Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഴിമതി പെർമിറ്റിലൂടെ നിർമ്മിച്ച അംബരചുംബിക്ക് ചെലവായത് മൂന്നര കോടി; മുതലാളി ഫ്‌ളാറ്റ് വിറ്റ് നേടിയത് ഒൻപത് കോടിയും; റെസിഡൻഷ്യൽ ഏര്യയിൽ രണ്ട് നിലക്ക് മുകളിൽ നിർമ്മാണം പാടില്ലെന്നിരിക്കെ 14 നിലയക്ക് പെർമിറ്റ് നൽകിയതുകൊടിയ അഴിമതി; എല്ലാം വിജിലൻസ് കണ്ടെത്തിയപ്പോൾ കേസ് വേണ്ടെന്നും തടവു ശിക്ഷ ഇല്ലാത്ത വകുപ്പ് തല നടപടി മതിയെന്നും തദ്ദേശ സെക്രട്ടറി; വാളെടുത്ത് വിജിലൻസ് സ്‌പെഷ്യൽ കോടതിയും; ഹീരാ ബാബുവിന്റെ കവടിയാറിലെ ഫ്‌ളാറ്റിനും മരടിലെ ഗതി വരുമോ?

അഴിമതി പെർമിറ്റിലൂടെ നിർമ്മിച്ച അംബരചുംബിക്ക് ചെലവായത് മൂന്നര കോടി; മുതലാളി ഫ്‌ളാറ്റ് വിറ്റ് നേടിയത് ഒൻപത് കോടിയും; റെസിഡൻഷ്യൽ ഏര്യയിൽ രണ്ട് നിലക്ക് മുകളിൽ നിർമ്മാണം പാടില്ലെന്നിരിക്കെ 14 നിലയക്ക് പെർമിറ്റ് നൽകിയതുകൊടിയ അഴിമതി; എല്ലാം വിജിലൻസ് കണ്ടെത്തിയപ്പോൾ കേസ് വേണ്ടെന്നും തടവു ശിക്ഷ ഇല്ലാത്ത വകുപ്പ് തല നടപടി മതിയെന്നും തദ്ദേശ സെക്രട്ടറി; വാളെടുത്ത് വിജിലൻസ് സ്‌പെഷ്യൽ കോടതിയും; ഹീരാ ബാബുവിന്റെ കവടിയാറിലെ ഫ്‌ളാറ്റിനും മരടിലെ ഗതി വരുമോ?

അഡ്വ നാഗരാജ്

തിരുവനന്തപുരം: സിപിഎം നേതാവായ മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാർ 14 നില അനധികൃത ഫ്‌ളാറ്റ് നിർമ്മാണ - വിൽപ്പന കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി സർക്കാരിനോട് ഉത്തരവിട്ടു. തനിക്കെതിരായ വിജിലൻസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കുറ്റപത്രത്തിലെ ആറാം പ്രതി ട്രിഡ ( തിരുവനന്തപുരം നഗരവികസന അഥോറിറ്റി ) സെക്രട്ടറി വി.വി. കൃഷ്ണ രാജൻ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ നിലപാട് ജൂലൈ 9 ന് സമർപ്പിക്കാനാണ് വിജിലൻസ് ജഡ്ജി എം.ബി. സ്‌നേഹലതയുടെ ഉത്തരവ്. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയുമായി ആറാം പ്രതി കോടതിയിലെത്തിയത്.

2004 ലെ സി പി എം ഭരണത്തിലുള്ള തിരുവനന്തപുരം നഗരസഭയും ട്രിഡയും ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഉദ്യോഗസ്ഥ - എൽ.ഡി.എഫ് ഭരണ ലോബിയാണ് കേസിനാസ്പദമായ അഴിമതി പെർമിറ്റ് നൽകിയത്. തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ മുൻ ടൗൺ പ്ലാനിങ് ഓഫീസർ പി.റ്റി.പി. നഗർ പ്ലോട്ട് നമ്പർ 56 ൽ താമസം ജെ. മൻസൂർ , കോർപ്പറേഷൻ പ്ലാനിങ് ഓഫീസർ തമ്പാനൂർ മംഗല്യയിൽ താമസം ബി.എസ്. ജയകുമാർ , കോർപ്പറേഷൻ അസിസ്റ്റന്റ് ടൗൺ പ്ലാനിങ് ഓഫീസർ വെള്ളായണി അനശ്വരയിൽ താമസം കെ. ബാലഗോപാൽ , കോർപ്പറേഷൻ ബിൽഡിങ് ഇൻസ്‌പെക്ടർ പാറശ്ശാല കരാളി പനക്കലവിള വീട്ടിൽ എസ്. രാജു , സി. പി. എം. നേതാവും കോർപ്പറേഷൻ മുൻ മേയറുമായ പേരൂർക്കട ഇന്ദിര നഗർ അഞ്ജലിയിൽ താമസം പ്രൊഫസർ. ജെ. ചന്ദ്ര , നഗര വികസന അഥോറിറ്റി ( ട്രിഡ ) സെക്രട്ടറി കവഡിയാർ ഗോൾഫ് ലിങ്ക്‌സ് സ്‌കൈലൈൻ അപ്പാർട്ട്‌മെന്റിൽ വി.വി. കൃഷ്ണ രാജൻ , കോർപ്പറേഷൻ റീജണൽ ടൗൺ പ്ലാനർ പട്ടം മരപ്പാലം വിക്രമപുരം ഹിൽസിൽ എ. വിജയചന്ദ്രൻ , ഹീര കൺസ്ട്രക്ഷൻസ് കമ്പനി മാനേജിങ് ഡയറക്ടർ കവ'ിയാർ ഗോൾഫ് ലിങ്ക്‌സ് സിറ്റാഡലിൽ താമസം എ. ആർ ബാബു എന്ന അബ്ദുൾ റഷീദ് , എഞ്ചിനീയറും രജിസ്റ്റേഡ് ആർക്കിടെക്റ്റുമായ മരുതംകുഴി പി റ്റി പി അവന്യൂവിൽ പി. ശ്രീലത എന്നിവരാണ് ഹീരാ ഫ്‌ളാറ്റ് അഴിമതിക്കേസിലെ ഒന്നു മുതൽ ഒമ്പതു വരെയുള്ള പ്രതികൾ.

കവടിയാർ വില്ലേജിൽ സർവ്വേ നമ്പർ 3650/182/212 ലുള്ള 30 സെന്റ് വസ്തുവിൽ 14 നിലഫ്‌ളാറ്റ് സമുച്ചയം നിർമ്മാണത്തിന് ഹീര നിർമ്മാണ കമ്പനിയുടമ അബ്ദുൾ റഷീദ്(ഹീരാ ബാബു) തിരുവനന്തപുരം കോർപ്പറേഷനിൽ 2003 നവംബർ 28 ന് പെർമിറ്റപേക്ഷ നൽകി. 68.8% കവറേജിൽ 36.45 മീറ്റർ ഉയരത്തിലുള്ള 14 നിലക്കെട്ടിടം നിർമ്മിക്കാനായാണ് അപേക്ഷ നൽകിയത്. കെട്ടിട നിർമ്മാണ ചട്ടങ്ങളും ടൗൺ പ്ലാനിങ് സ്‌കീമും പാലിച്ചാണ് ബിൽഡിങ് പ്ലാൻ തയ്യാറാക്കിയതെന്ന രജിസ്റ്റേഡ് എഞ്ചിനീയറായ ഒമ്പതാം പ്രതി ശ്രീലതയുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം റഷീദ് ഹാജരാക്കി. നാലാം പ്രതി ബിൽഡിങ് ഇൻസ്‌പെക്ടർ രാജു സ്ഥലം പരിശോധിച്ച ശേഷം മാസ്റ്റർ പ്ലാൻ പ്രകാരം കെട്ടിട നിർമ്മാണത്തിന് ഉദ്ദേശിക്കുന്ന സൈറ്റ് റെസിഡൻഷ്യൽ സോണിൽ പെടുന്നതാകയാൽ റോഡ് വികസന കമ്മിറ്റിക്ക് മുന്നിൽ അപേക്ഷ വയ്ക്കാവുന്നതാണെന്നും ശുപാർശ ചെയ്തു.

എന്നാൽ നിർദിഷ്ട സൈറ്റ് 1986 ജൂലൈ 8 ന് നിലവിൽ വന്ന ഗവ. ഓർഡർ ( എം.എസ് ) നമ്പർ.128/86/എൽ എ ഡി ഉത്തരവ് പ്രകാരം മ്യൂസിയം - കവടിയാർ അവന്യൂ ഡി റ്റി പി ( ഡീറ്റെയ്ൽഡ് ടൗൺ പ്ലാനിങ് ) സ്‌കീം ചട്ടം ബാധകമാണെന്ന വസ്തുത രാജു ശുപാർശയിൽ മറച്ചു വച്ചു. സർവ്വേ 3650 ൽ പെടുന്ന നിർദ്ദിഷ്ട സൈറ്റിൽ ഡി റ്റി പി സ്‌കീം സോണൽ റെഗുലേഷൻസ് പ്രകാരം 7.5 മീറ്റർ (രണ്ടു നില) ഉയരത്തിന് മുകളിൽ നിർമ്മാണം പാടില്ല. കെട്ടിടത്തിന്റെ കവറേജ് പ്ലോട്ട് ഏരിയയുടെ പരമാവധി 30 % കവിയാൻ പാടില്ല. കൂടാതെ സർവ്വേ നമ്പർ 3650 റെസിഡൻഷ്യൽ സോണിൽ പെടുന്നതിനാൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിട നിർമ്മാണത്തിനും നിയമപരമായ വിലക്കുണ്ട്. എന്നാൽ റഷീദ് അപേക്ഷയിൽ ആവശ്യപ്പെട്ടത് 68.8 % കവറേജിൽ 36.45 മീറ്റർ ഉയരത്തിലുള്ള 14 നില ഫ്‌ളാറ്റ് സമുച്ചയത്തിനും ഒരു ഭാഗം വാണിജ്യ ആവശ്യത്തിനുമാണ്. എന്നാൽ ഡി റ്റി പി സ്‌കീം ചട്ടങ്ങൾ ലംഘിച്ച റഷീദിന്റെ അപേക്ഷ , പ്രതികൾ റഷീദുമായി ഗൂഢാലോചന നടത്തി , ചട്ട ലംഘനം മറച്ചു വെച്ച് ടെക്‌നിക്കൽ നോട്ടെഴുതി പെർമിറ്റ് നൽകാനായി റോഡ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി മുമ്പാകെ വച്ചു.

കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് റൂൾസ് ( കെ.എം ബി.ആർ ) പ്രകാരം റോഡ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി മീറ്റിംഗിൽ തീരുമാനമെടുക്കാൻ വേണ്ട ചുരുക്കം അംഗങ്ങളുടെ മാൻഡേറ്ററി കോറം കൺവീനറും ചെയർമാനും ഉൾപ്പെടെ മൂന്നു പേരാണ്. എന്നാൽ 2004 ഏപ്രിൽ 15 ന് റഷീദിന് ബിൽഡിങ് പെർമിറ്റ് നൽകിയത് മേയർ ചന്ദ്ര നേതൃത്വം നൽകിയ കോറം തികയാത്ത നിയമവിരുദ്ധ കമ്മിറ്റി മീറ്റിംഗിലാണ്. എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് അഴിമതി പെർമിറ്റ് നൽകിയത്.

അഴിമതി പെർമിറ്റിലൂടെ നിർമ്മിച്ച അംബരചുംബിയായ ഫ്‌ളാറ്റ് സമുച്ചയം റഷീദ് വിറ്റഴിച്ചത് എ ടൈപ്പ് ഫ്‌ളാറ്റ് (45 50 ലക്ഷം രൂപ ) , ബി ടൈപ്പ് ( 40 ലക്ഷം ) , സി ടൈപ്പ് ( 45 50 ലക്ഷം ) , പെന്റ് ഹൗസസ് (75 80 ലക്ഷം ) എന്നീ നാലു വിഭാഗം ഫ്‌ളാറ്റുകളായാണ്. മൊത്തം 12 കോടി 30 ലക്ഷം രൂപക്കാണ് ഫ്‌ളാറ്റുകൾ വിറ്റത്. കെട്ടിട നിർമ്മാണത്തിന് ചെലവായത് 3,29,40,660 രൂപ. അപ്രകാരം പ്രതികൾ ചട്ടങ്ങൾ കാറ്റിൽ പറത്തി അഴിമതിയിലൂടെ റഷീദിന് 9,00,59,340 രൂപയുടെ അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകിയെന്നാണ് വിജിലൻസ് കേസ്.

റിട്ടയേർഡ് ഡി വൈ എസ് പി കോട്ടക്കകം പത്മാ നഗർ നിവാസിയും തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റുമായ എം. കൃഷ്ണൻ നായരുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി 2010 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി റെജി ജേക്കബ്ബാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നഗരസഭയിൽ നിന്നും ട്രിഡയിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി. ശേഖരിച്ച തെളിവുകൾ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായതാണെന്ന് ലീഗൽ അഡൈ്വസർ നിയമോപദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തോടും കണ്ടെത്തലുകളോടും വിജിലൻസ് എസ്. പിയും ഡയറക്ടറും യോജിച്ചു. തുടർന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി തേടി

പ്രതികളുടെ നിയമന അധികാരിയായ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അനുമതി അപേക്ഷ സമർപ്പിച്ചു. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം വിജിലൻസ് കേസ് വേണ്ടെന്നും വകുപ്പുതല നടപടിയും ( ജയിൽ ശിക്ഷ വരാത്ത ) ട്രിബ്യൂണൽ എൻക്വയറി മതിയെന്നും ഉത്തരവിട്ട് ഫയൽ വിജിലൻസ് വകുപ്പ് സെക്രട്ടറി മുഖേന വിജിലൻസിന് മടക്കി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ കേസ് എഴുതിത്ത്ത്ത്തള്ളാൻ അനുമതി തേടി റഫർ ചാർജ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഗൗരവമേറിയ കുറ്റകൃത്യം നടന്ന കേസിൽ മതിയായ തെളിവുകളും ഉദ്യോഗസ്ഥ-ഭരണ ലോബി വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയതുമായ സാഹചര്യത്തിൽ ട്രിബ്യൂണൽ എൻക്വയറി ശുപാർശയടങ്ങുന്ന റെഫർ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. പ്രോസിക്യൂഷൻ അനുമതിക്കായി എല്ലാ കേസ് റെക്കോർഡുകളും പ്രോസിക്യൂഷൻ അനുമതി നൽകേണ്ട അഥോറിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ വിജിലൻസിനോട് ഉത്തരവിട്ടു. തുടർന്ന് വകുപ്പ് സെക്രട്ടറി പ്രോസിക്യൂഷൻ അനുമതി നൽകി. കോടതി ഇടപെടൽ ഒന്നു കൊണ്ടു മാത്രമാണ് കോടികളുടെ വൻ അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനിടയായത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 ( 2 ), 13 ( 1 ) ( ഡി ) ( പൊതു സേവകർ തങ്ങളുടെ ഔദ്യോകിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാൽപര്യവുമില്ലാതെ മൂന്നാം കക്ഷിയെ അഴിമതിയിലൂടെയും നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയും സഹായിച്ച് മൂന്നാം കക്ഷിക്ക് വിലപ്പെട്ട കാര്യസാദ്ധ്യവും സാമ്പത്തിക നേട്ടവും ഉണ്ടാക്കി നൽകൽ ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 120- ബി ( ക്രിമിനൽ ഗൂഢാലോചന ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. 2014 ജൂൺ 30 നാണ് വിജിലൻസ് സതേൺ റെയ്ഞ്ച് ഡി വൈ എസ് പി എ. അശോകൻ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP