Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണം ഉപയോ​ഗിച്ച് നിർമ്മിച്ച മാസ്കുമായി മഹാരാഷ്ട്ര സ്വദേശി; മാസ്കിനായി ഉപയോ​ഗിച്ചത് 2.89 ലക്ഷം രൂപയുടെ സ്വർണം; ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്നും ശങ്കർ; ശ്വാസമെടുക്കാൻ ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫലപ്രദമാകുമായിരുന്നു എന്ന് സോഷ്യൽ മീഡിയ

സ്വർണം ഉപയോ​ഗിച്ച് നിർമ്മിച്ച മാസ്കുമായി മഹാരാഷ്ട്ര സ്വദേശി; മാസ്കിനായി ഉപയോ​ഗിച്ചത് 2.89 ലക്ഷം രൂപയുടെ സ്വർണം; ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്നും ശങ്കർ; ശ്വാസമെടുക്കാൻ ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഫലപ്രദമാകുമായിരുന്നു എന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സ്വർണ മാസ്കിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാകുകയാണ്. സ്വർണ മാസ്കിന് കൊവിഡിനെ പ്രതിരോധിക്കാനാകുമോ എന്ന ആധികാരികമായ ചോദ്യത്തെക്കാൾ, മഹാമാരിക്കാലത്തും പൊങ്ങച്ചം കാട്ടാൻ ധൈര്യം കാട്ടിയ ആളെ പരിഹസിക്കാനാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളും സമയം കണ്ടെത്തുന്നത്. പുണെ സ്വദേശിയായ ശങ്കർ കുറാഡെ എന്നയാളാണ് സ്വർണം കൊണ്ട് മാസ്ക് ചെയ്തെടുത്തത്. 2.89 ലക്ഷം രൂപയുടെ സ്വർണമാണ് ഇതിനായി ശങ്കർ ഉപയോഗിച്ചത്.

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതോടെ ശങ്കറിനെ ട്രോളിക്കൊണ്ടുള്ള കമന്റുകളും എത്തിതുടങ്ങി. കോവിഡിനെതിരെ പ്രയോജനപ്പെടില്ലെങ്കിൽ ഇത്ര വിലകൂടിയ മാസ്ക് എന്തിനാണ് എന്ന ചോദ്യമാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്. ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇത് പ്രയോജനപ്പെട്ടേനെ എന്നാണ് ഇവർ പറയുന്നത്. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വളരെ കനം കുറച്ച് നിർമ്മിച്ചിട്ടുള്ള മാസ്കിൽ ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങളും നൽകിയിട്ടുണ്ട്. അതേസമയം ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്ന് ശങ്കർ പറയുന്നു.

കോവിഡ് വ്യാപനം തടയാൻ മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ പല തരത്തിലുള്ള മാസ്കുകൾ വിപണിയിലെത്തുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്കിലെ പുത്തൻ പരീക്ഷണങ്ങളൊക്കെ ട്രെൻഡായി മാറിയിരിക്കുകയാണ്. എന്നാലിപ്പോൾ ശങ്കർ കുറാഡെ സ്വർണം കൊണ്ട് നിർമ്മിച്ച മാസ്കാണ് വാർത്തകളിൽ നിറയുന്നത്. മാസ്കിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടക്കുന്നത്. സ്വർണവും വജ്രവും കൊണ്ടു വരെ മാസ്ക് ഉണ്ടാക്കി വിൽക്കുകയാണ് ബിസിനസുകാർ. ബ്രൈഡൽ വസ്ത്രങ്ങളുടെ ഫാഷന് ഇണങ്ങിയ ഗോൾഡ് മാസ്ക്കുകൾ നിർമ്മിച്ച് ജൂവലറികളും രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിൽ ഹൈദരാബാദിലെ ജൂവലറി ഗോൾഡ് മാസ്കുകൾ നി‍ർമിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു. ലക്ഷങ്ങളാണ് മാസ്കിന് വില മതിക്കുന്നത്. മുജ്തബ ജൂവലേഴ്സ് എന്ന സ്ഥാപനം ഗോൾഡ് മാസ്ക്കുകൾ നി‍ർമിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. പൂ‍ർണമായും സ്വ‍ർണത്തിൽ നിർമ്മിച്ച മാസ്ക്കുകൾക്ക് വൻ ഡിമാൻഡ് ആണ് ഹൈദരാബാദിൽ ഉൾപ്പെടെയുള്ള സമ്പന്ന‍ർക്കിടയിൽ ഉള്ളതെന്നാണ് ജൂവലറി ഉടമകളുടെ അവകാശ വാദം. ചിത്രശലഭത്തിന്റെ ആകൃതിയിൽ പോലും നി‍ർമിക്കുന്ന വ്യത്യസ്തമായ ഈ മാസ്കുകൾക്ക് കൊറോണ വൈറസ് ബാധയെ ചെറുക്കാൻ ആകുമോ എന്നത് വിഷയം അല്ലാതെ ആയിരിക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സ്വർണത്തിലും വജ്രത്തിലും ഒക്കെ തീർത്ത മാസ്കുകൾ ട്രെൻഡിയാകുന്നുണ്ട്. പാരിസിലാണ് വജ്രത്തിൽ തീർത്ത മാസ്കുകൾ പ്രത്യക്ഷപ്പെട്ടത്. സെലിബ്രിറ്റി വജ്ര വ്യാപാരി കൂടെയായ ആൻഡ്രെ മെസികയുടെ മകൾ വലേറിയെ മെസിക്കയാണ് മാസ്ക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP