Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാംഗ്ലൂരിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞപ്പോൾ ഭർത്താവ് കൂട്ടിക്കൊണ്ട് വിട്ടത് ഭാര്യ വീടിന്റെ അടഞ്ഞു കിടന്ന മുറ്റത്ത്; യുവതിയേയും രണ്ട് കുഞ്ഞുങ്ങളേയും വഴിയിൽ നിർത്തി ഭർത്താവ് മുങ്ങി; മകൾ എത്തുമെന്നറിഞ്ഞ് അമ്മയും സഹോദരനും അതിനും മുന്നേ സ്ഥലം വിട്ടു; ഉറ്റവരോടൊപ്പം കഴിയാൻ മക്കളുമായി എത്തിയ ബാംഗ്ലൂരിലെ നഴ്‌സിന് സംഭവിച്ചത്

ബാംഗ്ലൂരിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞപ്പോൾ ഭർത്താവ് കൂട്ടിക്കൊണ്ട് വിട്ടത് ഭാര്യ വീടിന്റെ അടഞ്ഞു കിടന്ന മുറ്റത്ത്; യുവതിയേയും രണ്ട് കുഞ്ഞുങ്ങളേയും വഴിയിൽ നിർത്തി ഭർത്താവ് മുങ്ങി; മകൾ എത്തുമെന്നറിഞ്ഞ് അമ്മയും സഹോദരനും അതിനും മുന്നേ സ്ഥലം വിട്ടു; ഉറ്റവരോടൊപ്പം കഴിയാൻ മക്കളുമായി എത്തിയ ബാംഗ്ലൂരിലെ നഴ്‌സിന് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭർത്താവും അമ്മയും സഹോദരനും ഉണ്ടെങ്കിലും ഇന്ന് ആരുമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ് ബാംഗ്ലൂരിലെ നഴ്‌സായ മലയാളി യുവതിയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും. മഹാമാരിയുടെ കാലത്ത് ഉറ്റവരോടൊപ്പം കഴിയാനാണ് യുവതി ബാംഗ്ലൂരു നിന്നും കേരളത്തിലെത്തിയത്. എന്നാൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞപ്പോൾ ആരോരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ അമ്മയും മക്കളും. ആശ്രയമാകേണ്ട ഭർത്താവും അമ്മയും സഹോദരനും കൈവിട്ടതോടെയാണ് യുവതി എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട് പോയത്.

ഒടുവിൽ ആരോരുമില്ലാതായതോടെ ഈ യുവതി ആശ്രയം തേടി കളക്ടറേറ്റിൽ എത്തി. കോവിഡ് ഭീതിയിൽ തന്റെ പൊന്നുമക്കളെ ചേർ്ത്ത പിടിച്ചാണ് ഈ യുവതി എത്തിയത്. ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് യുവതി മക്കളുമായി കളക്ടറേറ്റിൽ എത്തിയത്. കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനുമാണ് അഭയത്തിന് ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയത്.

കലക്ടറേറ്റിൽ എത്തിയ ആ അമ്മ എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത്. സർക്കാർ ഇടപെട്ട് താൽക്കാലിക അഭയ സ്ഥാനത്തേക്ക് മാറ്റി എങ്കിലും ഇവിടെ നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല. ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്‌സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു.

തുടർന്ന് ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. ഭർതൃവീടായ കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി. എന്നാൽ യുവതിയുടെ വീട് പൂട്ടിയ നിലയിലായിരുന്നു

അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റൈൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്.

ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ സ്ഥിതി ബോധ്യപ്പെടുത്തി. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു.

ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP