Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹേശൻ 15 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളി ഉറച്ചു നിൽക്കുമോ? കാണാതായ പണം കണ്ടെത്തണം എന്ന മഹേശന്റെ വീട്ടുകാരുടെ വെല്ലുവിളിയെ തുഷാർ എങ്ങനെ നേരിടും? മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; മഹേശൻ തന്റെ വലംകൈ ആയിരുന്നെന്നം തമ്മിൽ ശത്രുതയില്ലെന്നും മൊഴി നൽകി വെള്ളാപ്പള്ളി നടേശനും

മഹേശൻ 15 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളി ഉറച്ചു നിൽക്കുമോ? കാണാതായ പണം കണ്ടെത്തണം എന്ന മഹേശന്റെ വീട്ടുകാരുടെ വെല്ലുവിളിയെ തുഷാർ എങ്ങനെ നേരിടും? മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; മഹേശൻ തന്റെ വലംകൈ ആയിരുന്നെന്നം തമ്മിൽ ശത്രുതയില്ലെന്നും മൊഴി നൽകി വെള്ളാപ്പള്ളി നടേശനും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോറഫിനാൻസ് സ്റ്റേറ്റ് കോ-ഓഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാകും ചോദ്യം ചെയ്യൽ. വൈകീട്ട് 5.30 നാണ് മാരാരിക്കുളം പൊലീസ് തുഷാറിനെ ചോദ്യം ചെയ്യുക. മഹേശന്റെ ആത്മഹത്യയിൽ തുഷാറിന് പങ്കുണ്ടെനന്ന ആരോപണം ശക്തമായിരുന്നു. എല്ലാ കേസുകളും മഹേശന്റെ തലയിൽ കെട്ടിവെച്ച് രക്ഷപെടാൻ വെള്ളാപ്പള്ളിയും കുടുംബവും തുനിഞ്ഞെന്നും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം മഹേശന്റെ കത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

15 കോടി കെ.കെ മഹേശൻ എടുത്തിട്ട് എവിടെപ്പോയി. ക്രമക്കേട് നടന്ന എസ്എൻഡിപി ചേർത്തല യൂണിയന്റെ ചെയർമാനാണ് തുഷാർ വെള്ളാപ്പള്ളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പകച്ചിരിക്കുകയാണ് തുഷാറെന്നും മഹേശന്റെ സഹോദരൻ അനിൽകുമാർ ആരോപിച്ചിരുന്നു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശൻ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. നിലനിൽപ്പിന്റെ ഭാഗമായാണ് തുഷാർ ഇപ്പോൾ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും കുടുംബം പറഞ്ഞു.

കണിച്ചുകുളങ്ങര, ചേർത്തല ദേവസ്വത്തിൽ വൻ ക്രമക്കേടുണ്ടായിയെന്നും, കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണെന്നുമാണ് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചത്. മഹേശൻ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഭീഷണിപ്പെടുത്തി ക്രമക്കേടിൽ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം. ആത്മഹത്യാക്കുറിപ്പിൽ കഥയുണ്ടാക്കി എഴുതിയെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നും പൊലീസ് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായിരുന്ന കെ കെ മഹേശൻ, വെള്ളാപ്പള്ളി നടേശന് എഴുതിയ 32 പേജുള്ള കത്ത് മരണസ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. മഹേശൻ നിരപരാധിയാണ്, അവൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. കണിച്ചുകുളങ്ങര യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ടു ചില അതൃപ്തികൾ ഉണ്ടായിരുന്നു. അതു സാധാരണ കാര്യമാണെന്നും മറ്റു പല യൂണിയനുകളുമായി ബന്ധപ്പെട്ടും അതൃപ്തിയുണ്ടെന്നും വെള്ളാപ്പള്ളി പൊലീസിനോടു പറഞ്ഞു. മഹേശൻ മരിക്കും മുൻപ് എഴുതിയ കുറിപ്പുകളിലെ ചില വിവരങ്ങളെപ്പറ്റിയും പൊലീസ് ചോദിച്ചു. വെള്ളാപ്പള്ളി നടേശന്റെ മാനേജർ കെ. എൽ.അശോകന്റെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു.

നേരത്തെ മഹേശൻ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ തീർക്കുന്ന സ്വഭാവമാണ് വെള്ളാപ്പള്ളിക്ക് എന്നാണ് ആരോപിച്ചത്. എല്ലാവരെയും ഉപയോഗിച്ച് കറിവേപ്പില പോലെ എറിഞ്ഞു കളയുന്നതാണ് വെള്ളാപ്പള്ളിയുടെ രീതി. തനിക്ക് വന്നതും ഇതേ ഗതി തന്നെയാണ് എന്നാണ് എന്റെ ഭാവി തീരുമാനമായി എന്ന് പറഞ്ഞുകൊണ്ട് മഹേശൻ എഴുതുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തീർക്കാൻ വെള്ളാപ്പള്ളി ഒരുമ്പെട്ടേക്കും എന്ന് കത്തിൽ പറയുന്നുണ്ട്.

എന്റെ ഭാവി അത് തീരുമാനമായി എന്ന് എനിക്കറിയാം എന്നാണ് സബ് ടൈറ്റിൽ ഇട്ട് എഴുതിയിരിക്കുന്നത്. രണ്ടു രീതിയിലുള്ള വെള്ളാപ്പള്ളിയുണ്ട്. ഒരു വിജിലൻസ് കേസ് വന്നാൽ വിറച്ചു പോകുന്ന വെള്ളാപ്പള്ളി. എതിരാളികളെ എന്ത് വിലകൊടുത്തും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുന്ന വെള്ളാപ്പള്ളി. ആദ്യത്തെ വെള്ളാപ്പള്ളിയെ ഉദാഹരിക്കാൻ മരിച്ചുപോയ പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരനെയാണ് ഉദ്ധരിക്കുന്നത്. വിജിലൻസ് കേസ് വന്നപ്പോൾ ദാമോദരൻ വക്കീലിന്റെ അടുത്ത് വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ അശോകൻ പോയി. ഞങ്ങളുടെ പാർട്ടിയെ തകർത്ത് തരിപ്പണമാക്കുവാൻ വിമാനത്തിൽ പറന്നു നടക്കുന്ന വെള്ളാപ്പള്ളി വിജിലൻസ് കേസ് വന്നപ്പോൾ വിറച്ചു പോയോ? ഇതാണോ വെള്ളാപ്പള്ളി. ഏതായാലും ഒരാഴ്ച കഴിഞ്ഞു കേസ് എടുക്കുന്ന കാര്യം പറയാം. മൂന്നാമത് വക്കാലത്ത് ഒപ്പിടുവിക്കാൻ ഞാനാണ് പോയത്. അന്ന് അദ്ദേഹം പറഞ്ഞത് പിണറായിയെ കാണാൻ വെള്ളാപ്പള്ളിയോട് പറയൂ എന്നാണ്. രണ്ടാമത് ഉള്ളത് എതിരാളികളെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുന്ന വെള്ളാപ്പള്ളി. ആ വെള്ളാപ്പള്ളിയെക്കുറിച്ച് മഹേശൻ കുറിക്കുന്നത് ഇങ്ങനെ:

ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കും:

അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കും. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എല്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് രണ്ടു വിധമാകും. കേന്ദ്രവുമായി ഉടക്കിയതിനാൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത രീതിയിൽ വല്ലാതെ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചാൽപരമാവധി ഞാൻ പിടിച്ചു നിൽക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ യോഗനേതൃത്വത്തിന്റെ നിലപാടുകൾ തിരുത്തുവാൻ ഞാൻ സ്വയം രക്തസാക്ഷിയാകും. അത് എന്ന് എവിടെവെച്ച് എന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. അശോകൻ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാൻ മരിക്കുമെന്ന് ഉറപ്പാണ്. ഒരു കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്നു. ഒരു വിമത പക്ഷത്തും ഞാൻ പോകില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP