Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ ഷൂസിന്റെ മൊത്തവ്യപാരിയായ യാസിർ നാട്ടിൽ എത്തിയത് ലോക് ഡൗണിന് മുമ്പ്; പണിയെല്ലാം മുടങ്ങിയിരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു 'പണി'; ആരാണ് ഈ ടിക് ടോക് താരം എന്ന ആകാംക്ഷയിൽ ഇരുന്നവരോട് താൻ അത്ര താരമൊന്നുമല്ലെന്ന നാണം കലർന്ന മറുപടിയും; ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച തട്ടിപ്പ് സംഘവുമായി ഒരുബന്ധവുമില്ലെന്ന് കൊച്ചി പൊലീസിന് മൊഴി നൽകി യാസിർ; മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യും

ദുബായിൽ ഷൂസിന്റെ മൊത്തവ്യപാരിയായ യാസിർ നാട്ടിൽ എത്തിയത് ലോക് ഡൗണിന് മുമ്പ്; പണിയെല്ലാം മുടങ്ങിയിരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു 'പണി'; ആരാണ് ഈ ടിക് ടോക് താരം എന്ന ആകാംക്ഷയിൽ ഇരുന്നവരോട് താൻ അത്ര താരമൊന്നുമല്ലെന്ന നാണം കലർന്ന മറുപടിയും; ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച തട്ടിപ്പ് സംഘവുമായി ഒരുബന്ധവുമില്ലെന്ന് കൊച്ചി പൊലീസിന് മൊഴി നൽകി യാസിർ; മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യും

ആർ പീയൂഷ്

കൊച്ചി: നടി ഷംനാ കാസിമിനെ തട്ടിപ്പ് സംഘം വലയിൽ വീഴ്‌ത്താൻ ഉപയോഗിച്ച ടിക്ക് ടോക്ക് താരം യാസിറിനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. തനിക്ക് തട്ടിപ്പ് സംഘവുമായോ നടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് മൊഴി നൽകി. ടിക്ക് ടോക്കിൽ താരമൊന്നുമല്ലെന്നും ഇടയ്ക്ക് മാത്രമേ പോസ്റ്റുകൾ ഇട്ടിരുന്നുള്ളൂ എന്നും പൊലീസിനോട് പറഞ്ഞു. ദുബായിൽ ഷൂസിന്റെ മൊത്ത വ്യാപാരിയായ യാസിർ നാലുമാസം മുൻപാണ് കാസർകോട്ടെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

യാസിറിന്റെ ചിത്രമാണ് ഷംനയ്ക്ക് വിവാഹമാലോചിക്കാൻ പ്രതികൾ ഉപയോഗിച്ചത്. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് ഉയർന്ന് വന്നതുമുതൽ ടിക്ടോക്ക് താരത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അൻവർ എന്ന പേരിലാണ് യാസിറിന്റെ ചിത്രം ഷംനയെ കാണിച്ചത്. പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഈ ടിക്ക് ടോക്ക് താരം ആരാണെന്നുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. ഇന്ന് പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് യാസിറിനെപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്. ഷംനയ്ക്ക് പ്രതികൾ കാട്ടിക്കൊടുത്ത യാസിറിന്റെ ചിത്രവും ഇന്ന് പുറത്തുവന്നിരുന്നു.

അതേസമയം മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയെ ഉടൻ ചോദ്യം ചെയ്യും. വ്യാജ വരന്റെ ഉമ്മ സുഹറയായി അഭിനയിച്ച വാടാനപ്പള്ളികാരിയെയാണ് വിളിച്ചുവരുത്തുന്നത്. നടിയെ ഫോണിൽ വിളിച്ചു പരിചയപ്പെട്ട റഫീഖ് പെണ്ണുകാണാനായി ഷംനയുടെ വീട്ടിലേക്ക് അയച്ച സംഘത്തിൽ വരന്റെ ഉമ്മ സുഹറയായി അഭിനയിച്ചത് വാടാനപ്പള്ളികാരിയായ ഒരു വീട്ടമ്മയാണ്. ദുബായിലെ വലിയ വ്യവസായി ആണെന്ന് ഊന്നിപ്പറഞ്ഞാണ് വരനെ ഉമ്മ ഷംനയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. ഉമ്മയായി അഭിനയിച്ചത് മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യയാണെന്നാണു സൂചന. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യതയുണ്ട്. കസ്റ്റഡി കാലാവധി തീരുന്നതിനു മുൻപു തന്നെ കോടതിയിൽ ഹാജരാക്കിയ റഫീഖ് ഉൾപ്പെടെയുള്ള പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കോവിഡ് ഡിറ്റെൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അറസ്റ്റ് ചെയ്ത ഷമീലിനെ ചോദ്യം ചെയ്തതിൽ നിന്നു പെൺകുട്ടികൾക്കു നഷ്ടമായ സ്വർണത്തെകുറിച്ചു പൊലീസ് ഏകദേശം ധാരണയിൽ എത്തി. പെൺകുട്ടികളിൽനിന്ന് പ്രതികൾ തട്ടിയെടുത്ത സ്വർണം കണ്ടെത്താനും ശ്രമം തുടങ്ങി. പ്രതികൾ പെൺകുട്ടികളിൽ നിന്ന് തട്ടിയെടുത്ത പണം മുഴുവൻ ചെലവാക്കിയതായും പൊലീസ് പറയുന്നു. തട്ടിപ്പു സംഘം ചതിച്ച കൂടുതൽ പെൺകുട്ടികളുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഒളിവിലുള്ള ചില പ്രതികൾക്കായി പൊലീസ് കോയമ്പത്തൂർ അടക്കമുള്ള ഇടങ്ങളിൽ പരിശോധന നടത്തും.

കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിർമ്മാതാവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. വിവാഹത്തട്ടിപ്പു കേസിലെ പ്രതികൾ വീടു സന്ദർശിച്ചതിനു പിന്നാലെ ഈ നിർമ്മാതാവ് വീട്ടിലെത്തിയതായി ഷംനയുടെ മൊഴിയിലുമുണ്ട്. ഇദ്ദേഹം ഗൾഫിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതിനെ തുടർന്നാണ് എത്തിയത് എന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഈ സംഘത്തിനു വേണ്ടിയായിരിക്കാം ഷംനയുടെ വീട്ടിലെത്തിയതെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് ഐജി പറഞ്ഞു

നടിയുടെ നമ്പർ തട്ടിപ്പ് സംഘത്തിന്റെ കൈവശം എത്തിപ്പെട്ട സാഹചര്യത്തിൽ നടിമാരുടേതടക്കം ഫോൺ നമ്പർ ആർക്കും കൈമാറരുതെന്നു പ്രൊഡക്ഷൻ കൺട്രോളർമാരുടെ യൂണിയനോടു ഫെഫ്ക നിർദ്ദേശിച്ചു. താരസംഘടനയായ അമ്മയുടെ അഭ്യർത്ഥന പ്രകാരമാണു ഫെഫ്കയുടെ നടപടി. വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ഫെഫ്ക മുന്നറിയിപ്പു നൽകി. വിവാഹത്തട്ടിപ്പുകേസിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണു തട്ടിപ്പുകാർക്കു നമ്പർ കൈമാറിയതെന്ന വെളിപ്പെടുത്തലിനു പിന്നാലെ നടി ഷംന കാസിം ഇക്കാര്യത്തിലുള്ള ആശങ്ക താരസംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും ഫെഫ്കയും നടപടി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP