Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻകൗണ്ടറിലൂടെ അവനെ കൊന്നുകളയൂ എന്ന് പെറ്റമ്മ; നിരപരാധികളായ പൊലീസുകാരെ കൊന്നത് വലിയ ക്രൂരതയെന്നും കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ്; മകൻ കുറ്റവാളിയായത് രാഷ്ട്രീയക്കാരുമായുള്ള സഹവാസത്തെ തുടർന്നെന്നും സരളാദേവി

എൻകൗണ്ടറിലൂടെ അവനെ കൊന്നുകളയൂ എന്ന് പെറ്റമ്മ; നിരപരാധികളായ പൊലീസുകാരെ കൊന്നത് വലിയ ക്രൂരതയെന്നും കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ്; മകൻ കുറ്റവാളിയായത് രാഷ്ട്രീയക്കാരുമായുള്ള സഹവാസത്തെ തുടർന്നെന്നും സരളാദേവി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: എൻകൗണ്ടറിലൂടെ തന്റെ മകനെ കൊന്നുകളയണമെന്ന് കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ് സരളാദേവി. നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ വലിയ ക്രൂരതയാണ്‌ ദുബെ ചെയ്തതെന്നും ഒളിവിൽ നിന്ന് പുറത്തു വരുന്നതാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. "അവൻ പൊലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കിൽ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം, പൊലീസിന് അവനെ പിടികൂടാൻ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നൽകണം", സരളാദേവി പറഞ്ഞു.

രാഷ്ട്രീയപ്രവർത്തകരുമായുള്ള സഹവാസത്തെ തുടർന്നാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചതെന്നും അവർ പറഞ്ഞു. എംഎൽഎയാവാനാണ് മുന്മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയത്. മകൻ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇളയമകന്റെ കൂടെ ലഖ്നൗവിലാണ് സരളാദേവി താമസിക്കുന്നത്. അതിനിടെ, വികാസ് ദുബെയുടെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.

ശനിയാഴ്ച രാവിലെയോടെയാണ് കാൺപുർ ജില്ലാ ഭരണകൂടം ജെ.സി.ബികൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. 25 പ്രത്യേക സംഘങ്ങളെയാണ് വികാസ് ദുബെയെ കണ്ടെത്താനുള്ള അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്. ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം തുടരുകയാണെന്നും കാൺപുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ദുബെയുടെ ലഖ്നൗ കൃഷ്ണനനഗറിലെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. അഞ്ഞൂറിലധികം മൊബൈൽ നമ്പറുകൾ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു. അതിനിടെ, വ്യാഴാഴ്ച രാത്രിയിലെ റെയ്‌ഡ് വിവരം വികാസ് ദുബെയ്ക്കും സംഘത്തിനും ചോർത്തിനൽകിയെന്ന് സംശയിക്കുന്ന പൊലീസുകാരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിനയ് തിവാരി എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഉത്തർ പ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ദുബെയെ തിരഞ്ഞ് പൊലീസ് വരുന്ന വിവരം ഇയാൾ നേരത്തെ ചോർത്തി നൽകിയെന്നാണ് സംശയം.

വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിലാണ് നാടിനെ നടുക്കുന്ന  സംഭാവമുണ്ടായത്. കെട്ടിടങ്ങൾക്കു മുകളിൽ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയുമുണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വന്നു. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അക്രമികൾ കടന്നുകളഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP