Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1997-98ൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഒരു കോടിയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി മാറ്റിയതിന് തെളിവുണ്ടെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്; 2004ൽ നൽകിയ സ്വകാര്യ അന്യായം വെറുതെയായില്ല; സമുദായ നേതാവിനെ ഒന്നാം പ്രതിയാക്കി മുമ്പോട്ട് പോകാൻ പിണറായിയുടെ രാഷ്ട്രീയ പച്ചക്കൊടിയും; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം ഫയൽ ചെയ്യും; മഹേശ്വന്റെ ആത്മഹത്യാ പുലിവാലിനിടെ വെള്ളാപ്പള്ളിയെ കുടുക്കി മുഖ്യമന്ത്രിയും; തച്ചങ്കരിയുടെ നീക്കം ലക്ഷ്യത്തിലേക്ക്

1997-98ൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഒരു കോടിയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി മാറ്റിയതിന് തെളിവുണ്ടെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്; 2004ൽ നൽകിയ സ്വകാര്യ അന്യായം വെറുതെയായില്ല; സമുദായ നേതാവിനെ ഒന്നാം പ്രതിയാക്കി മുമ്പോട്ട് പോകാൻ പിണറായിയുടെ രാഷ്ട്രീയ പച്ചക്കൊടിയും; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം ഫയൽ ചെയ്യും; മഹേശ്വന്റെ ആത്മഹത്യാ പുലിവാലിനിടെ വെള്ളാപ്പള്ളിയെ കുടുക്കി മുഖ്യമന്ത്രിയും; തച്ചങ്കരിയുടെ നീക്കം ലക്ഷ്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം എസ്.എൻ. കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കുറ്റപത്രം ഉടൻ നൽകും. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. എട്ടാം തീയതി കോടതിയുടെ മുമ്പിൽ ഈ കേസ് വരും. അതിന് മുമ്പ് തന്നെ കുറ്റപത്രം കൊടുക്കാനാണ് തീരുമാനം. കുറ്റപത്രവുമായി മുമ്പോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിന് പച്ചക്കൊടി കാട്ടിയെന്നാണ് സൂചന.

വെള്ളാപ്പള്ളിക്കെതിരേ തെളിവുള്ളതായി ക്രൈംബ്രാഞ്ച് മുൻ എസ്‌പി. ഷാജി സുഗുണൻ തയാറാക്കിയ റിപ്പോർട്ടിലുണ്ടെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് രാഷ്ട്രീയ അനുമതി തേടി. തെളിവുണ്ടെങ്കിൽ മുമ്പോട്ട് പോകാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. ഇതോടെയാണ് കുറ്റപത്രം നൽകാനുള്ള സാഹചര്യം ഒരുങ്ങുന്നത്. എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. കുറ്റപത്രം നൽകുന്നതോടെ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഈ സാഹചര്യത്തിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി രാജിവയ്ക്കണമെന്ന ആവശ്യം വിമതർ ഉയർത്തും. എന്നാൽ ഇത് വെള്ളാപ്പള്ളി തള്ളിക്കളയുമെന്നാണ് സൂചന.

വെള്ളാപ്പള്ളിക്കെതിരെ പൊലീസ് അന്വേഷിക്കുന്നതിൽ ഏറ്റവും ചെറിയ ആരോപണമാണ് ഈ കേസെന്ന് ക്രൈംബ്രാഞ്ച് ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞു; വെള്ളാപ്പള്ളിക്കെതിരെ നിരവധി കേസുകളുണ്ട്. മൈക്രോ ഫിനാൻസ് കേസടക്കം പരിശോധിക്കുകയാണ്. വിശ്വസ്തനായ മഹേശ്വന്റെ മരണത്തിലും അന്വേഷണം നടത്തുന്നു. എന്നാൽ ഇതുവരെ ഒരു കേസിലും സമുദായ നേതാവിനെ പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടെയാണ് തച്ചങ്കരി കേസിൽ ഉറച്ച നിലപാട് എടുക്കുന്നത്. കേസിൽ വെള്ളാപ്പള്ളി നടേശനെ ദിവസങ്ങൾക്ക് മുമ്പ് ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് എസ്‌പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു.

കേസന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് കൈമാറിയിട്ടും തുടരന്വേഷണം വൈകിയതിന് എതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ വെള്ളാപ്പള്ളിക്ക് നോട്ടീസ് നൽകിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും എന്നാൽ കോവിഡ് കാരണം ഇതു നീണ്ടു പോകുകയായിരുന്നുവെന്നുമാണ് അന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഇനി കേസ് പരിഗണിക്കുമ്പോൾ കുറ്റപത്രം തയ്യാറാക്കിയ കാര്യം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.

1997-98 കാലത്തുകൊല്ലം എസ്എൻ കോളജിന് ഓഡിറ്റോറിയവും ലൈബ്രറിയും നിർമ്മിക്കാൻ എക്‌സിബിഷൻ നടത്തിയും പിരിവെടുത്തും സ്വരൂപിച്ച പണം വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് കേസ്. തിരിമറി പുറത്തുവന്നപ്പോൾ, കോടതി നിർദേശപ്രകാരം 2004ൽ ആരംഭിച്ച അന്വേഷണമാണ് എത്ര കാലത്തിനു ശേഷം അന്തിമഘട്ടത്തിൽ എത്തിയത്. കേസിൽ അടുത്തിടെയാണ് അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് തച്ചങ്കരിക്ക് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കുറ്റപത്രത്തിലേക്ക് പോകുന്നത്.

16 വർഷത്തിനുശേഷം, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം എട്ടിന് മുൻപ് കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്മെന്റ് എസ്‌പിയാണ് കേസ് ആദ്യം അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജിക്കാരൻ നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടി. എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്.

വെള്ളാപ്പള്ളി നടേശനെ എത്രയും പെട്ടെന്നു ചോദ്യം ചെയ്ത് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് കേസ് അന്വേഷിക്കുന്ന സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ സാമ്പത്തിക ക്രമക്കേട്് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി നേരത്തെ ഒരു മാസം കൂടി സമയം അനുവദിച്ചിരുന്നു.

ആറ് മാസത്തിനകം അന്വേഷണ റിപോർട്ട് സമർപ്പിക്കണമെന്ന മുൻപ് കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ഇത് നടപ്പിലാക്കാൻ കാലതാമസം നേരിട്ടത് കോടതി അന്ന് മാപ്പാക്കിയിരുന്നു. റിപോർട്ട് സമർപ്പിക്കാൻ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

എസ്.എൻ. കോളജ് സുവർണ ജൂബിലി ആഘോഷത്തിനും ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്സും നിർമ്മിക്കുന്നതിനും വേണ്ടി പിരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ കാണാതായ കേസാണ് വെള്ളാപ്പള്ളിക്ക് കുടുക്കായത്. 1997-ലാണ് കോളജിന്റെ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കാൻ പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് തീരുമാനമെടുത്തത്. ആർ. ശങ്കറിന്റെ ആഗ്രഹപ്രകാരമുള്ള കെട്ടിടം നിർമ്മിക്കാനായിരുന്നു തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP