Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജി വെച്ചൊഴിയാൻ ഒലിക്ക് കർശന നിർദ്ദേശം നൽകി പാർട്ടി; അധികാരം നഷ്ടമാവാതിരിക്കാൻ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ച് ഒലിയും; ചൈനയ്ക്ക് വിടു പണി ചെയ്യാൻ ഇന്ത്യയെ ഒറ്റിയ നേപ്പാൾ പ്രധാനമന്ത്രി സ്വന്തം രാജ്യത്ത് ഒറ്റപ്പെടുന്നു: നിലനിൽപ്പിനായി ജനാധിപത്യത്തെ അട്ടി മറിക്കാൻ തുനിഞ്ഞ് നേതാവ്

രാജി വെച്ചൊഴിയാൻ ഒലിക്ക് കർശന നിർദ്ദേശം നൽകി പാർട്ടി; അധികാരം നഷ്ടമാവാതിരിക്കാൻ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ച് ഒലിയും; ചൈനയ്ക്ക് വിടു പണി ചെയ്യാൻ ഇന്ത്യയെ ഒറ്റിയ നേപ്പാൾ പ്രധാനമന്ത്രി സ്വന്തം രാജ്യത്ത് ഒറ്റപ്പെടുന്നു: നിലനിൽപ്പിനായി ജനാധിപത്യത്തെ അട്ടി മറിക്കാൻ തുനിഞ്ഞ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കഠ്മണ്ഡു: ഭൂപടം മാറ്റി വരച്ച നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ തലവര മാറുമോ? സ്വന്തം പാർട്ടിയിൽ നിന്നു പോലും എതിർപ്പുകൾ ശക്തമായതോടെ അധികാരം നിലനിർത്താൻ അദ്ദേഹം പെടാപ്പാട് പെടുകയാണ്. രാജി വെച്ചൊഴിയാൻ ഒലിക്ക് പാർട്ടി കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ അധികാരം നഷ്ടമാവാതിരിക്കാൻ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ച് ഒലി ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്തിരിക്കുകയാണ്. നിലനിൽപ്പിനായി ജനാധിപത്യത്തെ തന്നെ അട്ടി മറിക്കാൻ തുനിഞ്ഞിരിക്കുകയാണ് ഒലി.

പാർട്ടിയിൽ നിന്നും രാജി വയ്ക്കാനുള്‌ല നിർദ്ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് ഇദ്ദേഹം പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചത്. സഭാ അധ്യക്ഷന്മാരോടു പോലും ചർച്ച ചെയ്യാതെയാണ് ഒലി ഇരു സഭകളും നിർത്തിവെച്ചത്. ഒലിയുടെ ഈ തീരുമാനം വൻ വിമർശനങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഇതോടെ സ്വന്തം പാർട്ടിക്കകത്ത് മാത്രമല്ല പുറത്തും ഒലി വികാരം കത്തി പടരാൻ സഹായകമാവുകയാണ്. ഇന്ത്യയ്‌ക്കെതിരായ നിലപാടെടുക്കുകയും ചൈനയ്ക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്തതാണ് ഒലിക്ക് പണിയായത്.

അതേസമയം, ഒലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് സെഷൻ നിർത്തിവയ്ക്കാനുള്ള ഒലിയുടെ നിർദേശത്തെ ചോദ്യം ചെയ്തായിരുന്നു ഇത്. ഭണ്ഡാരിയുമായി പ്രചണ്ഡ നടത്തിയ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി പദത്തിൽ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒലി പാർലമെന്റ് സഭകൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതെന്നാണു സൂചന.

ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്നതും ചൈനയ്ക്ക് അനുകൂലമായി ഏകപക്ഷീയ നിലപാടെടുക്കുന്നതുമാണ് ഒലിയോട് പാർട്ടി രാജി ആവശ്യപ്പെട്ടതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരായ ഒലിയുടെ പരാമർശങ്ങൾ രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി അനുയോജ്യമോ അല്ലെന്ന് പ്രചണ്ഡ പറയുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതായി ഒലി ആരോപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഒലിക്കെതിരെ വിമർശനമുയർന്നിരുന്നു. അധികാരത്തിൽ തുടരാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് മോഡലുകൾ അനുകരിക്കുകയാണ് ഒലിയെന്നും വിമർശനമുണ്ടായി. അത്തരം ശ്രമങ്ങൾ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞിരുന്നു.

സഖ്യസർക്കാരിന് മാവോയിസ്റ്റുകൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2016 ജൂലൈയിൽ ഒലി സർക്കാർ രാജിവച്ചിരുന്നു. സർക്കാരിന്റെ മോശം പ്രവർത്തനവും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ഏപ്രിൽ ആദ്യം പാർട്ടിതന്നെ ഒലിയിൽനിന്ന് രാജി ആവശ്യപ്പെട്ടു. എന്നാൽ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ശ്രമം.

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യൻ ഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടം പരിഷ്‌കരിച്ചാണ് ഒലി നേപ്പാളിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനം തുടങ്ങിയത്. അതേസമയം, തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ ഇന്ത്യയാണെന്നു പ്രധാനമന്ത്രി ഒലി ആരോപിച്ചു. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് മദൻ ഭണ്ഡാരിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചു കഠ്മണ്ഡുവിൽ നടന്ന യോഗത്തിലായിരുന്നു ഒലിയുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP