Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടൽക്കൊലക്കേസിൽ കേന്ദ്രസർക്കാരിന്റേത് കുറ്റകരമായ വീഴ്ച; കൊലയാളികളായ നാവികർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയം; നഷ്ടപരിഹാരത്തിൽ ഒതുങ്ങിയ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി

കടൽക്കൊലക്കേസിൽ കേന്ദ്രസർക്കാരിന്റേത് കുറ്റകരമായ വീഴ്ച; കൊലയാളികളായ നാവികർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയം; നഷ്ടപരിഹാരത്തിൽ ഒതുങ്ങിയ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നകേസിൽ അന്താരാഷ്ട്ര കോടതി മുമ്പാകെ യുഡിഎഫ് സർക്കാർ രജിസ്റ്റർ ചെയ്ത കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിൽ കേന്ദ്രസർക്കാർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊലയാളികളായ നാവികരെ എല്ലാ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്റെ ഗുരുതരമായ ഒത്തുകളിയും അനാസ്ഥയും ഉപയോഗപ്പെടുത്തിയാണ് കടൽക്കൊല കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് (യുഎൻസിഎൽഒഎസ്) ന്റെ പരിരക്ഷ ഉണ്ടെന്ന ഇറ്റലിയുടെ വാദം പൂർണമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിക്കേറ്റ പ്രഹരം കൂടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

നേരത്തെ കൊലക്കേസ് ഒഴിവാക്കാൻ യുപിഎ, യുഡിഎഫ് സർക്കാരുകളിൽ വൻസമ്മർദം ചെലുത്തപ്പെട്ടെങ്കിലും ഫലിക്കാതെ പോകുകയായിരുന്നു. പ്രതികൾക്ക് അനുകൂലമായി തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മറ്റും ഗൂഢാലോചന നടത്തുന്നതായി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചു. കടൽക്കൊല കേസിൽ എല്ലാ നിയമവിരുദ്ധ നടപടികൾക്കുമെതിരേ കേസ് എടുക്കാൻ ഇന്ത്യയ്ക്ക് അധികാരവും അവകാശവും ഉണ്ടെന്ന സുപ്രീംകോടതി വിധി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അന്നെടുത്ത നടപടിക്ക് ലഭിച്ച പൂർണ അംഗീകാരം ആയിരുന്നു. ഇന്ത്യയിൽ തന്നെ കേസ് നടത്തുവാനും പ്രതികൾ നേരിട്ടു ഹാജരാകാനുമുള്ള വിധി ഇറ്റാലിയൻ ഗവണ്മെന്റിന്റെ ഒരു സമ്മർദവും കേന്ദ്രസംസ്ഥാന സർക്കാരുകളെ സ്വാധീനിച്ചില്ല എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

നാവികർക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ചോദ്യം ചെയ്തുകൊണ്ട് ഇറ്റാലിയൻ സർക്കാരും പ്രതികളും ചേർന്ന് കേരള ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും വൻ തിരിച്ചടിയാണ് ഇറ്റലിക്ക് ഉണ്ടായത്. യുപിഎ സർക്കാർ ഒഴിഞ്ഞതിനെ തുടർന്നാണ് കടൽക്കൊല കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിയത്.

ഇന്ത്യൻ പാർലമെന്റ് പാസാക്കിയതും ഇന്ത്യയിൽ നിലവിലുള്ള പീനൽ കോഡ് ഉൾപ്പെടെയുള്ള നിയമങ്ങൾ ഉപയോഗിച്ചും ഇന്ത്യൻ സമുദ്രാതിരിർത്തിയിൽ നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ തടയാൻ കഴിയില്ലെന്ന തെറ്റായ സന്ദേശമാണ് ഈ വിധി നല്കുന്നത്. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ടെറിറ്റോറിയൽ വാട്ടേഴ്സ് കോണ്ടിനെന്റൽ ഷെൽഫ് ഇക്കണോമിക് സോൺ ആൻഡ് മാരിടൈം സോൺ ആക്ട് 1976 ന്റെ നിയമസാധുത പരിശോധിക്കാൻ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല.

ഇറ്റാലിയൻ കപ്പലായ എന്റിക ലക്സിയിലെ 2 നാവികരാണ് സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ അജീഷ് ബിങ്കി, വാലന്റൈൻ എന്നീ മത്സ്യത്തൊഴിലാളികളെ നീണ്ടകര തുറമുഖത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ തോട്ടപ്പള്ളി കടലിൽ വച്ച് 2012 ഫെബ്രുവരിയിൽ വെടിവച്ചുകൊന്നത്. തുടർന്നു യാത്ര ചെയ്ത കപ്പലിനെ കൊച്ചിയിൽ വിളിച്ചുവരുത്തി നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിന്റെയും അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്നു എകെ ആന്റണിയുടെയും പൂർണ പിന്തുണ ലഭിച്ചിരുന്നെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

രണ്ടു പാവെപ്പട്ട മത്സ്യത്തൊഴിലാളികളുടെ ജീവനു ഒരുവിലയും കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP