Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തുക മഹാമാരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമോ? കോവിഡ് വാക്സിൻ ഓ​ഗസ്റ്റ് 15ന് ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഐസിഎംആർ; ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും; വാക്സിൻ പരീക്ഷണത്തിന്റെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം; കൊറോണയെ തോൽപ്പിച്ച് വിശ്വ​വിജയിയാകാൻ ഭാരതം ഒരുങ്ങുന്നത് ഇങ്ങനെ

ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തുക മഹാമാരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമോ? കോവിഡ് വാക്സിൻ ഓ​ഗസ്റ്റ് 15ന് ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഐസിഎംആർ; ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും; വാക്സിൻ പരീക്ഷണത്തിന്റെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്രം; കൊറോണയെ തോൽപ്പിച്ച് വിശ്വ​വിജയിയാകാൻ ഭാരതം ഒരുങ്ങുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ വർഷം ഓ​ഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിൽ നിന്നും ജനതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമോ? അതിനുള്ള ശ്രമത്തിലാണ് ഐസിഎംആർ. കോവാക്സിൻ എന്ന പേരിൽ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനി വികസിപ്പിച്ച വാക്സിൻ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി ഓ​ഗസ്റ്റ് 15ന് ജനങ്ങളിലേക്ക് എത്തിക്കാനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആർ ധാരണയിലെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്സിൻ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ വച്ചാണ് ഐസിഎംആർ മുന്നോട്ടുപോകുന്നത്.

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ്‌ തങ്ങളെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്.

ഐസിഎംആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബൽറാം ഭാർഗവ് പറയുന്നു. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് ഇന്ത്യയുടെ മരുന്ന് വിപണി നിയന്ത്രിക്കുന്ന ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയതായി നിർമ്മാതാക്കളായ ഭാരത് ബയോടെക് ഇന്ത്യ (ബിബിഐഎൽ) വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ ഇന്ത്യയിലെമ്പാടും പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി നേരത്തേ വ്യക്തമാക്കിയതാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി (എൻഐവി) ചേർന്നാണ് ബിബിഐഎൽ കോവാക്‌സിൻ വികസിപ്പിച്ചത്. ഈ പങ്കാളിത്ത ഗവേഷണത്തിന്റെ ഭാഗമായി എൻഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയിൽ നിന്നും വൈറസിനെ വേർതിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തിൽ ബിബിഐഎല്ലിന് കൈമാറി. അവർ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബിൽ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിൻ നിർമ്മിക്കാൻ ശ്രമം ആരംഭിച്ചു.

“മനുഷ്യനിൽ ഈ വാക്‌സിൻ കുത്തിവച്ചാൽ അതിന് രോഗം പരാത്താനോ എണ്ണം വർദ്ധിപ്പിക്കാനോ കഴിയുകയില്ല. കാരണം, അതൊരു കൊല്ലപ്പെട്ട വൈറസാണ്. ജീവനില്ലാത്ത വൈറസ് രോഗ പ്രതിരോധ സംവിധാനത്തിൽ എത്തുമ്പോൾ ശരീരം ആന്റിബോഡി ഉൽപാദിപ്പിക്കും,” കമ്പനി പറയുന്നു. ജീവനില്ലാത്ത വൈറസിനെ കൊണ്ട് നിർമ്മിച്ച വാക്‌സിനുകൾക്ക് മികച്ച സുരക്ഷാ റെക്കോർഡുണ്ട്. ബിബിഐഎല്ലിന്റെ കോവാക്‌സിനെ പ്രീ-ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഗിനി പന്നികൾ, എലികൾ തുടങ്ങിയവയിലാണ് വാക്‌സിൻ പരീക്ഷിക്കുന്നത്. മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുവാദം തേടി ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷനെ സമീപിക്കുന്നതിന് മുമ്പായിരുന്നു മൃഗങ്ങളിൽ പരീക്ഷണം നടന്നത്.

നിലവിൽ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്.  സൈഡസ് കാഡില, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പനേഷ്യ ബയോടെക് എന്നിവയാണ് ഇന്ത്യയിൽ കോവിഡ്-19 വാക്‌സിൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ മാസം തുടക്കം മുതൽ പരീക്ഷണം ആരംഭിച്ച പനേഷ്യ ഇപ്പോഴും പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണ്. അതേസമയം, സൈഡസും സെറവും അവരുടെ പ്രീ-ക്ലിനിക്കൽ പഠനം പൂർത്തിയാക്കി മനുഷ്യനിൽ പരീക്ഷണം നടത്തുന്നതിന് ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി തേടിയിട്ടുണ്ടോയെന്നത് വ്യക്തമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP