Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറ്റലിയിൽ വീരോചിത പരിവേഷം കിട്ടിയെങ്കിലും അഹന്തയ്ക്ക് വകയില്ല; ഇറ്റാലിയൻ നാവികർ പെരുമാറിയത് യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി; കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹത; നാവികർക്കെതിരായ ഇന്ത്യയുടെ നിയമനടപടിയും ശരി; നഷ്ടപരിഹാരത്തുക ഇരുരാജ്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കണം; കടൽകൊലക്കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രിബ്യൂണലിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയം

ഇറ്റലിയിൽ വീരോചിത പരിവേഷം കിട്ടിയെങ്കിലും അഹന്തയ്ക്ക് വകയില്ല; ഇറ്റാലിയൻ നാവികർ പെരുമാറിയത് യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി; കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അർഹത; നാവികർക്കെതിരായ ഇന്ത്യയുടെ നിയമനടപടിയും ശരി; നഷ്ടപരിഹാരത്തുക ഇരുരാജ്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കണം; കടൽകൊലക്കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രിബ്യൂണലിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയം. ഹേഗിലെ മധ്യസ്ഥ കോടതിയായ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനാണ് തീർപ്പ് കൽപിച്ചത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഇറ്റാലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രിബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രിബ്യൂണൽ നീരീക്ഷിച്ചു.

സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ കന്യാകുമാരി എരുമത്തുറൈ സ്വദേശി അജീഷ് പിങ്കി, കൊല്ലം മുടക്കര സ്വദേശി സലസ്റ്റിൻ എന്നിവരാണ് 2012 ഫെബ്രുവരി 15നു നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത്. എൻട്രിക്ക ലെക്‌സിയെന്ന വിവാദക്കപ്പലിൽനിന്നായിരുന്നു വെടി ഉതിർത്തത്.

കടൽ കൊള്ളക്കാരെന്ന് കരുതിയാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചതെന്നാണ് ഇറ്റലി വാദിച്ചത്. പ്രതികൾക്കാകട്ടെ ഇറ്റലിയിൽ വീരോചിത പരിവേഷമാണ് കിട്ടിയത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രിബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു.

ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രിബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രിബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രിബ്യൂണൽ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രിബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന 2 നാവികർ നടത്തിയ വെടിവയ്‌പ്പിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു. നാലുവർഷം ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്ന സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP