Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞെ അടി; എം.ഡി.യെയും മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അപമാനിക്കുന്ന പോസ്റ്റുകൾ ഗ്രൂപ്പുകളിൽ പ്രചരിക്കാൻ തുടങ്ങി; കെ.എസ്.ആർ.ടി.സി. ഔദ്യോഗിക ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലി ആക്കുന്നു

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേരിതിരിഞ്ഞെ അടി; എം.ഡി.യെയും മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അപമാനിക്കുന്ന പോസ്റ്റുകൾ ഗ്രൂപ്പുകളിൽ പ്രചരിക്കാൻ തുടങ്ങി; കെ.എസ്.ആർ.ടി.സി. ഔദ്യോഗിക ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലി ആക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കെഎസ്ആർടിസിയിലെ ചേരിപ്പോര് സൈബർ ലോകത്തേക്കും മാറിയതോടെ സോഷ്യൽ മീഡിയയിൽ തമ്മിലടി തുടങ്ങിയത് വകുപ്പിന് തന്നെ തലവേദനയായി. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയുമെല്ലാം അവഹേളിക്കും വിധത്തിൽ പോസ്റ്റുകൾ വന്നതോടെ കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക യൂണിറ്റ്തല വാട്സാപ്പ് ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലി ആക്കി. എം.ഡി.യെയും മേലുദ്യോഗസ്ഥരെയും മന്ത്രിമാരെയും അടക്കം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പുകളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് കടന്നത്. കെ. എസ്.ആർ.ടി.സി.യുടെ സോഷ്യൽ മീഡിയ സെല്ലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

ട്രേഡ് യൂണിയന്റെ പേരിലുള്ള തർക്കവും കൂടെ ജീവനക്കാർ മേലുദ്യോഗസ്ഥരെ വിമർശിച്ചുള്ള പോസ്റ്റുകളുമാണ് ഗ്രൂപ്പുകളിൽ കൂടുതലായി എത്തിയത്. മന്ത്രി, കെ.എസ്.ആർ.ടി.സി. എം.ഡി., ഉന്നത ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ വിമർശിക്കരുതെന്ന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇവരുടെ പേര് നേരിട്ട് പറയാതെയും അക്ഷരത്തെറ്റോടു കൂടി എഴുതിയും വിമർശനങ്ങൾ ചിലർ നടത്തുകയായിരുന്നു. ഇതോടെ നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യവുമായി.

കെ.എസ്.ആർ.ടി.സി. ഔദ്യോഗികമായി ഒരു ഗ്രൂപ്പും യൂണിറ്റുകൾക്കായി ഓരോ വാട്സാപ്പ് ഗ്രൂപ്പുകളുമാണുള്ളത്. ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് വാട്സാപ്പിൽ ഗ്രൂപ്പുകൾ ആരംഭിച്ചത്. കൺട്രോളിങ് ഇൻസ്‌പെക്ടറും സൂപ്രണ്ടുമാരുമായിരുന്നു ഗ്രൂപ്പിന്റെ അഡ്‌മിന്മാർ. ടോമിൻ തച്ചങ്കരി കെ.എസ്.ആർ.ടി.സി. എം.ഡി.യായിരിക്കുമ്പോൾ മികച്ച രീതിയിലായിരുന്നു ഗ്രൂപ്പുകളുടെ പ്രവർത്തനം. ചില ഗ്രൂപ്പുകളിൽ എം.ഡി. അംഗമാകുകയും ചെയ്തു.

പിന്നീട് യൂണിയൻ തിരിഞ്ഞ് ചർച്ചകൾ നടക്കാൻ തുടങ്ങിയതോടെ ഗ്രൂപ്പിൽ തർക്കം പതിവായി. ചീത്തവിളികളിലേക്ക് അടക്കം ഗ്രൂപ്പുകൾ പോകുകയും ചെയ്തു. ഇതാണ് ഗ്രൂപ്പുകൾ അഡ്‌മിൻ ഒൺലി ആക്കാൻ കാരണമായത്. നിർദ്ദേശം ലഭിച്ചതിനു പിന്നാലെ പല ഗ്രൂപ്പുകളും നിലവിൽ അഡ്‌മിൻ ഒൺലി ആയി മാറിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക വാട്സാപ്പ് നമ്പർ എല്ലാ ഗ്രൂപ്പുകളിലും ഉൾപ്പെടുത്തി അഡ്‌മിൻ ആക്കാനും നിർദേശമുണ്ട്.

അതേസമയം ഈ നടപടിയോട് ഒരു വിഭാഗം ജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്. തങ്ങൾക്ക് പ്രതികരിക്കാൻ കഴിയാത്ത രീതിയിൽ ഗ്രൂപ്പ് അഡ്‌മിൻ ഓൺലി ആക്കിയത് ശരിയല്ലെന്നാണ് ഇവർ പറയുന്നത്. നിലവിൽ ഗ്രൂപ്പിൽ എന്തെങ്കിലും കാര്യങ്ങൾ അറിയിക്കണമെങ്കിൽ അഡ്‌മിന് അയച്ചു നൽകി അദ്ദേഹം പോസ്റ്റ് ചെയ്യേണ്ട സ്ഥിതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP