Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും നട്ടെല്ല് തകർത്ത ന്യുയോർക്ക്; ഇപ്പോൾ അക്രമങ്ങളുടെയും എപിസെന്റർ ആകുകയാണ് ഈ നഗരം; ഈ വർഷം വെടിയേറ്റ് മരിച്ചവരുടെ എണ്ണം 51 % വർദ്ധിച്ചു; പൊലീസ് ഫണ്ട് വെട്ടിച്ചുരുക്കിയ മേയറുടെ നടപടിയിൽ കടുത്ത വിമർശനം; ന്യുയോർക്ക് ഒരു ദുസ്വപ്നമായി മാറുകയാണോ?

കൊറോണയും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും നട്ടെല്ല് തകർത്ത ന്യുയോർക്ക്; ഇപ്പോൾ അക്രമങ്ങളുടെയും എപിസെന്റർ ആകുകയാണ് ഈ നഗരം; ഈ വർഷം വെടിയേറ്റ് മരിച്ചവരുടെ എണ്ണം 51 % വർദ്ധിച്ചു; പൊലീസ് ഫണ്ട് വെട്ടിച്ചുരുക്കിയ മേയറുടെ നടപടിയിൽ കടുത്ത വിമർശനം; ന്യുയോർക്ക് ഒരു ദുസ്വപ്നമായി മാറുകയാണോ?

സ്വന്തം ലേഖകൻ

വെടിയേറ്റ് ചോരയൊലിപ്പിച്ച് നിശ്ചലമായ രണ്ട് മൃതദേഹങ്ങൾ കോൺക്രീറ്റ് പടിക്കരിക്കിൽ കിടക്കുന്നു. ചുറ്റും നിന്ന് വിലപിക്കുന്ന ഉറ്റവരും ഉടയവരും. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് യുവാക്കളുടെ ഒരു സംഘം സ്പ്രേ പെയിന്റ് ഉപയോഗിച്ച് സെക്യുരിറ്റി ക്യാമറകൾ മറയ്ക്കുന്നു. ഒരു ഷോപ്പ് കൊള്ളയടിക്കുവാനുള്ള ശ്രമമാണ്. പിന്നെ കാണുന്നത് പൊലീസ് ഉദ്യോഗസ്ഥർ നിസ്സഹായരായി അവരുടെ വാഹനങ്ങളിൽ ഇരിക്കുന്നതാണ്. അപ്പോൾ ആക്രോശിച്ചുകൊണ്ട് ജനക്കൂട്ടം അവർക്ക് നേരെ കുപ്പികളും മറ്റും വലിച്ചെറിയുന്നു. ഇതൊരു തിരക്കഥയല്ല, അമേരിക്കയുടെ കിരീടത്തിലെ രത്നമായ ന്യുയോർക്ക് നഗരത്തിന്റെ ഇന്നത്തെ അവസ്ഥയാണ്. അക്രമികൾ അരങ്ങ് വാഴുന്ന ന്യുയോർക്ക് നഗരത്തിന്റെ വർത്തമാനകാല നേർക്കാഴ്‌ച്ച.

കൊലപാതകങ്ങളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. കൂനിന്മേൽ കുരു എന്നപോലെ കൊറോണയും. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും താരതമ്യേന ദുർബലമായ രാഷ്ട്രീയ നേതൃത്വവും കൂടിച്ചേരുമ്പോൾ പണ്ട് ഒസാമ ബിൻലാദൻ വിചാരിച്ചിട്ട് നടക്കാത്തത് എളുപ്പത്തിൽ നടക്കും, ബിഗ് ആപ്പിൾ എന്ന് വിളിപ്പേരുള്ള ന്യുയോർക്ക് നഗരത്തെ മുട്ടുകുത്തിക്കുക. മുകളിൽ വിവരിച്ച രംഗം കഴിഞ്ഞ വാരാന്ത്യത്തിൽ നടന്നതാണ് 23 വയസ്സുകാരനായ ചിയോക്കി തോമ്പ്സണും അയാളുടെ സുഹൃത്ത് സ്റ്റെഫാനി പെർകിൻസുമാണ്, ചിയോക്കിയുടെ വീടിനു മുന്നിലെ കോൺക്രീറ്റ് പടികളിൽ വെടിയേറ്റ് വീണ് മരിച്ചത്. കൊല്ലാനുണ്ടായ കാരണം എന്താണെന്ന് ഇനിയും ആർക്കും അറിയില്ല, അതുപോലെ കൊന്നതാരെന്നും.

മയക്ക് മരുന്ന് മാഫിയയുമായോ, മറ്റ് ഗുണ്ടാസംഘങ്ങളുമായോ ഇരുവർക്കും യാതോരു ബന്ധവുമില്ലായിരുന്നു എന്നാണ് ഇരുവരുടേയും കുടുംബക്കാർ പറയുന്നത്. കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന നഗരത്തിന്റെ കൊലപാതക കണക്കുകളിലേക്ക് തെളിയിക്കപ്പെടാത്തതായി മറ്റൊന്നു കൂടി എഴുതിച്ചേർത്തു, അത്രതന്നെ. ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് പറയുന്നത് ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടയിൽ 176 കൊലപാതകങ്ങൾ നടന്നു എന്നാണ്. കഴിഞ്ഞ വർഷം ഇത് 143 ആയിരുന്നു, അതായത്, 23 ശതമാനത്തിന്റെ വർദ്ധനവ്.

അതേസമയം കഴിഞ്ഞവർഷം 97 വെടിവെയ്‌പ്പ് കേസുകളാണ് റെജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം അത് 250 ആയി ഉയർന്നു. അതുപോലെ കൊള്ളയടി 119 ശതമാനവും കാർ മോഷണം 48 ശതമാനവും വർദ്ധിച്ചു. പൊലീസിന്റെ ഫംണ്ടിംഗിൽ 1 ബില്ല്യൺ ഡോളർ വെട്ടിക്കുറച്ച ന്യുയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോയുടെ നടപടിയാണ് ന്യുയോർക്കിന്റെ അവസ്ഥ ഇത്ര വഷളാകുവാൻ കാരണം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ ഫണ്ടിങ് വെട്ടിക്കുറച്ചതോടെ സംശയം തോന്നുന്നവരെ തടഞ്ഞു നിർത്തി പരിശോധിക്കുന്ന ''സ്റ്റോപ് ആൻഡ് ഫ്രിസ്‌ക്'' എന്ന പരിപാടി പൊലീസ് ഉപേക്ഷിച്ചു.പൊലീസിന്റെ ഫംണ്ടിങ് വെട്ടിക്കുറച്ച മേയർ പക്ഷെ പണം ചെലവാക്കി ട്രംപ് ടവറിനു മുന്നിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ സൈൻ വരപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കുന്ന കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനമായിരുന്നു ഒരു ലിബറൽ ആയി അറിയപ്പെടുന്ന ഡെ ബ്ലാസിയോ കൈക്കൊണ്ടത്. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് ജാമ്യം നൽകാനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. ഇതോടെ കൂടുതൽ കുറ്റവാളികൾ ജയിൽ മോചിതരായി തെരുവിലിറങ്ങാൻ തുടങ്ങി. ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന് പ്രശസ്തമായ മാൻഹാട്ടനിപ്പോൾ ഒരു പ്രേതനഗരത്തിന്റെ മുഖഛായയാണ്. മാർച്ചിൽ കോവിഡ്-19 തന്റെ തേരോട്ടം തുടങ്ങിയതോടെ ധനികരും മദ്ധ്യവർത്തി വിഭാഗത്തിൽപ്പെട്ടവരുമായ 5,00,000 പേരാണ് ഇവിടം വിട്ട് പോയത്.

അമേരിക്കയിൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും ന്യുയോർക്ക് സംസ്ഥാനത്തുനിന്നാണ്, 24,000 മരണങ്ങൾ. തൊട്ടു പിന്നിലുള്ള ന്യു ജഴ്സിയേക്കാൾ 10,000 മരണങ്ങൾ കൂടുതൽ. മാത്രമല്ല സെപ്റ്റംബർ 11 തീവ്രവാദി ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എട്ടിരട്ടി ആളുകളാണ് കൊറോണയിൽ വീണു മരണമടഞ്ഞത്. വിനോദ സഞ്ചാരികളില്ലാതെ ന്യുയോർക്കിന്റെ തെരുവുകൾ വിജനമാകുവാൻ തുടങ്ങിയിരിക്കുന്നു. ഷോപ്പുകളും റെസ്റ്റോറന്റുകളും കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടാൻ കനത്ത സംരക്ഷണം ഏർപ്പാടാക്കിയിരിക്കുന്നു. ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നു. ന്യുയോർക്കിനെ എന്നും മനസ്സിലിട്ട് താലോലിക്കുന്ന ഒരു തദ്ദേശവാസിപറയുന്നത് നഗരത്തിൽ ഇപ്പോൾ ധർമ്മശാലകൾ നിറയുന്നു, അംബരചുംബികൾ ഒഴിയുന്നു എന്നാണ്.

ബ്രോഡ്വേ തീയറ്റർ ഡിസ്ട്രിക്ടിൽ അന്ധകാരംമാത്രം. ഏഴരലക്ഷം യാത്രക്കാർ ഉപയോഗിച്ചിരുന്ന സബ്വേ ഇന്ന് ശൂന്യം. ടൈംസ് ചത്വരത്തിൽ ഷോപ്പിങ് ഭ്രാന്തന്മാരെ ഏറെ ആകർഷിച്ചിരുന്ന ഡിസൈനർ സൺഗ്ലാസ്സുകളും ബാഗുകളും വിൽക്കുവാൻ ആരുമില്ല. ഇന്നവിടെ വിൽക്കുന്നത് ഹാൻഡ് സാനിറ്റൈസറുകളൂം മാസ്‌കുകളൂം. 9/11 ആക്രമണത്തിൽ നിന്നുപോലും അതിവേഗം സടകുടഞ്ഞെഴുന്നേറ്റ നഗരമാണ് ന്യുയോർക്ക്. പക്ഷെ ഇന്ന് അത് അഭിമുഖീകരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ് എന്നാണ് നഗരവാസികൾ പറയുന്നത്.

9/11 ആക്രമണകാലത്ത് ന്യുയോർക്കിനെ മുന്നിൽ നിന്നും നയിക്കാൻ അന്നത്തെ മേയർ റൂഡി ഗിലിയാനിയുടെ നേതൃത്വത്തിൽ ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ രാഷ്ട്രീയ നേതൃത്വം തീരെ ദുർബലമായ ഒന്നാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. കോവിഡ് വ്യാപനം ശക്തമായതോടെ ധനികരും മദ്ധ്യവർത്തി സമൂഹത്തിൽ പെട്ടവരുമായ ധാരാളം പേർ നഗരം വിട്ട് പോയി. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചതോടെ ന്യുജനറേഷൻ പ്രൊഫണലുകളും നഗരം വിട്ടു. അപകടകാരിയും വൃത്തികെട്ടതുമായ ഒരു നഗരം ഒരിക്കലും ഇവിടം വിട്ടുപോയവരെ വീണ്ടും ആകർഷിക്കില്ല.

ആയിരക്കണക്കിന് ന്യുയോർക്ക് നിവാസികളാണ് നഗരം വിട്ട് താരതമ്യേന സുരക്ഷിതമായ ടെക്സാസിലെ ഓസ്റ്റിൻ, ഓക്ലാഹോമയിലെ ടുൽസാ എന്നി നഗരങ്ങളിലേക്ക് ചേക്കേറുന്നത്. മേയറുടെ പൊലീസ് വിരുദ്ധ നടപടികളിൽ പൊലീസ് സേനയിലും അമർഷം പുകയുന്നുണ്ട്. കഴിഞ്ഞ മാസം 272 പൊലീസ് ഉദ്യോഗസ്ഥരാണ് വിരമിക്കുവാനുള്ള അപേക്ഷ നൽകിയത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം വിരമിക്കാൻ അപേക്ഷ നൽകിയവരേക്കാൾ 49 ശതമാനം അധികമാണിത്.ഇത്തരമൊരു അവസ്ഥയിൽ ജോലിചെയ്യാനാവില്ലെന്നാണ് പൊലീസ് ബെനെവെലന്റ് അസ്സോസിയേഷൻ പ്രസിഡന്റ് പാട്രിക് ലിങ്ക് പറയുന്നത്. നിർവീര്യമായ ഒരു പൊലീസാണ് പൊലീസ് വിമർശകർക്ക് ആവശ്യം. ആരും പൊലീസ് വകുപ്പിൽ ജോലിക്ക് കയറാതിരുന്നാൽ പിന്നെ പൊലീസ് തന്നെ ഉണ്ടാകില്ലല്ലൊ എന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്രയൊക്കെ പ്രതിസന്ധികൾ നേരിടുമ്പോഴും ന്യുയോർക്ക് പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരും എന്നു തന്നെയാണ് മിക്ക നഗരവാസികളും വിശ്വസിക്കുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചതുപോലെ, തീവ്രവാദി ആക്രമങ്ങളെ അതിജീവിച്ചതുപോലെ ബിഗ് ആപ്പിൾ വീണ്ടും ബിഗ് ആപ്പിളായി തന്നെ തുടരുമെന്ന് അവർ ഉറപ്പിച്ചു പറയുന്നു. പക്ഷെ ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം ആവശ്യമാണെന്ന് മാത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP