Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാധാന നൊബേൽ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുന്ന ചൈന; ചൈന ഭയക്കുന്ന ദലൈലാമയ്ക്ക് ഭാരതരത്‌ന നൽകി ആദരിക്കാൻ ഇന്ത്യ; 85-ാം പിറന്നാൾ ആഘോഷ ദിനത്തിൽ ടിബറ്റുകാരുടെ ആത്മീയ നേതാവിനെ തേടി പുരസ്‌കാരം എത്തുമെന്നും സൂചനകൾ; ധർമ്മശാലയിൽ അഭയം തേടിയ ആത്മീയ നേതാവിനെ അംഗീകരിക്കുന്നത് ചൈനയുടെ അധിനിവേശ ഭീഷണിയെ വെല്ലുവിളിക്കാൻ എന്നും റിപ്പോർട്ട്

സമാധാന നൊബേൽ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുന്ന ചൈന; ചൈന ഭയക്കുന്ന ദലൈലാമയ്ക്ക് ഭാരതരത്‌ന നൽകി ആദരിക്കാൻ ഇന്ത്യ; 85-ാം പിറന്നാൾ ആഘോഷ ദിനത്തിൽ ടിബറ്റുകാരുടെ ആത്മീയ നേതാവിനെ തേടി പുരസ്‌കാരം എത്തുമെന്നും സൂചനകൾ; ധർമ്മശാലയിൽ അഭയം തേടിയ ആത്മീയ നേതാവിനെ അംഗീകരിക്കുന്നത് ചൈനയുടെ അധിനിവേശ ഭീഷണിയെ വെല്ലുവിളിക്കാൻ എന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയുടെ ഏറ്റവും വലിയ ശത്രുവാണ് ദലൈലാമ. ഇന്ത്യയുടെ ആത്മീയ സുഹൃത്തും. അതിർത്തിയിൽ ചൈന പ്രകോപനം തുടരുമ്പോൾ ദലൈലാമയ്ക്കു ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂല തീരുമാനം ഉടൻ എടുക്കുമെന്നാണ് സൂചന. ദലൈലാമയ്ക്ക് 85 വയസ്സ് പൂർത്തിയാകുന്നതു നാളെയാണ്. ഈ സാഹചര്യത്തിലാണ് നീക്കം.

വിഘടനവാദി എന്ന നിലയ്ക്കാണ് ചൈന ദലൈലാമയെ കരുതുന്നത്. 2016ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി ദലൈലാമയെ രാഷ്ട്രപതിഭവനിൽ ക്ഷണിച്ച് ആദരിച്ചപ്പോൾ ചൈന എതിർത്തിരുന്നു. 2007ലും 2017ലും അദ്ദേഹത്തിന് അരുണാചൽപ്രദേശ് സന്ദർശിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോഴും ചൈന എതിർപ്പ് ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ ദലൈലാമയെ ആദരിക്കാനും ചൈനയെ വെല്ലുവിളിക്കാനുമാണ് മോദി സർക്കാരിന്റെ നീക്കം. ഇക്കാര്യമാവശ്യപ്പെട്ട് 200 എംപിമാർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കു സമർപ്പിച്ചിരുന്നു.

ചൈനയിൽ ഇന്ത്യയുടെ അംബാസഡർ ആയിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ഈ ആവശ്യമുന്നയിച്ചിരുന്നു. ബിജെപിയിലെയും ആർഎസ്എസിലെയും പ്രമുഖ നേതാക്കളും ആർഎസ്എസിന്റെ കീഴിലുള്ള ഭാരത് ടിബറ്റ് സഹയോഗി മഞ്ചും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ദലൈലാമയുടെ ജന്മദിനത്തിൽ ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണു ടിബറ്റൻ ജനത ആസൂത്രണം ചെയ്തിരിക്കുന്നത്. 1959ൽ ടിബറ്റിൽനിന്ന് ഇന്ത്യയിൽ അഭയം തേടിയതു മുതൽ ദലൈലാമയുടെ ആസ്ഥാനം ധർമശാലയാണ്.

ദലൈലാമയെ ചൈന ഭയക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. 1995ൽ തന്റെ പിൻഗാമിയായ പഞ്ചൻ ലാമയായി ഒരു കുട്ടിയെ അദ്ദേഹം സ്ഥാനാരോഹണം നടത്തി. ചൈന അതു തള്ളുകയും അവരുടെ സ്വന്തം ലാമയെ തിരഞ്ഞെടുക്കുകയും ചെയ്തു. 2019 മാർച്ചിൽ ദലൈലാമ മറ്റൊരാഗ്രഹം പ്രകടിപ്പിച്ചു. മരണശേഷം തന്റെ പിൻഗാമി ഇന്ത്യയിൽ നിന്നാവാമെന്നായിരുന്നു അത്. ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും ചൈനയ്ക്ക് അംഗീകരിക്കാൻ കഴിയുന്നില്ല.

ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനർജനിക്കുമെന്നാണു ടിബറ്റൻ ബുദ്ധ വിശ്വാസം. 1950ൽ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ദലൈലാമയെ ചൈന വിഘടനവാദിയായാണു കാണുന്നത്. 2011ൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നു വിരമിച്ചെങ്കിലും ടിബറ്റൻ ജനത ഇപ്പോഴും അവരുടെ ഏറ്റവും വലിയ ആഗോള നേതാവായി ദലൈലാമയെ കാണുന്നു.

ബറാക് ഒബാമയും നരേന്ദ്ര മോദിയും ഉൾപ്പെടെ ലോകരാജ്യങ്ങളിലെ നിരവധി പ്രമുഖ നേതാക്കളുമായി ബന്ധമുള്ള വ്യക്തിത്വമാണു ദലൈലാമ. സമാധാന നൊബേൽ ജേതാവായ ദലൈലാമയെ 'അപകടകാരിയായ വിഘടനവാദി' എന്നു പേരിട്ടു വിളിക്കുകയാണ് ചൈന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP