Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്

കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ടയിൽ നിറയുന്നത് വൻ ഗൂഢാലോചന. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 35 കിലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത്. ഡിപ്ലാമാറ്റിക് ബാഗേജിലൂടെ നടന്ന സ്വർണ്ണ കടത്ത് കസ്റ്റംസിനേയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ മുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടാകമെന്ന സംശയമാണ് സജീവമാകുന്നത്.

മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാർഗോ എത്തിയത്. ബാഗേജിൽ സ്വർണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് സ്വർണം പിടികൂടിയതായുള്ള വിവരം പുറത്തെത്തിയത്. പാഴ്സൽ രൂപത്തിലാണ് ഇതെത്തിയത്. കോടികൾ വിലമതിക്കുന്ന സ്വർണ്ണമാണ് ബാഗേജിലുള്ളത്. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാൽ പരിശോധനകളും മറ്റും വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. കോവിഡ് കാലമായതു കൊണ്ടു തന്നെ ബാഗേജുകളിൽ വലിയ പരിശോധനയും നടക്കാറില്ല.

ദുബായിൽ നിന്നാണ് പാഴ്സൽ എത്തിയത്. പാഴ്സൽ കേരളത്തിലേക്ക് അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വന്ന പാഴ്സലാണെന്നാണ് സ്വർണം ഉണ്ടായിരുന്നതെന്നാണ് സൂചന. ഇതിനെ ഗൗരവത്തോടെയാണ് കസ്റ്റംസ് എടുക്കുന്നത്. എന്നാൽ കോൺസുലേറ്റിനെതിരെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഇവിടേക്ക് കടന്നു കയറി ആരേയും ചോദ്യം ചെയ്യാൻ കഴിയില്ല. ഈ സാഹചര്യമെല്ലാം മനസ്സിലാക്കിയുള്ള സ്വർണ്ണ കടത്താണ് നടന്നത്. നേരത്തെ തിരുവനന്തപുരത്തു കൂടിയുള്ള സ്വർണ്ണ കടത്തിൽ വലിയ അന്വേഷണം ഏജൻസികൾ നടത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ അടക്കം കുടുങ്ങി. ഈ അന്വേഷണങ്ങൾക്കൊപ്പം കോവിഡ് കൂടി എത്തിയതോടെ കടത്തുകാരെ കിട്ടാതെയായി. ഇതോടെ പുതിയ മാർഗ്ഗങ്ങൾ സ്വർണ്ണക്കടത്തുകാർ കണ്ടെത്തുകയായിരുന്നു. ഇതിന് വേണ്ടി കോൺസുലേറ്റിനെ പോലും ഉപയോഗിക്കുകയാണ് കള്ളക്കടത്തുകാർ എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഈ സംഘത്തിനുള്ള ഉന്നത ബന്ധങ്ങളുടെ തെളിവ് കൂടിയാണ് ഇത്. സ്വർണ്ണകടത്തിനെതിരെ കേന്ദ്ര ഏജൻസികൾ അതിശക്തമായ നടപടികൾ തിരുവനന്തപുരത്ത് എടുത്തിരുന്നു. ഇതേ തുടർന്നാണ് പുതിയ മാർഗ്ഗങ്ങൾ കടത്തുകാർ തേടുന്നത്.

കോൺസുലേറ്റുള്ള വസ്തുവകകളാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ വരാറുള്ളത്. ഇവിടെ ജോലി ചെയ്യുന്നവർക്ക് വേണ്ട സാധനങ്ങൾ. നയതന്ത്ര പരിരക്ഷ ഉള്ള ഈ ബാഗേജുകൾ സാധാരണ കസ്റ്റംസ് പരിശോധിക്കില്ല. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തെ പോലും അത് ബാധിക്കുമെന്നതിനാലാണ് ഇത്. എന്നാൽ അതിശക്തമായ സൂചനയും വിവരവും കിട്ടിയതു കൊണ്ടാണ് അത് തിരുവനന്തപുരത്ത് പരിശോധിച്ചത്. കസ്റ്റംസിന്റെ ഉറച്ച നിലപാടാണ് സ്വർണ്ണ കടത്തിന്റെ പുതിയ സാധ്യത പുറത്താക്കിയത്. കോവിഡു കാലത്തും സ്വർണ്ണകടത്ത് സംഘം സജീവമാണെന്ന് തെളിയിക്കുന്നതാണിത്.

കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്താൽ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജിൽ വ്യക്തത വരൂ. ഇതിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും ഇത് യുഎഇ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരും. വിദേശകാര്യ വകുപ്പിനേയും ഇക്കാര്യം കസ്റ്റംസ് അറിയിക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിരവധി കോൺസുലേറ്റുകളുണ്ട്. ഇവിടെ എല്ലാം വരുന്ന ബാഗേജുകൾ പരിശോധിക്കേണ്ട അനിവാര്യതയാണ് തിരുവനന്തപുരത്തെ കണ്ടെത്തൽ ചർച്ചയാക്കുന്നത്.

കോവിഡു കാലത്ത് നിരവധി ചാർട്ടേഡ് വിമാനങ്ങൾ വരുന്നുണ്ടായിരുന്നു. ഇതിൽ സ്വർണ്ണ കടത്തിനുള്ള സാധ്യത ചർച്ചയായിരുന്നു. കോഴിക്കോടും കണ്ണൂരും നിരവധി പേർ പിടിയിലാകുകയും ചെയ്തു. ഇതിനിടെയാണ് പുതിയ തരത്തിൽ സ്വർണ്ണ കടത്ത് ഗൾഫിൽ നിന്ന് നടക്കുന്നതിന്റെ സൂചന കിട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP