Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെ രണ്ട് സെന്റ് സ്ഥലം ന​ഗരസഭയുടെ പേരിൽ എഴുതി വത്സൻ തില്ലങ്കേരിയുടെ പ്ര​ഗതി കോളജ്; ആർഎസ്എസ് നേതാവിന് വഴിവിട്ട സഹായം ചെയ്ത സിപിഎം നേതാവിന് പാർട്ടി താത്പര്യത്തിലുപരി കുടുംബ സ്നേഹമെന്ന് സഖാക്കൾ; ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകന്റെ നിലപാട് കണ്ണൂരിലെ സിപിഎമ്മിന് തലവേദനയാകുന്നു

സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെ രണ്ട് സെന്റ് സ്ഥലം ന​ഗരസഭയുടെ പേരിൽ എഴുതി വത്സൻ തില്ലങ്കേരിയുടെ പ്ര​ഗതി കോളജ്; ആർഎസ്എസ് നേതാവിന് വഴിവിട്ട സഹായം ചെയ്ത സിപിഎം നേതാവിന് പാർട്ടി താത്പര്യത്തിലുപരി കുടുംബ സ്നേഹമെന്ന് സഖാക്കൾ; ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകന്റെ നിലപാട് കണ്ണൂരിലെ സിപിഎമ്മിന് തലവേദനയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിലെ ഒരു വിഭാ​ഗം നേതാക്കൾ ആർഎസ്എസുമായി നിരന്തര ബന്ധം പുലർത്തുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. കണ്ണൂരിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി എംപി ഫണ്ട് വിനിയോ​ഗിക്കാൻ സിപിഎം നേതക്കൾ ഒത്താശ ചെയ്തതാണ് കണ്ണൂരിലെ സിപിഎമ്മിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് എംപി ഫണ്ട് ഉപയോ​ഗിക്കാൻ നിയമമില്ലെന്നിരിക്കെ, വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇരിട്ടി പ്ര​ഗതി കോളജിന് ശൗചാലയം നിർമ്മിക്കാൻ സുരേഷ് ​ഗോപിയുടെ എംപി ഫണ്ട് അനുവദിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് ഉപയോ​ഗിക്കാനാകില്ലെന്ന നിയമം മറികടക്കാൻ ശൗചാലയം നിർ‌മ്മിക്കാനുള്ള രണ്ട് സെന്റ് സ്ഥലം ന​ഗരസഭയുടെ പേരിൽ മാറ്റുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തത് ന​ഗര സഭാ ചെയർമാൻ ഉൾപ്പെടെയുള്ള ചില സിപിഎം നേതാക്കളാണ് എന്നത് പാർട്ടിക്കുള്ളിലും പുറത്തും വിവാദമായിരിക്കുകയാണ്.

പ്രഗതി കോളേജിന് ശൗചാലയം നിർമ്മിക്കാൻ സുരേഷ് ഗോപി എംപി.യുടെ ഫണ്ടിൽനിന്ന് 11,55,000 രൂപ അനുവദിച്ചിരുന്നു. പാരലൽ കോളേജായതിനാൽ നിയമപരമായി എംപി. ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ പ്രഗതി കോളേജ് ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരിൽ രണ്ടുസെന്റ് സ്ഥലം രജിസ്റ്റർചെയ്ത്‌ നൽകി. നഗരസഭയുടെ സ്ഥലത്ത് പണം അനുവദിക്കുന്നതിന് തടസ്സമില്ലെന്നു കണ്ടാണ് ഇങ്ങനെ ചെയ്തത്. പാർട്ടിയറിയാതെ ചെയർമാൻ ആർഎസ്എസ്. നേതാവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ പേരിലാണ് ഇങ്ങനെയൊരു ഭൂമികൈമാറ്റം നടന്നതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌.

വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന്‌ ലഭിച്ച എംപി. ഫണ്ട്‌ ഉപയോഗപ്പെടുത്താൻ സിപിഎം. ഭരിക്കുന്ന നഗരസഭ ഒത്താശചെയ്തുവെന്നാണ്‌ ആരോപണം. സംഭവം വിവാദമായതോടെ ഇരിട്ടി നഗരസഭാ ചെയർമാനും സിപിഎം. ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി.പി.അശോകനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയേറി. ഇരിട്ടി നഗരസഭാ ചെയർമാൻ പാർട്ടിയറിയാതെ ആർഎസ്എസ്. നേതാവിന്റെ സ്ഥാപനത്തിന് വഴിവിട്ട് സഹായംചെയ്തതായാണ്‌ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. കമ്മിറ്റിക്ക്‌ കീഴിലെ പ്രാദേശിക ഘടകം ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്‌ കത്തയച്ചു. നഗരസഭാ ചെയർമാനും കോളജ് ട്രസ്റ്റിന്റെ സാരഥിയായ ആർഎസ്എസ് നേതാവും ബന്ധുക്കളാണെന്നും കുടുംബ ബന്ധമാണു പാർട്ടിയെ മറികടന്നു തീരുമാനമെടുക്കാൻ ചെയർമാനെ പ്രേരിപ്പിച്ചതെന്നുമാണ് കത്തിലെ പ്രധാന ആക്ഷേപം. വിഷയം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്‌.

നഗരസഭാ സെക്രട്ടറിയുടെ പേരിൽ സ്ഥലം അനുവദിക്കുമ്പോൾ ചെയർമാൻ അറിയേണ്ടെന്നും തുടർ നടപടികൾക്കായി ഭരണസമിതിക്ക് മുമ്പാകെയെത്തിയപ്പോൾ എതിർത്തെന്നുമാണ് ചെയർമാന്റെ വിശദീകരണം. എന്നാൽ വിഷയം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ ചർച്ചയ്ക്കുവന്നില്ല. വിഷയം ചർച്ചചെയ്യാൻ ആറിനാണ് ഏരിയാ കമ്മിറ്റി യോഗം ചേരുന്നത്. അതിനിടെ പി.പി.അശോകൻ ചെയർമാൻസ്ഥാനത്തുനിന്നുള്ള രാജി പാർട്ടിനേതൃത്വത്തിന് കൈമാറിയെന്നും സൂചനയുണ്ട്‌. നഗരസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കഴിഞ്ഞ നാലരവർഷം പ്രതിസന്ധിയില്ലാതെ ഭരണം കൊണ്ടുപോകാൻ കഴിഞ്ഞത് അശോകന് പിടിവള്ളിയാണ്. ചെയർമാൻസ്ഥാനത്തുനിന്ന്‌ നീക്കിയില്ലെങ്കിലും പാർട്ടിതല അച്ചടക്കനടപടിയുണ്ടാകുമെന്നാണ് സൂചന.

അതിനിടെ യു.ഡി.എഫ്. വിഷയം ഏറ്റെടുത്ത് വിശദീകരണയോഗങ്ങൾക്ക്‌ തുടക്കമിട്ടിട്ടുണ്ട്‌. ആർ.എസ്.എസിന് രഹസ്യ സഹായം ചെയ്യുകയും പരസ്യമായി ജനങ്ങളെ പറ്റിക്കാൻ എതിർപ്പ് പറയുകയും ചെയ്ത് എല്ലാ തലത്തിലും സംഘപരിവാറിന് സംരക്ഷണം നൽകാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇരിട്ടി നഗരസഭാ ചെയർമാന്റെ വഴിവിട്ട നിയമവിരുദ്ധമായ സഹായങ്ങളെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറയുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ, ജനങ്ങളെ കബളിപ്പിക്കാൻ വ്യാജ ആർഎസ്എസ് വിരുദ്ധത പ്രകടിപ്പിക്കുന്ന സിപിഎമ്മിന്റെ പൊയ്മുഖമാണ് ഇരിട്ടി നഗരസഭയിലെ സിപിഎം നേതൃത്വവും ആർഎസ്എസ് നേതൃത്വവും തമ്മിലുള്ള വഴിവിട്ട നീക്കങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ അഴിഞ്ഞുവീണതെന്നും അദ്ദേഹം പറഞ്ഞു.

ഇരിട്ടി നഗരസഭയിലെ സിപിഎമ്മിന്റെ ആർഎസ്എസ് പ്രേമം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നപ്പോൾ ബിജെപി സഹായം കിട്ടിയതുകൊണ്ട് മാത്രമാണ് നിലവിലുള്ള ഭരണസമിതി തുടർന്ന് പോകുന്നത്. സിപിഎമ്മിന്റെ സംഘടനാ രീതിയിൽ ജില്ലാ നേതാക്കൾ ഉൾപ്പെട്ട സമിതിയാണ് ഭരണസമിതിയുടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നഗരസഭയുടെ ഭരണ സമിതി യോഗത്തിൽ അംഗീകാരം തേടാതെ രഹസ്യമായി പൊതു പണം സ്വകാര്യ ട്രസ്റ്റിന് ഉപയോഗിക്കാൻ സഹായം ചെയ്ത രഹസ്യ ബന്ധം ജനങ്ങളോട് തുറന്നുപറയാൻ രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ സിപിഎം തയ്യാറാകേണ്ടതാണ്.

ജില്ലയിലെ സിപിഎമ്മിലെ ഒരു വിഭാഗം സംഘപരിവാറിന്റെ ബി ടീം ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും സ്വകാര്യ സ്ഥാപനത്തെ സഹായിക്കുന്നതിനു വേണ്ടി നഗരസഭാ ഭരണസമിതിയെ ഇരുട്ടിൽ നിർത്തി സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഭരണം നടത്തുന്ന നഗരസഭാ ഭരണസമിതി ചെയർമാൻ രാഷ്ടീയ മാന്യതയുണ്ടെങ്കിൽ സ്ഥാനം രാജിവച്ച് പോകണമെന്നും സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി ഭരണം നടത്തി മുന്നോട്ടുപോകുന്ന മുൻസിപ്പൽ ചെയർമാനെതിരെ നടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ എന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP