Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ 2003ൽ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം ഏഴ് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഎം നേതാക്കൾക്ക് ലക്ഷങ്ങൾ കിട്ടയെന്ന ആരോപണം സാധൂകരിച്ച് തടവ് ശിക്ഷയില്ലാത്ത വകുപ്പു തല നടപടി മാത്രം മതിയെന്ന തദ്ദേശ സെക്രട്ടറിയുടെ നിർദ്ദേശം; മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ കവടിയാറിലെ അംബര ചുംബിയെ രാഷ്ട്രീയ ചർച്ചയാക്കാതെ ബിൽഡറെ കാത്ത് കോൺഗ്രസും ബിജെപിയും; തിരുവനന്തപുരത്തും 'മരടിന്' സാധ്യത

സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ 2003ൽ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം ഏഴ് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഎം നേതാക്കൾക്ക് ലക്ഷങ്ങൾ കിട്ടയെന്ന ആരോപണം സാധൂകരിച്ച് തടവ് ശിക്ഷയില്ലാത്ത വകുപ്പു തല നടപടി മാത്രം മതിയെന്ന തദ്ദേശ സെക്രട്ടറിയുടെ നിർദ്ദേശം; മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ കവടിയാറിലെ അംബര ചുംബിയെ രാഷ്ട്രീയ ചർച്ചയാക്കാതെ ബിൽഡറെ കാത്ത് കോൺഗ്രസും ബിജെപിയും; തിരുവനന്തപുരത്തും 'മരടിന്' സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കവടിയാറിൽ ഹീരാ ബാബു രണ്ട് നില മാത്രം പണിയാൻ നിയമം ഉള്ളിടത്ത് 13 നില ഉയർന്നതിന്റെ പിന്നാമ്പുറ ചരിത്രം ചികഞ്ഞാൽ കണ്ടെത്തുന്നത് കേരളം എക്കാലവും നേരിടുന്ന കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റ നാണംകെട്ട ചിത്രങ്ങൾ. സിപിഎം ഭരിച്ചിരുന്ന കോർപ്പറേഷൻ നിയമം ലംഘിച്ച് അനുമതി നൽകിയപ്പോൾ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന്റെ നവീകരണമായിരുന്നു പ്രതിഫലമെങ്കിൽ നിശബ്ദരായിരിക്കാൻ കോൺഗ്രസിലേയും ബിജെപിയിലേയും ഉന്നതർക്ക് ഫ്ളാറ്റ് തന്നെ സമ്മാനിച്ചു എന്നാണ് ആരോപണം. ഈ ഫ്‌ളാറ്റ് പൊളിച്ചു നീക്കണമെന്ന ആവശ്യവും സജീവമാണ്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് എടുക്കുമെന്നതും നിർണ്ണായകമാണ്. മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ സാധ്യതയാണ് ഇവിടേയും ചർച്ചയാകുന്നത്.

സിപിഎം നേതാവായ മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാർ 14 നില അനധികൃത ഫ്ളാറ്റ് നിർമ്മാണ - വിൽപ്പന കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി സർക്കാരിനോട് ഉത്തരവിട്ടത് അതിനിർണ്ണായകമാണ്. തനിക്കെതിരായ വിജിലൻസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കുറ്റപത്രത്തിലെ ആറാം പ്രതി ട്രിഡ ( തിരുവനന്തപുരം നഗരവികസന അഥോറിറ്റി ) സെക്രട്ടറി വി.വി. കൃഷ്ണ രാജൻ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ നിലപാട് ജൂലൈ 9 ന് സമർപ്പിക്കാനാണ് വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലതയുടെ ഉത്തരവ്. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയുമായി ആറാം പ്രതി കോടതിയിലെത്തിയത്.

ഒരു സാധാരണ പൗരൻ ഇത് കുത്തിപ്പൊക്കി കോടതിയിൽ പോയില്ലായിരുന്നെങ്കിൽ ഒരുകാലത്തും കേസ് ഉണ്ടാകുകയോ നാട്ടുകാർ അറിയുകയോ ഉണ്ടാകുമായിരുന്നില്ല. കോടതി ഉത്തരവ് മൂലം നിവൃത്തിയില്ലാതെ കേസെടുത്ത വിജിലൻസ് കേസ് തള്ളിക്കളയാൻ ആണ് ശ്രമിച്ചത്. എന്നാൽ കോടതി അതിന് അനുവദിച്ചില്ല. കോടതി നടപടികളും കേസുകളും ഇഴഞ്ഞു നീങ്ങുകയാണ്. അതിന് ശേഷം ക്രിമിനൽ കേസ് വേണ്ടെന്ന് തദ്ദേശ സെക്രട്ടറി നിലപാട് എടുത്തു. ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടി എടുക്കാമെന്നായിരുന്നു നിർദ്ദേശം. ഇതിലൂടെ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാനായിരുന്നു നീക്കം. ഇത് കോടതി അംഗീകരിച്ചില്ല. ഇതോടെ കേസ് വീണ്ടും സജീവമാകുകയാണ്. ഇനി സർക്കാർ നിലപാട് എന്താണെന്നുള്ളതാണ് നിർണ്ണായകം.

തലസ്ഥാനത്തെ പ്രമുഖരായ ബിൽഡേഴ്സായ ഹീരാ ഗ്രൂപ്പിന് ഉദ്യോഗസ്ഥ തലത്തിലും വൻ പിടിപാടാണ് ഉള്ളത്. വളർന്നുവരുന്ന ഉദ്യോഗസ്ഥരെ പാട്ടിലാക്കാനായി ഹീരയ്ക്ക് ഐഎഎസ് അക്കാദമി പോലുമുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലും ഒതുക്കേണ്ടവരെ ഒതുക്കിയും എതിർശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കിയുമാണ് ഹീര ബാബു രണ്ട് നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയിൽ 13 നില കെട്ടിപ്പൊക്കിയത്. സിപിഎം രാഷ്ട്രീയമാണ് ഹീരയ്ക്ക് വഴിവിട്ട് സഹായം നൽകിയതിന്റെ പേരിൽ വിമർശനം നേരിടുന്നത്. എന്നാൽ ഗ്രൂപ്പിസം രൂക്ഷമായ കാലത്തും എല്ലാ വിഭാഗങ്ങൾക്കും പ്രിയങ്കരനായാണ് ഹീര ബാബു തന്റെ ആവശ്യങ്ങൾ നേടിയെടുത്തതത്രേ.

ഹീരയ്ക്ക് വേണ്ടി പാർട്ടി ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് അന്ന് മേയറായിരുന്ന പ്രൊഫ. ജെ ചന്ദ്ര നിയമങ്ങൾ കാറ്റിപറത്താൻ കൂട്ടുനിന്നത് എന്നാണ് ആരോപണം. ഇതിലൂടെ സൽപേര് മേയറായിരുന്ന ചന്ദ്രയ്ക്ക് നഷ്ടമായി. പ്രൊഫ: ജെ ചന്ദ്ര മോയറായിരുന്ന 2000-2005 കാലത്താണ് ഹീരാ ബാബുവിന് കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് അനധികൃതായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ വീണ്ടും ചന്ദ്രയെ തേടി മേയർ സ്ഥാനം എത്തുമെന്നായപ്പോൾ സിപിഎമ്മിലെ പിണറായി പക്ഷം വിജിലൻസ് കേസെടുത്ത് കാട്ടി ചന്ദ്രയെ വെട്ടിവീഴ്‌ത്തി. അങ്ങനെ ചന്ദ്രിക മേയറായി.

ഒരു വട്ടം തന്നെ മേയറാക്കാൻ ശക്തമായി നിന്ന സിപിഎം ജില്ലാ നേതൃത്വത്തിനോടുള്ള കടപാടാണ് ഹീരയ്ക്ക് വേണ്ടി ചന്ദ്ര നിയമം മാറ്റിമറിച്ചത് എന്നാണ് ഉയരുന്ന ആരോപണം. . ഉറച്ച വി എസ് പക്ഷക്കാരികൂടിയായിരുന്നു ചന്ദ്ര. ഹീരാ ഗ്രൂപ്പിന്റെ മുതലാളിയായ ഹീരാ ബാബുവെന്ന അബ്ദുൾ റഷീദിന് സിപിഎമ്മിലുള്ള സ്വാധീനം വളരെ വലുതാണ്. കാലകാലങ്ങളായി നഗരസഭാ ഭരണം നടത്തുന്നത് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. കോർപ്പേറേഷൻ പരിധിയിലാണ് ഹീരയുടെ മിക്ക ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്ന്ത്. മിക്ക കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിയങ്ങളെല്ലാം കാറ്റിൽപറത്തിയാണ് നിർമ്മാണം നടത്തുന്നത്.

എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ കോർപ്പറേഷനോ മാറിമാറിവരുന്ന സർക്കാരുകളോ തയ്യാറാകുന്നില്ല. നധികൃതമായി പണിതുയർത്തിയ ഫളാറ്റിന് അടിയലൂടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നുണ്ട്. ഇത്തരത്തിൽ കോർ്പ്പേറേഷന് പരിധിയിൽ തന്നെ ഹീരയുടെ നിയമലംഘനങ്ങൾ നിരവധി തരത്തിൽ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിലുള്ള കോർപ്പറേഷനിൽ അന്നത്തെ മേയറായ പ്രൊഫ. ജെ ചന്ദ്ര പ്രത്യേക കൗൺസിൽ യോഗം കൂടി അനുമതി നൽകിയത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു.

കോർപ്പേറേനിൽ സ്പെഷ്യൽ കൗൺസിൽ യോഗം ചേരണമെങ്കിൽ സിപിഎം പാർലമെന്ററി പാർട്ടിയുടെ അനുമതി വാങ്ങണം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ സ്പെഷ്യൽ കൗൺസിൽ യോഗം ചേരാറുള്ളു. കവടിയാർ മ്യൂസിയം റോഡിലെ ഡീറ്റെയിൽഡ് ടൗൺ പ്ളാനിങ് പദ്ധതിയില്‌പെട്ട പ്രദേശത്ത് രണ്ടുനില കെട്ടിടത്തിനു മാത്രമേ അനുമതി പാടുള്ളുവെന്നുള്ള നിയമം മറികടന്നാണ് കൂറ്റൻ കെട്ടിടം പണിയാൻ അനുമതി നൽകിയത്. റോഡ് വികസന കമ്മിറ്റി ചട്ടങ്ങൾ കാറ്റില്പറത്തി ഉടമയ്ക്കു പത്തു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ 13 നില ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.

മുൻ മേയർ ജെ. ചന്ദ്ര, ഫ്ളാറ്റ് ഉടമ ഹീരാ ബാബു എന്നിവർക്കു പുറമെ കോർപറേഷനിലെ ടൗൺ പ്ളാനിങ് ഓഫിസർമാരായിരുന്ന ജെ. മൺസൂർ, ബി.എസ്. ജയകുമാർ, അസിസ്റ്റന്റ് ടൗൺ പ്ളാനിങ് ഓഫിസറായിരുന്ന കെ. ബാലഗോപാൽ, ബിൽഡിങ് ഇൻസ്പെക്ടർ എസ്. രാജു, റീജനൽ ടൗൺ പ്ളാനർ എ.വിജയകുമാർ, ആർക്കിടെക്ട് പി. ശ്രീലത എന്നിവരാണ് പ്രതി പ്രതിപട്ടികയിൽ ഉള്ളത്.
കോർപറേഷൻ മുൻ സെക്രട്ടറി രവീന്ദ്രൻ മരണപ്പെട്ടു. തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ എം. കൃഷ്ണൻ നായർ 2007ൽ നൽകിയ പരാതിയിലാണു ക്രമക്കേട് വെളിച്ചത്തുവന്നത്.

അതേസമയം ഇത്തരമൊരു ക്രമക്കേട് പുറത്തുവന്നെങ്കിലും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ എതിർശബ്ദം പുറത്തുവന്നിട്ടില്ല. ഇതിന് കാരണവും മറ്റൊന്നുമല്ല. ഫ്ളാറ്റ് മുതലാളിയുടെ സ്വാധീന വലയം തന്നെയാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഒതുക്കിയതെന്നാണ് ആക്ഷേപം. ഈ തട്ടിപ്പ് കേസിലാണ് കോടതിയുടെ ഇടപെടലുണ്ടാകുന്നത്. റിട്ടയേർഡ് ഡി വൈ എസ് പി കോട്ടക്കകം പത്മാ നഗർ നിവാസിയും തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റുമായ എം. കൃഷ്ണൻ നായരുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി 2010 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി റെജി ജേക്കബ്ബാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നഗരസഭയിൽ നിന്നും ട്രിഡയിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി. ശേഖരിച്ച തെളിവുകൾ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായതാണെന്ന് ലീഗൽ അഡൈ്വസർ നിയമോപദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തോടും കണ്ടെത്തലുകളോടും വിജിലൻസ് എസ്. പിയും ഡയറക്ടറും യോജിച്ചു. തുടർന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി തേടി

പ്രതികളുടെ നിയമന അധികാരിയായ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അനുമതി അപേക്ഷ സമർപ്പിച്ചു. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം വിജിലൻസ് കേസ് വേണ്ടെന്നും വകുപ്പുതല നടപടിയും ( ജയിൽ ശിക്ഷ വരാത്ത ) ട്രിബ്യൂണൽ എൻക്വയറി മതിയെന്നും ഉത്തരവിട്ട് ഫയൽ വിജിലൻസ് വകുപ്പ് സെക്രട്ടറി മുഖേന വിജിലൻസിന് മടക്കി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ കേസ് എഴുതിത്ത്ത്ത്ത്തള്ളാൻ അനുമതി തേടി റഫർ ചാർജ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഗൗരവമേറിയ കുറ്റകൃത്യം നടന്ന കേസിൽ മതിയായ തെളിവുകളും ഉദ്യോഗസ്ഥ-ഭരണ ലോബി വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയതുമായ സാഹചര്യത്തിൽ ട്രിബ്യൂണൽ എൻക്വയറി ശുപാർശയടങ്ങുന്ന റെഫർ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. പ്രോസിക്യൂഷൻ അനുമതിക്കായി എല്ലാ കേസ് റെക്കോർഡുകളും പ്രോസിക്യൂഷൻ അനുമതി നൽകേണ്ട അഥോറിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ വിജിലൻസിനോട് ഉത്തരവിട്ടു. തുടർന്ന് വകുപ്പ് സെക്രട്ടറി പ്രോസിക്യൂഷൻ അനുമതി നൽകി. കോടതി ഇടപെടൽ ഒന്നു കൊണ്ടു മാത്രമാണ് കോടികളുടെ വൻ അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനിടയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP