Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യാനെറ്റും സീ വോട്ടറും; സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനവും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിലും ഇരുന്നേനെ; പിണറായിക്ക് വേണ്ടി ഇപ്പോൾ വെള്ളാപ്പള്ളി പരിഹസിച്ച പോലെ'മെഴുകൽ' ആണ് നടക്കുന്നത്; ചെന്നിത്തലയെ കൊച്ചാക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേക്കെതിരെ ട്രോളുകളുമായി കോൺഗ്രസ് ഗ്രൂപ്പുകൾ; പ്രതികരിക്കാൻ മടിച്ച് കോൺഗ്രസ് നേതാക്കളും

മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യാനെറ്റും സീ വോട്ടറും; സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനവും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിലും ഇരുന്നേനെ; പിണറായിക്ക് വേണ്ടി ഇപ്പോൾ വെള്ളാപ്പള്ളി പരിഹസിച്ച പോലെ'മെഴുകൽ' ആണ് നടക്കുന്നത്; ചെന്നിത്തലയെ കൊച്ചാക്കുന്ന  ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേക്കെതിരെ  ട്രോളുകളുമായി കോൺഗ്രസ് ഗ്രൂപ്പുകൾ;  പ്രതികരിക്കാൻ മടിച്ച് കോൺഗ്രസ് നേതാക്കളും

എം മനോജ് കുമാർ

തിരുവനന്തപുരം: അണഞ്ഞു കിടക്കുന്ന കോൺഗ്രസ് ഗ്രൂപ്പുപോരുകളെ കലുഷിതമാക്കാൻ എന്ന മട്ടിൽ പുറത്ത് വന്ന ഏഷ്യനെറ്റ് സർവേയ്ക്ക് എതിരെ കോൺഗ്രസ് ക്യാമ്പിൽ എതിർപ്പ് ശക്തമാകുന്നു. ഉമ്മൻ ചാണ്ടിക്ക് 47 ശതമാനം പിന്തുണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 13 ശതമാനം പിന്തുണയും നൽകുന്ന സർവേ രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയത് എന്നാണ് പൊതുവേയുള്ള കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർവേ കാര്യത്തിൽ പ്രതികരിക്കേണ്ടേന്നാണ് ഗ്രൂപ്പുകൾക്ക് ഉപരിയായി കോൺഗ്രസ് ക്യാമ്പുകളിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന എല്ലാ അവസരങ്ങളും അടയ്ക്കുക എന്ന ഗൂഡലക്ഷ്യം ഏഷ്യനെറ്റ് സർവേയ്ക്കുണ്ട് എന്ന് കോൺഗ്രസ് നേതാക്കൾ ഉറച്ചു വിശ്വസിക്കുകയാണ്.

കേരളത്തിൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ വരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേ ചൂണ്ടിക്കാട്ടുന്നത്. 27 ശതമാനം പേരാണ് പിണറായിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് 23 ശതമാനം പേരും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ 12 ശതമാനം പേരും പിന്തുണച്ചു എന്ന് സർവേ പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ചെന്നിത്തലയ്ക്ക് വെറും അഞ്ചു ശതമാനം പിന്തുണയാണ് സർവേ നൽകുന്നത്. കെ.സുധാകരൻ എംപി ഒഴിച്ച് മറ്റാരും സർവേ മുന്നിൽ നിർത്തി ഒരു പ്രതികരണത്തിനും തയ്യാറായില്ല. ചൂടുള്ള രാഷ്ട്രീയ ചർച്ചകൾക്ക് ഇടംകൊടുക്കാറുണ്ടായിരുന്ന തിരഞ്ഞെടുപ്പ് സർവേകളിൽ നിന്നും വിഭിന്നമായി ഇന്നലെ പുറത്ത് വിട്ട സർവേ പ്രതികരണങ്ങൾ അവശേഷിപ്പിക്കാതെ കടന്നുപോവുകയാണ്. ഏഷ്യാനെറ്റിനെ ട്രോളാൻ കോൺഗ്രസ് ഗ്രൂപ്പുകൾ സർവേ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. മുൻ എഷ്യാനെറ്റ് സർവേകളിൽ സംഭവിച്ച ഭീമാബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ വഴി കോൺഗ്രസ് ഗ്രൂപ്പുകൾ എഷ്യാനെറ്റിനു മറുപടി നൽകുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി.സി.കാപ്പൻ പരാജയപ്പെടുമെന്നാണ് ഏഷ്യനെറ്റ് എക്‌സിറ്റ്‌പോളിൽ പറഞ്ഞത്. ചാലക്കുടി ലോക്‌സഭാ സീറ്റിൽ ഇക്കുറിയും ഇന്നസെന്റ് വിജയിക്കും എന്നാണ് ആ സമയത്തുള്ള സർവേ പറഞ്ഞത്. ഇതൊക്കെ ഏഷ്യാനെറ്റ് സർവേയുടെ വിശ്വാസ്യത കുറയ്ക്കുകയാണ്. സർവേ നിഗമനങ്ങൾ കോൺഗ്രസ് തള്ളിക്കളയുമ്പോൾ ഒട്ടുവളരെ ട്രോളുകൾ സർവേ ലാക്കാക്കി വരുന്നുണ്ട്. ചാലക്കുടി, പാലാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യനെറ്റും സീ വോട്ടറും എന്നാണ് കോൺഗ്രസ് ട്രോളുകളിൽ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഏഷ്യനെറ്റ് ശബരിമല സർവേയിൽ പറഞ്ഞത് 70 ശതമാനം പേരും പിണറായിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ്. പിന്നെ നടന്നത് ചരിത്രവും എന്നാണ് മറ്റൊരു ട്രോളിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20-ൽ പത്തൊമ്പത് സീറ്റും യുഡിഎഫിനായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ വഴി എഷ്യാനെറ്റിനു

കോൺഗ്രസ് മറുപടി നൽകുന്നത്. ഏഷ്യനെറ്റ് സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനം രാജശേഖരനും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിൽ ഇരുന്നേനെ-ട്രോളുകൾ ചൂണ്ടിക്കാട്ടുന്നു. എഷ്യാനെറ്റ് മീഡിയ ആയതിനാൽ ട്രോളുകൾ വഴി മറുപടി നൽകാം എന്ന കോൺഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനത്തെ തുടർന്നാണു ട്രോളുകൾ സർവേ സംബന്ധമായി തുരുതുരെ ഇറങ്ങുന്നത്. മറ്റൊന്ന് സർവേ എ ഗ്രൂപ്പിനെ ലക്ഷ്യമാക്കിയാണ് വന്നത് എന്ന് എ ഗ്രൂപ്പിൽ തന്നെ സംസാരമുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് ജനപിന്തുണ നൽകി എഗ്രൂപ്പിനെ ലാക്കാക്കി വന്ന സർവേ നിഗമനങ്ങൾ ഏറ്റെടുക്കാൻ എ ഗ്രൂപ്പുകൂടി മടിച്ചു. ഇതോടെ സർവേയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാളിയ അവസ്ഥയിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ടാർജറ്റ് ചെയ്തുള്ള സർക്കാർ സ്‌പോൺസെഡ് സർവേ എന്നാണ് ഏഷ്യാനെറ്റ് സർവേ വീക്ഷിക്കപ്പെടുന്നത്. മറുനാടൻ അഭിപ്രായം തേടിയപ്പോൾ പല കോൺഗ്രസ് നേതാക്കളുടെയും പ്രതികരണം ഈ രീതിയിലുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ 90 ശതമാനം പുകഴ്‌ത്തിയും പത്ത് ശതമാനം കോൺഗ്രസ് പൊളിറ്റിക്‌സ് ചേർത്തുള്ള സർവേ എന്നാണ് ഗ്രൂപ്പുകൾക്ക് അതീതനായ കോൺഗ്രസ് നേതാവ് പറഞ്ഞത്. സർവേയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുണ്ടെന്നും നേതാക്കൾ പറയുന്നു. കോവിഡ് മൂർധന്യത്തിൽ എത്തിയിരിക്കെ അത് അവഗണിച്ച് വന്ന ഏഷ്യനെറ്റ് സർവേയെ സംശയ ദൃഷ്ടിയിലാണ് കോൺഗ്രസ് നോക്കിക്കാണുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുവർഷം ബാക്കിയുണ്ട്. കോവിഡ് മരണമായി ചുറ്റും ആഞ്ഞടിക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രിയെ നൂറു ശതമാനം പുകഴ്‌ത്തി രണ്ടാം സ്ഥാനത്ത് കേരളത്തിൽ ശോഭിക്കുന്നത് ബിജെപിയാണെന്ന് കള്ളക്കഥയുണ്ടാക്കി ഒരു സർവേ എന്തിനു വേണ്ടി എന്ന ചോദ്യമാണ് കോൺഗ്രസ് വൃത്തങ്ങൾ മുഴക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേരളത്തിൽ ഇന്നേവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ലീഡർ കെ.കരുണാകരന്റെ കാലത്ത് പോലും ഈ രീതിയില്ല-കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ മറുനാടനോട് പറഞ്ഞു. കോൺഗ്രസ് രീതി ഇങ്ങനെയല്ലെന്നു ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. സർവേയിൽ 13 ശതമാനം പിന്തുണ ചെന്നിത്തലയ്ക്ക് നൽകുമ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് 12 ശതമാനം പിന്തുണയാണ് സർവേ നൽകുന്നത്. കോൺഗ്രസ്പിന്തുണയുണ്ടെങ്കിലും ജനപിന്തുണ മുല്ലപ്പപ്പള്ളിക്ക് കുറവാണ്. ഇടത് സർക്കാരിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. ഡാറ്റ ചോരണം ഉന്നയിച്ച് കോവിഡ് രോഗികളുമായി ബന്ധപ്പെട്ടു സ്പ്രിങ്ലർ ഇടപാട് ചെന്നിത്തല കൊണ്ട് വന്നപ്പോൾ സർക്കാർ മുട്ടുകുത്തി. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ശിരസ് താഴ്‌ത്തപ്പെട്ടു. ഇപ്പോൾ ഇ-മൊബിലിറ്റി പദ്ധതിയുടെ പേരിലും സർക്കാരിനു കുലുക്കുന്നത് ചെന്നിത്തലയാണ്. ആ ചെന്നിത്തലയ്ക്ക് 13 ശതമാനം പിന്തുണ മാത്രമേയുള്ളൂവോ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ചോദ്യം എറിയുന്നത്.

 

സർവേയെ തള്ളിക്കളയാൻ കോൺഗ്രസ് ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതി ചൂണ്ടിക്കാട്ടിയാണ്. നിലവിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സംയുക്തമായി തന്നെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കും. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉദിക്കുന്നുള്ളൂ. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ഒരു ധാരണ എപ്പോഴും തിരഞ്ഞെടുപ്പിന് മുൻപ് കാണും. അത് പക്ഷെ അതാരും ഉയർത്തിപ്പിടിക്കില്ല. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ യോഗത്തിനു ശേഷം മാത്രമേ ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന രീതിയിൽ തീരുമാനം വരാറുള്ളൂ. യോഗത്തിലെ വികാരം മനസിലാക്കിയ ശേഷം ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരെന്നു ചോദ്യം ഉയർന്നിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് ഹൈക്കമാൻഡ് ആയിരുന്നു. ഇതാണ് കോൺഗ്രസിലെ രീതി. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പ്രഖ്യാപിച്ചത് ഹൈക്കമാൻഡ് ആണ്. ആ രീതിക്ക് ഏഷ്യനെറ്റ് സർവേ മാറ്റം വരുത്തില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പുകയ്ക്കുന്ന സർവേ കോൺഗ്രസ് വൃത്തങ്ങൾ അടപടലം തള്ളിക്കളയുകയാണ്.

ഏഷ്യനെറ്റ് സർവേയ്ക്ക് എതിരെയുള്ള ഒരു സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:

ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. ഒന്നും കാണാതെ തെരെഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കുമ്പോൾ ഏഷ്യാനെറ്റും സീ വോട്ടറും സർവേ നടത്തില്ല. രാഷ്ട്രീയ സർവേകൾ തെരെഞ്ഞെടുപ്പിനു ഒരു വർഷം മുൻപ് ഒരിക്കലും നടത്തില്ല. ഈ സർവ്വേയ്ക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 1. ചാനൽ റേറ്റിങ്ങിൽ ഒപ്പത്തിന് ഒപ്പം എത്തിയ 24 ചാനലിനെ പിന്നിലാക്കുക.

2. കൊറോണക്കാലത്ത് മറ്റുപരസ്യങ്ങളുടെ വഴി അടഞ്ഞതോടെ ഏറ്റവും വലിയ പരസ്യ ദാതാവായി തീർന്ന പിണറായി സർക്കാരിനെ പുകഴ്‌ത്തുക.

24 ന്യൂസിലെ ഗോപീകൃഷ്ണനു രമേശ് ചെന്നിത്തല നൽകിയ അഭിമുഖത്തിന്റെ കാഴ്ചക്കാർ ഏഷ്യാനെറ്റിനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ ഉയർത്തിയ 4 അഴിമതി ആരോപണങ്ങളും പിണറായി വിജയന്റെ ഇമേജ് പൊളിച്ചടുക്കുന്നതായിരുന്നു.

പ്രവാസികളെ ദ്രോഹിക്കുന്ന നയവും കെ എസ് ഇ ബി അമിതബില്ലും മൂലം ന്യായീകരിക്കുന്നതിൽ നിന്നും അൻപത് ശതമാനം സൈബർ സഖാക്കളും വിട്ടുനിന്നു.

പിണറായി വിജയനെ വീണ്ടും ഉയർത്തിയെടുക്കുന്നതിനു ഏകവഴി തടസമായി നിൽക്കുന്ന രമേശ് ചെന്നിത്തലയെ ഇകഴ്‌ത്തുക എന്നതാണ്.പലരിൽ ഒരുവൻ മാത്രമായി ഇടിച്ചു താഴ്‌ത്തുമ്പോൾ ആരോപണങ്ങളുമായി മുന്നോട്ട് പോകാൻ രമേശ് ചെന്നിത്തല മടിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ തളച്ചിടാൻ ശ്രമിക്കുന്നത്. സർക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ക്രിയാത്മകമായി സഹകരിച്ചു എന്ന് ചർച്ചയ്ക്കിടയിൽ എംടി രമേശ് പറഞ്ഞിരുന്നു. ഇതോടെ സുരേന്ദ്രനെ വെള്ളപൂശാനുള്ള ഏഷ്യാനെറ്റ് ശ്രമം പാളി.

ഏഷ്യാനെറ്റും സീ വോട്ടറും ചേർന്നുള്ള എല്ലാ സർവേകളും വൻപരാജയമായിരുന്നു എന്ന് കൂടി ഓർക്കുക

NB : വെള്ളാപ്പള്ളി നടേശനോട് ജീവിതത്തിൽ ഒരു അഭിപ്രായത്തോട് മാത്രമാണ് യോജിപ്പ്. മറ്റൊന്നുമല്ല പാലായിൽ സർവേ നടത്തി യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറോട്'.... മെഴുകിയല്ലോടാ ' പറഞ്ഞതാണ് ഇഷ്ടമായത്. പിണറായിക്ക് വേണ്ടി ഇപ്പോൾ വലിയ മെഴുകൽ ആണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP