Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്‌നാഥിന്റെ യാത്ര ഇല്ലെന്ന് അറിയിച്ചതോടെ മാധ്യമ താൽപ്പര്യം കുറഞ്ഞു; സൈനികരെ അണിനിരത്തിയത് സംയുക്തസേനാ മേധാവിയുടെ വരവെന്ന കള്ളം നിറച്ച്; നിമുവിലേക്കുള്ള മോദിയുടെ യാത്രയിൽ നിറയുന്നത് രഹസ്യാത്മക ഓപ്പറേഷനുള്ള ഇന്ത്യൻ കരുത്ത്; ശൗര്യം, ആദരം, മര്യാദ, വിശ്വാസ്യത എന്നീ 4 ഗുണങ്ങളെക്കുറിച്ച് പറഞ്ഞ് ചൈനയ്ക്ക് നൽകിയത് ശക്തമായ താക്കീതും; അതിർത്തിയിൽ കൂടുതൽ സൈന്യം; പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ നിറയുന്നത് യുദ്ധത്തിനും മടിയില്ലെന്ന സന്ദേശം

രാജ്‌നാഥിന്റെ യാത്ര ഇല്ലെന്ന് അറിയിച്ചതോടെ മാധ്യമ താൽപ്പര്യം കുറഞ്ഞു; സൈനികരെ അണിനിരത്തിയത് സംയുക്തസേനാ മേധാവിയുടെ വരവെന്ന കള്ളം നിറച്ച്; നിമുവിലേക്കുള്ള മോദിയുടെ യാത്രയിൽ നിറയുന്നത് രഹസ്യാത്മക ഓപ്പറേഷനുള്ള ഇന്ത്യൻ കരുത്ത്; ശൗര്യം, ആദരം, മര്യാദ, വിശ്വാസ്യത എന്നീ 4 ഗുണങ്ങളെക്കുറിച്ച് പറഞ്ഞ് ചൈനയ്ക്ക് നൽകിയത് ശക്തമായ താക്കീതും; അതിർത്തിയിൽ കൂടുതൽ സൈന്യം; പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ നിറയുന്നത് യുദ്ധത്തിനും മടിയില്ലെന്ന സന്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ലഡാക്ക്: ഇന്ത്യൻ മേഖലയിൽ കണ്ണുവെച്ചവർക്ക് ഗാൽവനിൽ സൈന്യം ഉചിതമായ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുമ്പോൾ അതുകൊള്ളുന്നത് ചൈനയ്ക്ക് മാത്രം. അന്താരാഷ്ട്ര സമൂഹവും ഈ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഗാൽവൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈച്ച പോലും അറിയാതെയായിരുന്നു മോദിയുടെ അതിർത്തിയിലേക്കുള്ള സന്ദർശനം. വളരെ വികാരപരമായാണ് സൈനികരോട് മോദി സംസാരിച്ചത്. വേണ്ടി വന്നാൽ യുദ്ധം എന്ന സന്ദേശം തന്നെയാണ് ചൈനയ്ക്ക് മോദി നൽകിയതും.

അതിനിടെ അതിർത്തി വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നത് തുടരുകയാണ്. അതിർത്തിയിൽ ഇന്ത്യൻ മേഖലയിൽ ചൈന വ്യാപക കടന്നുകയറ്റം നടത്തിയെന്നു ലഡാക്ക് നിവാസികൾ പറയുന്ന വിഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ച് രാഹുൽ ഗാന്ധി. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ 8 കിലോമീറ്ററും ഗൽവാനിൽ 4 കിലോമീറ്ററും വരെ ചൈനീസ് സേന കടന്നുകയറിയെന്നു പ്രദേശവാസികൾ പറയുന്ന വിഡിയോ പങ്കുവച്ച് രാഹുൽ ഇങ്ങനെ കുറിച്ചു 'കടന്നുകയറ്റമുണ്ടായെന്നു ലഡാക്ക് നിവാസികൾ പറയുന്നു; ഉണ്ടായിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതിൽ ആരോ ഒരാൾ കള്ളം പറയുകയാണ്'. ലഡാക്കിലേക്കു മോദി സന്ദർശനം നടത്തിയതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രതിരോധ മന്ത്രാലയ, ഉന്നത സേനാ നേതൃത്വങ്ങളെ മാത്രമറിയിച്ചായിരുന്നു ലഡാക്കിലേക്കുള്ള മോദിയുടെ യാത്ര. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പോകുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് പകരം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പോകുമെന്നുമാണ് വ്യാഴാഴ്ച അറിയിപ്പെത്തിയത്. ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 9.30നു ലേയിലെത്തിയ മോദി അവിടെനിന്ന് ഹെലികോപ്റ്ററിൽ നീമുവിലെ എട്ടാം സേനാ ഡിവിഷൻ ആസ്ഥാനത്തെത്തിയപ്പോഴാണ് എല്ലാം പുറം ലോകം അറിഞ്ഞത്. ഉച്ച കഴിഞ്ഞാണ് ലേയിലെ സേനാ ആശുപത്രിയിലെത്തിയത്. ഇന്ത്യൻ സേന ചൈനയ്ക്കു ചുട്ട മറുപടി നൽകിയതായി ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവിടെ കഴിയുന്ന സൈനികരോട് അദ്ദേഹം പറഞ്ഞു. 3 മണിയോടെ മോദി ഡൽഹിയിലേക്കു മടങ്ങി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച ലഡാക്ക് സന്ദർശിക്കും എന്ന വാർത്ത വരുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നു. എസ്‌പിജി സംഘം ലേയിലും നിമുവിലും ലഡാക്കിലും എത്തിയിരുന്നു. പിന്നീട് രാജ്‌നാഥ് സിങ് യാത്ര റദ്ദാക്കി എന്ന് പ്രചരിപ്പിച്ചതോടെ മാധ്യമശ്രദ്ധ കുറഞ്ഞു. മോദിയുടെ വരവ് രണ്ടു മാസമായി ലേയിൽ തമ്പടിച്ച മാധ്യമപ്രവർത്തകരും വിവരമറിഞ്ഞില്ല. നിമുവിൽ രാവിലെ അണിനിരക്കാൻ നിർദ്ദേശം ലഭിച്ച സൈനികരോടും പറഞ്ഞിരുന്നത് ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയും വരുന്നു എന്നു മാത്രമാണ്.

ബിജെപി ഇങ്ങനെ പലതും രഹസ്യമായി ചെയ്തിട്ടുണ്ട് 1998 മെയ്‌ 11ന് രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ ആണവ പരീക്ഷണവും 2016 നവംബർ എട്ടിനു നടപ്പാക്കിയ നോട്ട് നിരോധനവും മറ്റു പല രാഷ്ട്രീയതീരുമാനങ്ങളും നടപ്പിലാകും വരെ രാജ്യം അറിഞ്ഞില്ല. അതിന് സമാനമാണ് ഇതും. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഉച്ചയ്ക്ക് 3.45-ന് റേസ് കോഴ്‌സ് റോഡിലെ വസതിയിൽ പ്രഖ്യാപനം നടത്തിയപ്പോഴാണ് ഇന്ത്യയുടെ ആണവ പരീക്ഷണത്തെക്കുറിച്ചു ലോകം അറിഞ്ഞത്. ദിവസങ്ങളോളം ശാസ്ത്രജ്ഞരുടെ വലിയ സംഘം പൊഖ്‌റാനിൽ തങ്ങിയിട്ടും വിവരം പുറംലോകമറിയാതെ സൂക്ഷിക്കാൻ സർക്കാരിനു കഴിഞ്ഞു. 2016 നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു സംസാരിക്കുമ്പോൾ മാത്രമാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പുറത്തറിഞ്ഞത്.

ലേയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് 14 സേനാ കോറിനു കീഴിലുള്ള എട്ടാം ഡിവിഷൻ സ്ഥിതി ചെയ്യുന്ന നീമു. പാംഗോങ്, ഗൽവാൻ എന്നിവിടങ്ങളിലേക്ക് ഇവിടെനിന്നുള്ള ദൂരം 250 കിലോമീറ്റർ. 1999ൽ കാർഗിൽ യുദ്ധവേളയിൽ ഇന്ത്യയുടെ സേനാ നീക്കങ്ങളുടെ സിരാകേന്ദ്രങ്ങളിലൊന്നായിരുന്നു നീമു. സംസ്‌കാർ മലനിരകൾ അതിരിടുന്ന നീമു, സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലാണ്. ലഡാക്കിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെയാണ് മോദി അപ്രതീക്ഷിത സന്ദർശനത്തിന് എത്തിയത്. ഇവിടെ സൈനികരെ അഭിസംബോധന ചെയ്ത മോദി, ഉച്ച കഴിഞ്ഞാണ് ലേയിലെ സേനാ ആശുപത്രിയിലെത്തിയത്. ഇന്ത്യൻ സേന ചൈനയ്ക്കു ചുട്ട മറുപടി നൽകിയതായി ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവിടെ കഴിയുന്ന സൈനികരോട് അദ്ദേഹം പറഞ്ഞു. 3 മണിയോടെ മോദി ഡൽഹിയിലേക്കു മടങ്ങി.

അതിർത്തിയിൽ യുദ്ധ സമാന സാഹചര്യം

മോദിയുടെ സന്ദർശനത്തിനു പിന്നാലെ അതിർത്തിയിലുടനീളം സുരക്ഷ ശക്തമാക്കി. ലഡാക്കിലെ സേനാ താവളത്തിൽ മോദി നടത്തിയ പരാമർശങ്ങൾ പ്രകോപനപരമാണെന്നു വാദിച്ച് അതിർത്തിയിൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ചൈന ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഗൽവാൻ, ഹോട്‌സ്പ്രിങ്‌സ് എന്നിവയടക്കം നാലിടങ്ങളിൽ നിന്നു ചൈനീസ് സേന ഏതാനും വാഹനങ്ങൾ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇതും കൂടുതൽ മുന്നോട്ട് വരാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് സൈന്യം കരുതുന്നു.

ചൈനയെ ഒരുതരത്തിലും വിശ്വസിക്കാനാവില്ലെന്നും ഗണ്യമായ രീതിയിൽ സേനാ പിന്മാറ്റം നടത്തിയാൽ മാത്രമേ സംഘർഷം പരിഹരിക്കാനുള്ള വഴി തെളിയുകയുള്ളൂവെന്നും സേനാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. മിസൈലുകൾ, ടാങ്കുകൾ എന്നിവയടക്കമുള്ള സന്നാഹങ്ങൾ ഇരു ഭാഗത്തും തുടരുന്നുണ്ട്. പാംഗോങ്ങിൽ നാലാം മലനിരയിൽ നിന്നു പിന്മാറാതെ ചൈന നിലയുറപ്പിച്ചിരിക്കുകയാണ്. അതിനിടെ ഭൂവിസ്തൃതി വർധിപ്പിക്കാൻ ശ്രമിക്കുന്നവരാണു ചൈനയെന്ന പരാമർശം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പ്രതികരിച്ചു. 14 അയൽരാജ്യങ്ങളിൽ 12 എണ്ണവുമായി ചൈന അതിർത്തി നിശ്ചയിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളുമായി ചൈനയ്ക്കുള്ള തർക്കങ്ങളെ ഊതിപ്പെരുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശത്തിലൂടെ ഭൂവിസ്തൃതി കൂട്ടാനുള്ള ശ്രമങ്ങൾ മാനവികതയ്ക്കും ലോകസമാധാനത്തിനും ഭീഷണിയാണെന്നെന്നും അങ്ങനെ ചെയ്തവരെല്ലാം തകർന്നുവീണ ചരിത്രമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തീർത്തും അപ്രതീക്ഷിതമായി ലഡാക്കിലെ അതിർത്തി മേഖലയിലേക്കു പ്രധാനമന്ത്രി നടത്തിയ സന്ദർശനം ചൈനയ്ക്കുള്ള വ്യക്തമായ മറുപടിയായി.

ശൗര്യം, ആദരം, മര്യാദ, വിശ്വാസ്യത

അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു; വികസനത്തിന്റെ യുഗമാണിത്. ദുർബലർക്കു സമാധാനം ഉറപ്പാക്കാനാവില്ല; അതിനു കരുത്ത് അനിവാര്യമാണ്. പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണനോടു പ്രാർത്ഥിക്കുകയും സുദർശനചക്രം വഹിക്കുന്ന കൃഷ്ണനെ ആരാധിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യ. നമ്മുടെ ശക്തിയെന്താണെന്നു ഗൽവാനിലെ സൈനികർ ലോകത്തിനു കാട്ടിക്കൊടുത്തു. തമിഴ് മഹാകവി തിരുവള്ളുവരുടെ വരികൾ ഉദ്ധരിച്ച് ശൗര്യം, ആദരം, മര്യാദ, വിശ്വാസ്യത എന്നീ 4 ഗുണങ്ങളെക്കുറിച്ച് പറഞ്ഞ മോദി, അവയെല്ലാം ചേർന്നതാണ് ഇന്ത്യൻ സൈനികനെന്നു ചൂണ്ടിക്കാട്ടി.

''ഹിമാലയത്തോളം ഉറപ്പും ദൃഢനിശ്ചയവുമുള്ളവരാണു നിങ്ങൾ. ലഡാക്ക് ഇന്ത്യയുടെ ശിരസ്സാണ്. ലേ മുതൽ സിയാച്ചിൻ വരെയും റെസങ് ലാ മുതൽ ഗൽവാൻ നദി വരെയും നിങ്ങളുടെ ധീരതയ്ക്കു സാക്ഷ്യം വഹിക്കുന്നു. നിങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ട്, സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആത്മനിർഭര യജ്ഞം രാജ്യം യാഥാർഥ്യമാക്കും'' - മോദി സൈനികരോടു പറഞ്ഞു.

നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കൾ വെറുതെയല്ല ജീവൻ ത്യജിച്ചത്, അവരുടെ ധീരതയും അവർ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളെയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കും. നിങ്ങൾ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നൽകിയത്. ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരർ ആരാണെന്നും അവർക്കുലഭിച്ച പരിശീലനം എന്താണെന്നം അവരുടെ ത്യാഗമെന്താണെന്നും അറിയാൻ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണ്. നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊർജവും കൊണ്ടാണ് താൻ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാൻസാധിക്കുന്നത്. നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങൾക്ക് ജന്മംനൽകിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP