ്പോഴും ക്വാറന്റീൻ ഇല്ലാതെ തുടർച്ചയായി ജോലി; കുഞ്ഞുങ്ങളെ കാണാൻ പോലും സാധിക്കുന്നില്ല; അവധിയെടുക്കാതെ ജോലി ചെയ്തു തളർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; പ്രതിസന്ധി കനത്തത് അഞ്ച് ഡോക്ടർമാരെ മറ്റാശുപത്രികളിലേക്കു മാറ്റിയതോടെ

സ്വന്തം ലേഖകൻ

മഞ്ചേരി: കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ദുരിതത്തിൽ. അവധിയെടുക്കാതെയും ക്വാറന്റീനിൽ പോകാതെയും ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇവിടുത്തെ ഡോക്ടർമാർ. കോവിഡ് കേന്ദ്രമായി പ്രഖ്യാപിച്ച മഞ്ചേരി മെഡിക്കൽകോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഞ്ചേരിയിൽ ജനറൽ ആശുപത്രിയുടെ ഭാഗമായുണ്ടായിരുന്ന അഞ്ച് ഡോക്ടർമാരെ മറ്റാശുപത്രികളിലേക്കു മാറ്റിയതോടെയാണ് സ്ഥിതി രൂക്ഷമായത്.

ഇതോടെ ഗർഭിണികൾക്ക് മികച്ച പരിചരണത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ചികിത്സ നിർത്തിവെക്കാനൊരുങ്ങുകയാണ് ഗൈനക്കോളജി വിഭാഗം. ഡി.എം.ഇ, കോളേജ് പ്രിൻസിപ്പൽ, ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരെ വകുപ്പുമേധാവി മുഖേന ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് മഞ്ചേരിയിലാണ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന ഗർഭിണികളെ പ്രവേശിപ്പിക്കുന്ന മലപ്പുറത്തെ ഏക ആശുപത്രിയും ഇതാണ്. എന്നാൽ ചികിത്സിക്കാൻ മൂന്ന് ഡോക്ടർമാർ മാത്രമാണ്. ഇവർ അവധിയെടുക്കാനാകാതെ രാത്രിയും പകലും ജോലിചെയ്യേണ്ടിവരുന്നു. വീട്ടിലെത്തിയാലും രാത്രി രണ്ടുമണിക്കും വിളിയെത്തും. അതോടെ ആശുപത്രിയിലേക്കു വരും.

മറ്റ് ആശുപത്രികളിൽ പി.പി.ഇ. കിറ്റ് ധരിച്ച് നാലുമണിക്കൂർ ജോലിചെയ്താൽ മതി. എന്നാൽ മഞ്ചേരിയിൽ ഏതുസമയവും പി.പി.ഇ. കിറ്റ് ധരിക്കേണ്ടിവരികയാണ്. തുടർച്ചയായി ഇതു ധരിക്കുന്നതിനാൽ ശാരീരികാസ്വസ്ഥതകളും നേരിടുകയാണെന്ന് ഡോക്ടർമാർ പറയുന്നു. വാർഡിലെ നിരീക്ഷണവും ഒ.പിയും കൈകാര്യംചെയ്യുകയും വേണം. കോവിഡ് സ്ഥിരീകരിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ഒരേസമയം പരിശോധിക്കേണ്ടിവരുന്നു.

ജൂണിൽ 20 പ്രസവങ്ങളാണ് നടന്നത്. ഇപ്പോൾ നിരീക്ഷണത്തിൽ 21 ഗർഭിണികളുണ്ട്. ഇതിൽ കോവിഡ് സ്ഥിരീകരിച്ച 14 കേസുകളുണ്ട്. ഒ.പിയിൽ ശരാശരി അഞ്ച് കേസുകളാണെത്തുന്നത്. കോവിഡ് നിരീക്ഷണത്തിലായതിനാൽ ഗർഭിണിക്കും കുഞ്ഞിനും കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. സങ്കീർണമായ കേസുകളിൽ ഗർഭഛിദ്രവും നടക്കുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് കേന്ദ്രമായി പ്രഖ്യാപിച്ച മറ്റൊരു മെഡിക്കൽകോളേജായ എറണാകുളത്ത് ജൂണിൽ 12 പ്രസവങ്ങളാണ് നടന്നത്. പ്രതിദിനം ശരാശരി 11 ഗർഭിണികൾ ഐ.പിയിലെത്തുന്ന അവിടെയാകട്ടെ എട്ട് ഡോക്ടർമാരാണുള്ളത്.

ഡോക്ടർമാർ കുറവാണെന്ന പരാതി രൂക്ഷമായപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന് ഒരു ഡോക്ടറെ ഇവിടേക്ക് നിയമിച്ചു. രണ്ടാഴ്ചകഴിഞ്ഞ് അവർ കോഴിക്കോട്ടേക്ക് മടങ്ങി. അതോടെ സ്ഥിതി വീണ്ടും മോശമായി. രണ്ടാഴ്ചമുമ്പ് തുടർച്ചയായ ദിവസങ്ങളിൽ നവജാതശിശുവും മൂന്നുമാസം പ്രായമായ ഇരട്ടകളായ ഗർഭസ്ഥശിശുക്കളും മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP